”ഭൂമിയില്‍ മനുഷ്യന്റെ ദുഷ്ടത വര്‍ധിച്ചിരിക്കുന്നെന്നും അവന്റെ ഹൃദയത്തിലെ ചിന്തയും ഭാവനയും എപ്പോഴും ദുഷിച്ചതു മാത്രമാണെന്നും കര്‍ത്താവ് കണ്ടു….. എന്നാല്‍ നോഹ കര്‍ത്താവിന്റെ പ്രീതിക്ക് പാത്രമായി” (ഉല്പത്തി 6:5-8). കാരണം ”നോഹ നീതിമാനായിരുന്നു. ആ തലമുറയിലെ കറയറ്റ മനുഷ്യന്‍. അവന്‍ ദൈവത്തിന്റെ മാര്‍ഗത്തില്‍ നടന്നു” (6:9).
ഇതായിരുന്നു ജലപ്രളയത്തിന്റെ മുമ്പുണ്ടായിരുന്ന നോഹ. എന്നാല്‍ പ്രളയത്തിനുശേഷം നോഹയുടെ ജീവിതത്തെക്കുറിച്ച് ബൈബിള്‍ പറയുന്നതിപ്രകാരമാണ്: ”നോഹ ഭൂമിയില്‍ കൃഷി ചെയ്യാന്‍ തുടങ്ങി. അവനൊരു മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു. വീഞ്ഞു കുടിച്ച് മത്തനായി നോഹ കൂടാരത്തില്‍ നഗ്നനായി കിടന്നു. ഹാം തന്റെ പിതാവിനെ നഗ്നനായി കാണുകയും അക്കാര്യം പുറത്തുണ്ടായിരുന്ന രണ്ടു സഹോദരന്മാരോട് പറയുകയും ചെയ്തു” (ഉല്പത്തി 9:20-22).
ലഹരിവിട്ടുണര്‍ന്ന നോഹയ്ക്ക് കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ ലജ്ജയും കോപവും ഉണ്ടായി. തന്റെ പരിഹാസ്യമായ അവസ്ഥ മറ്റുള്ളവരോട് പറഞ്ഞ് തന്നെ അപമാനിച്ച ഹാമിന്റെ മക്കള്‍ ശാപഗ്രസ്തരായിത്തീരട്ടെയെന്ന് അവന്‍ ശപിച്ചു. പ്രളയത്തിനുമുമ്പ് നോഹ മക്കളുടെ മുന്നില്‍ ആദരണീയനായിരുന്നു. അവന്‍ മക്കള്‍ക്ക് അനുഗ്രഹകാരണവും ആയി. എന്നാല്‍ പ്രളയാനന്തരം നോഹ മക്കളുടെ പരിഹാസവിഷയവും മക്കള്‍ക്കുമേല്‍ ശാപം വര്‍ഷിക്കുന്നവനുമായി മാറി. കാരണം പ്രളയത്തെ അതിജീവിച്ചതിനുശേഷം നോഹ ജാഗ്രതയില്ലാത്തവനും അലസനുമായിത്തീര്‍ന്നു. ദൈവത്തില്‍ ആനന്ദിച്ചിരുന്നവന്‍ വീഞ്ഞിന്റെ ലഹരിയില്‍ ആനന്ദിക്കുവാന്‍ തുടങ്ങി. പെട്ടകനിര്‍മ്മാണത്തിന്റെ ക്ലേശങ്ങളും പ്രളയകാല ജീവിതത്തിന്റെ അനിശ്ചിതത്വവും അതിജീവിച്ചു കഴിഞ്ഞപ്പോഴുണ്ടായ ആലസ്യം ആത്മീയതീക്ഷ്ണതയെ മന്ദീഭവിപ്പിച്ചു.
