ആ വീട്ടില്‍ സഹായിയായി വന്നതാണ് വിനീതയെന്ന ഒറീസ്സക്കാരി യുവതി. ശാന്തപ്രകൃതിയായ അവള്‍ക്ക് വളരെ ക്ഷീണിച്ച രൂപം. മുമ്പ് കേരളത്തിലെ ഒരു വീട്ടില്‍ നിന്നിരുന്നതുകൊണ്ട് മലയാളം ഒരു വിധമെല്ലാം മനസിലാകും. വന്ന ദിവസം കാര്യമായൊന്നും ആരോടും സംസാരിച്ചില്ല. അടുത്ത ദിവസം രാത്രിയായപ്പോള്‍ വിനീത വീട്ടിലെ അമ്മച്ചിയോടു ചോദിച്ചു ‘ഇവിടെ പ്രാര്‍ത്ഥനയൊന്നും ഇല്ല്യേ?’
അമ്മച്ചി സങ്കടത്തോടെ പറഞ്ഞു. ”ഇവിടെ അങ്ങനെ കൃത്യമായി പ്രാര്‍ത്ഥനയൊന്നുമില്ല. എനിക്കാണെങ്കില്‍ പുസ്തകം നോക്കി പ്രാര്‍ത്ഥിക്കുവാനുള്ള കാഴ്ചയും ഇപ്പോള്‍ ഇല്ല. ഒരാളെയെങ്കിലും കിട്ടിയിരുന്നെങ്കില്‍ കുടുംബ പ്രാര്‍ത്ഥന ചൊല്ലാമായിരുന്നു. പക്ഷേ എന്തു ചെയ്യും?”
വിനീത പറഞ്ഞു: ”എന്നാല്‍ അമ്മച്ചീ നമുക്ക് പ്രാര്‍ത്ഥന തുടങ്ങി വെച്ചാലോ? ഞാന്‍ മുമ്പ് പണിക്ക് നിന്നിരുന്നത് ഒരു ക്രൈസ്തവ കുടുംബത്തിലായിരുന്നു. അവിടെനിന്ന് പ്രാര്‍ത്ഥനകളെല്ലാം ചൊല്ലാന്‍ പഠിച്ചിട്ടുണ്ട്.” അമ്മച്ചി സന്തോഷത്തോടെ പറഞ്ഞു, ”വാ മോളേ, നമുക്ക് തുടങ്ങാം.” വിനീത മുട്ടില്‍ നിന്ന് അല്പം കൊഞ്ചലുള്ള മലയാളത്തില്‍ ജപമാല ചൊല്ലാന്‍ തുടങ്ങി. ‘അളവില്ലാത്ത….’ ആ സ്വരം കേട്ട് പതുക്കെ എല്ലാവരും കൗതുകത്തോടെ ഇറങ്ങി വന്ന് ജപമാലയില്‍ കൂടി! അങ്ങനെ കുറേ നാളുകള്‍ക്ക് ശേഷം ആ വീട്ടില്‍ കുടുംബ പ്രാര്‍ത്ഥന പുനരാരംഭിച്ചു.
രസതന്ത്രത്തില്‍ പല രാസപ്രവര്‍ത്തനങ്ങളും വേഗത്തില്‍ നടക്കണമെങ്കില്‍ ഒരു ഉല്‍പ്രേരകം (catalyst) അത്യാവശ്യമാണ്. എന്നാല്‍ രാസപ്രവര്‍ത്തനത്തില്‍ ആ ഉല്‍പ്രേരകത്തിന് നേരിട്ട് പങ്കൊന്നുമില്ലതാനും. ഓരോ ഭവനത്തിലും സമൂഹത്തിലും ദൈവികപ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്ന ഉല്‍പ്രേരകങ്ങളാവാന്‍ നമുക്ക് പരിശ്രമിക്കാം.
വിൻസെന്റ് ജേക്കബ്