ദിവ്യബലിയില്‍ പങ്കെടുക്കേണ്ടത് ഏതു മനോഭാവത്തോടെയായിരിക്കണം എന്ന് വ്യക്തമാക്കാന്‍ അധ്യാപകന്‍ വേദപാഠക്ലാസില്‍ ഒരു കഥ പറഞ്ഞു.
അനന്തപുരി രാജ്യത്തെ രാജാവായിരുന്നു സുശീലന്‍. അദ്ദേഹം തന്റെ രാജ്യത്തെ എല്ലാ ജനങ്ങളെയും വിളിച്ചുകൂട്ടി വിരുന്ന് നടത്തുക പതിവായിരുന്നു. ജനങ്ങളുടെ പരാതികള്‍ കേള്‍ക്കുകയും അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ആ വിരുന്നില്‍വച്ച് രാജാവ് വിതരണം ചെയ്യുകയും ചെയ്തിരുന്നു.
ഒരു ദിവസം നടത്തിയ വിരുന്നില്‍ രാജാവ് പാവപ്പെട്ടവര്‍ക്ക് സ്വര്‍ണനാണയങ്ങള്‍ വിതരണം ചെയ്യുമ്പോള്‍ ഒരു വൃദ്ധന്‍ രാജാവിന്റെ അടുത്തേക്ക് വന്നു. രാജാവ് വൃദ്ധന്റെ ശാരീരിക അവശതകള്‍ കണ്ട് ഒരു കൈക്കുമ്പിള്‍ നിറയെ സ്വര്‍ണനാണയങ്ങള്‍ എടുത്തുകൊണ്ട് വൃദ്ധന് നേരെ നീട്ടി. വൃദ്ധന്‍ പറഞ്ഞു: ”പ്രഭോ, ഞാന്‍ സഹായം ചോദിക്കാന്‍ വന്നതല്ല. അങ്ങേക്ക് ഒരു സമ്മാനം നല്കാനാണ് വന്നത്.” വൃദ്ധന്‍ തുടര്‍ന്നു: ”പ്രഭോ, കുറച്ചുനാളുകള്‍ക്കുമുമ്പ് എന്റെ കൃഷിക്കാവശ്യമായ സാമ്പത്തികസഹായം അങ്ങ് നല്കിയിരുന്നു. ഇപ്പോള്‍ കൃഷിയെല്ലാം ഭംഗിയായി പോകുന്നു. അതിന് നന്ദി പറയാനാണ് ഞാന്‍ വന്നത്.” ഇതു പറഞ്ഞുകൊണ്ട് വൃദ്ധന്‍ തന്റെ കൃഷിയിടത്തില്‍നിന്ന് കൊണ്ടുവന്ന കായ്കനികള്‍ രാജാവിന് സമ്മാനിച്ചു.
വൃദ്ധന്റെ സമ്മാനം നെഞ്ചോട് ചേര്‍ത്തുപിടിച്ച രാജാവിന്റെ കണ്ണുകളില്‍ ആനന്ദക്കണ്ണീര്‍ നിറഞ്ഞു. രാജാവ് അവിടെ കൂടിയിരിക്കുന്നവരോട് പറഞ്ഞു: ”എനിക്ക് ഒരു പ്രജയില്‍നിന്നും സമ്മാനം ലഭിക്കുന്നത് ആദ്യമായിട്ടാണ്. അതും അദ്ദേഹത്തിന്റെ കഷ്ടപ്പാടുകളില്‍നിന്നും അധ്വാനത്തില്‍നിന്നും ലഭിച്ചതിന്റെ പങ്ക് നന്ദിയായി തന്നിരിക്കുന്നു.”
രാജാവ് തുടര്‍ന്ന് പറഞ്ഞു: ”ഇന്ന് വിതരണം ചെയ്യാനിരിക്കുന്ന ഈ ചാക്കുനിറയെയുള്ള സ്വര്‍ണനാണയങ്ങള്‍ നിനക്കുള്ളതാണ്.” വൃദ്ധന്‍ പറഞ്ഞു: ”പ്രഭോ, ഞാന്‍ അങ്ങേക്ക് നന്ദി പറയാന്‍ മാത്രമാണ് വന്നത്. ഈ സ്വര്‍ണനാണയം എന്നെക്കാള്‍ സഹായം അര്‍ഹിക്കുന്നവര്‍ക്ക് കൊടുത്താലും.” ഇത്രയും പറഞ്ഞ് രാജാവിനെ വണങ്ങി വൃദ്ധന്‍ രാജസന്നിധിയില്‍നിന്നും തിരിച്ചുപോയി.
രാജാവ് മന്ത്രിയോട് പറഞ്ഞു: ”ഇന്നുമുതല്‍ ഈ വൃദ്ധന്റെയും കുടുംബത്തിന്റെയും സംരക്ഷണം രാജകൊട്ടാരം ഏറ്റെടുത്തിരിക്കുന്നു. അദ്ദേഹം ഇന്നുമുതല്‍ രാജകൊട്ടാരത്തിലെ ഒരംഗംപോലെയായിരിക്കും.”
കഥ പറഞ്ഞു നിര്‍ത്തിക്കൊണ്ട് അധ്യാപകന്‍ പറഞ്ഞു: ”നമ്മള്‍ ദിവ്യബലിയില്‍ പങ്കെടുക്കേണ്ടത് നമ്മെ അനുഗ്രഹിക്കാനായി ദിവ്യബലിയില്‍ സന്നിഹിതനായിരിക്കുന്ന ഈശോയെ നേരില്‍ കണ്ട് സംസാരിക്കുന്നതിനും ദൈവം നല്കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുന്നതിനുമായിരിക്കണം. അങ്ങനെ നാം സ്വര്‍ഗരാജ്യത്തിലെ അംഗങ്ങളും ദൈവത്തിന്റെ സ്വന്തം മക്കളുമായിത്തീരുന്നു.
ടാനി പാറേക്കാട്ട്