ഇതേ അനുഭവത്തിലേക്ക് നിപതിക്കുവാനുള്ള സാധ്യത എല്ലാ വിശ്വാസികളുടെ മുന്നിലും ഒളിഞ്ഞു നില്ക്കുന്നുണ്ട്. പരീക്ഷക്കാലത്ത് തീക്ഷ്ണമായി പ്രാര്‍ത്ഥിക്കുകയും ദിവ്യബലിയില്‍ പങ്കുചേരുകയും ചെയ്യുന്ന പല കുട്ടികളും പരീക്ഷ കഴിയുമ്പോള്‍ ആത്മീയമായ ആലസ്യത്തിലേക്ക് മടങ്ങും. ഇതുപോലെ വിവാഹത്തിനുവേണ്ടി ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്നവര്‍ വിവാഹം കഴിഞ്ഞാല്‍ പ്രാര്‍ത്ഥനയെ അവഗണിച്ചുപോകാം. അഡ്മിഷന്‍, ജോലി ഇവയൊക്കെ കിട്ടുന്നതിനുമുമ്പ് ദൈവത്തെ ആത്മാര്‍ത്ഥമായി അന്വേഷിക്കുകയും ലഭിച്ചു കഴിയുമ്പോള്‍ ആത്മീയ കാര്യങ്ങള്‍ക്ക് ഗൗരവം കൊടുക്കാതിരിക്കുകയും ചെയ്യുന്നവരാണ് വളരെയധികംപേരും. ദൈവത്തെ യഥാര്‍ത്ഥമായി സ്‌നേഹിക്കാത്തവരും കാര്യസാധ്യത്തിനുവേണ്ടിമാത്രം ദൈവപ്രീതിക്കായി ശ്രമിക്കുന്നവരുമായിരിക്കും ഇക്കൂട്ടര്‍.
എന്നാല്‍ ദൈവത്തെ ഗൗരവമായി എടുക്കുകയും ദൈവത്തോടൊന്നിച്ച് ജീവിക്കുവാന്‍ തീക്ഷ്ണമായി ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്കും ഇതേ അബദ്ധം പറ്റാറുണ്ട്. ചില ദൗത്യങ്ങള്‍ പൂര്‍ത്തീകരിച്ചു കഴിയുമ്പോഴുണ്ടാകുന്ന ശൂന്യതയാണ് ഇവരെ അലസരാക്കുന്നത്. ഇത്രയും കാലം എന്തെങ്കിലും ഒക്കെ ചെയ്യുവാനുണ്ടായിരുന്നു. പ്രാര്‍ത്ഥിക്കുവാന്‍ നിര്‍ബന്ധിക്കുന്ന വിഷയങ്ങളുണ്ടായിരുന്നു. അതൊക്കെ വിജയകരമായി പര്യവസാനിച്ചു. ഇനി ഒന്നും ചെയ്യാനില്ലാത്തതുപോലെ… അത് അവരെ ഉദാസീനരാക്കി മാറ്റാം. ഒരു ധ്യാനമോ കണ്‍വന്‍ഷനോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും പ്രോഗ്രാമുകളോ സംഘടിപ്പിക്കുന്നുവെന്ന് കരുതുക. അത് പൂര്‍ത്തീകരിച്ചു കഴിയുമ്പോള്‍ ഇനി ഒന്ന് വിശ്രമിക്കണം എന്ന തോന്നല്‍ ആത്മീയ ആലസ്യത്തിലേക്ക് നയിക്കാം. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ. അല്ലെങ്കില്‍ പൂര്‍ത്തീകരിക്കപ്പെട്ട ദൗത്യത്തിന്റെ വിജയലഹരി. ഇത് രണ്ടും ആത്മീയ വരള്‍ച്ചയ്ക്ക് നിദാനമാകാറുണ്ട്. ഒരുപക്ഷേ നോഹയ്ക്ക് പറ്റിയ അബദ്ധം അതായിരിക്കാം.
ഈ ഭൂമിയില്‍ ഒരു വ്യക്തിയെക്കുറിച്ചുള്ള ദൈവികപദ്ധതികള്‍ അവസാനിച്ചാല്‍ പിന്നീട് ആ വ്യക്തി ഈ ഭൂമുഖത്തുണ്ടാവുകയില്ല. അതായത് ഞാനും നിങ്ങളും ജീവിച്ചിരിക്കുന്നുണ്ട് എന്നതിനര്‍ത്ഥം നമ്മളെക്കുറിച്ച് കര്‍ത്താവിന് ഇനിയും എന്തൊക്കെയോ പദ്ധതികള്‍ അവശേഷിക്കുന്നു എന്നതാണ്. അതിനാല്‍ ഒരു നിയോഗത്തിന്റെ പൂര്‍ത്തീകരണത്തിനുശേഷമുള്ള സമയം അടുത്ത നിയോഗം ഏറ്റുവാങ്ങാനുള്ള ഒരുക്കത്തിന്റെ സമയമാണ്. കൂടുതല്‍ ഉണര്‍വും ജാഗ്രതയും വേണ്ട കാലഘട്ടം. അപ്പോള്‍ നമ്മള്‍ അലസരായാല്‍ പുതിയ നിയോഗം സ്വീകരിക്കാന്‍ കൃപയില്ലാത്തവരായിത്തീരും.
ദൈവമക്കളുടെ യഥാര്‍ത്ഥ വിശ്രമസ്ഥലം ദൈവസന്നിധിയാണ്. ഒരു ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചു കഴിയുമ്പോള്‍ ശരീരത്തിനും മനസിനും ആത്മാവിനും സ്വസ്ഥത നല്കി ബലപ്പെടുത്തുന്നത് ഉല്ലാസ പരിപാടികളോ ആഘോഷ പരിപാടികളോ അല്ല. പ്രത്യുത ദൈവസാന്നിധ്യമാണ്. സങ്കീര്‍ത്തകന്‍ പറയുന്നു: ”കിടക്കയില്‍ ഞാന്‍ അങ്ങയെ ഓര്‍ക്കുകയും രാത്രിയാമങ്ങളില്‍ അങ്ങയെക്കുറിച്ച് ധ്യാനിക്കുകയും ചെയ്യുമ്പോള്‍ ഞാന്‍ മജ്ജയും മേദസുംകൊണ്ടെന്നപോലെ സംതൃപ്തിയടയുന്നു” (സങ്കീര്‍ത്തനം 63:5-6). നഷ്ടപ്പെട്ട ഊര്‍ജവും ഉത്സാഹവും ദൈവസാന്നിധ്യാനുഭവത്തിലൂടെ വീണ്ടെടുത്തു കഴിയുമ്പോഴേ പുതിയ നിയോഗങ്ങള്‍ വെളിപ്പെട്ടു കിട്ടുകയുള്ളൂ. ഒന്നും ചെയ്യാനില്ല എന്ന് തോന്നുന്നത് ഒന്നും ചെയ്യാനില്ലാത്തതുകൊണ്ടല്ല. ചെയ്യേണ്ടതെന്താണെന്ന് തിരിച്ചറിയാന്‍ കഴിയുംവിധം ദൈവസന്നിധിയില്‍ സ്വസ്ഥത കണ്ടെത്താത്തതുകൊണ്ടാണ്.
റിട്ടയര്‍ ചെയ്തതുകൊണ്ടോ മക്കള്‍ പഠനം കഴിഞ്ഞ് ജോലിയില്‍ പ്രവേശിച്ചതുകൊണ്ടോ അല്ലെങ്കില്‍ വിവാഹിതരായതുകൊണ്ടോ ആരുടെയും ജീവിതദൗത്യം തീരുന്നില്ല. പ്രായം കൂടി, ആരോഗ്യം ക്ഷയിച്ചു… ഇതൊന്നും ദൈവനിയോഗങ്ങള്‍ അവസാനിച്ചു എന്നതിന്റെ അടയാളങ്ങളല്ല. ദൈവമക്കളുടെ റിട്ടയര്‍മെന്റ് സമയം അവരുടെ മരണസമയമാണ്. അപ്പോള്‍വരെ അവരിലൂടെ ദൈവത്തിന് പ്രവര്‍ത്തിക്കുവാന്‍ കഴിയും. നാം ദൈവാത്മാവിനോട് തുറവിയുള്ളവരായിരിക്കുക എന്നതാണ് പ്രധാനം. ഓരോ ദിവസവും നമ്മള്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കണം:
”കര്‍ത്താവേ, അങ്ങ് എന്നെ എന്തിനുവേണ്ടി സൃഷ്ടിച്ചുവോ ആ പദ്ധതിയിലേക്ക് എന്നെ അടുപ്പിക്കണമേ. അതില്‍നിന്ന് എന്നെ അകറ്റുന്ന എല്ലാ തിന്മകളെയും എന്നില്‍നിന്നും നീക്കിക്കളഞ്ഞാലും. ദൈവമേ, ഇനിയും അവശേഷിച്ചിരിക്കുന്ന എന്റെ ആയുസ് നിന്റെ തിരുഹിതം നിറവേറ്റാനായി ഞാന്‍ സമര്‍പ്പിക്കുന്നു. എന്റെ ഓരോ ദിവസവും ഫലപ്രദമായി ഉപയോഗിക്കുവാന്‍ എന്നെ പഠിപ്പിച്ചാലും” ആമ്മേന്‍.
ഷെവലിയര്‍ ബെന്നി പുന്നത്തറ