കുമ്പസാരിച്ചാല്‍ പോരാ?

വിശുദ്ധ ജോണ്‍ മരിയ വിയാനി പറയുന്നത് ഇപ്രകാരമാണ്: ”ചിലര്‍ ചിന്തിക്കുന്നു, ഞാന്‍ വീണ്ടും ഈ പാപം ചെയ്യാന്‍ പോവുകയാണ്. മൂന്ന് പാപങ്ങള്‍ കുമ്പസാരിക്കുന്നതിനെക്കാള്‍ വിഷമമൊന്നുമല്ല നാല് പാപങ്ങള്‍ കുമ്പസാരിക്കുന്നത്.” ഇത് ഒരു കുട്ടി തന്റെ അപ്പനോടു പറയുന്നതുപോലെയാണ്: ‘ഞാന്‍ അപ്പനു നാലടി തരാന്‍ പോവുകയാണ്. ഒന്നടിക്കുന്നതിനെക്കാള്‍ കൂടുതല്‍ ബുദ്ധിമുട്ടൊന്നും അതിനില്ല. അപ്പനോടു മാപ്പു ചോദിച്ചാല്‍ മതിയല്ലോ.’ കുമ്പസാരിച്ചാല്‍ മതിയല്ലോ എന്നു കരുതി സധൈര്യം പാപം ചെയ്യുന്നവരും ആവര്‍ത്തിക്കുന്നവരുമുണ്ട്. ഇതിനെക്കുറിച്ച് വിശുദ്ധ വിയാനി പറഞ്ഞ വാക്കുകള്‍ എത്രയോ ശ്രദ്ധേയം.
ഇങ്ങനെയാണ് ചില മനുഷ്യര്‍ നല്ലവനായ ദൈവത്തോടു പെരുമാറുന്നത്. അവര്‍ ചിന്തിക്കുന്നു: ”ഞാന്‍ ഈ വര്‍ഷം വീണ്ടും സുഖിക്കും. നൃത്തശാലകളിലും മദ്യഷാപ്പുകളിലും പോകും; എന്നിട്ട് അടുത്ത കൊല്ലം മാനസാന്തരപ്പെടും. തന്റെ പക്കലേക്കു തിരിച്ചുചെല്ലുമ്പോള്‍ നല്ല ദൈവം എന്നെ കൈക്കൊള്ളും. പുരോഹിതര്‍ പറയുന്നതുപോലെ അത്രയ്ക്കു ക്രൂരനൊന്നുമല്ല ദൈവം.”
ദൈവം ക്രൂരനല്ല എന്നത് വാസ്തവം തന്നെയാണ്. എന്നാല്‍, അവിടുന്ന് നീതിമാനാണ്. എന്നാല്‍, തിന്മ ചെയ്തതിനെക്കുറിച്ച് സങ്കടപ്പെട്ട്, മേലില്‍ ചെയ്യുകയില്ലെന്ന് പ്രതിജ്ഞയെടുത്തിട്ടാണ് കുമ്പസാരിക്കുന്നതെങ്കില്‍ നല്ല ദൈവം തീര്‍ച്ചയായും നമ്മളോട് ക്ഷമിക്കും. ജീവിതത്തിന്റെ അവസാനനിമിഷമെങ്കിലും യഥാര്‍ത്ഥ അനുതാപം പുലര്‍ത്തിയ മനുഷ്യനെ അവിടുത്തേക്ക് കൈക്കൊള്ളാന്‍ കഴിയും. എന്നാല്‍ അതിനുപോലും തയാറാകാത്ത ആത്മാവിനെ നീതിയനുസരിച്ചുതന്നെ അവിടുത്തേക്ക് വിധിക്കേണ്ടണ്ടിവരികയില്ലേ? ഇപ്രകാരം നമ്മെ ഓര്‍മ്മിപ്പിക്കുന്ന വിശുദ്ധ വിയാനി 14 മുതല്‍ 18 വരെ മണിക്കൂറുകള്‍ കുമ്പസാരക്കൂട്ടില്‍ ചെലവഴിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *