ചങ്ങാത്തങ്ങളില്‍ പരിക്ക് പറ്റാതെ…

എല്ലാവരെയും രസിപ്പിക്കാന്‍ മിടുക്കിയായ ഒരു കൂട്ടുകാരിയുണ്ടായിരുന്നു ഞങ്ങള്‍ക്ക്. എല്ലാവരെയുംപോലെ സങ്കടങ്ങള്‍ അവള്‍ക്കുമുണ്ടെങ്കിലും ആ പെരുമാറ്റം കണ്ടാല്‍ അവള്‍ക്ക് ഒരു പ്രശ്‌നവുമില്ലെന്ന് തോന്നും. അതിനാല്‍ അവളുടെകൂടെ സമയം ചെലവഴിക്കാന്‍ പൊതുവേ എല്ലാവരും ഇഷ്ടപ്പെട്ടു.
നാളുകള്‍ ചിലത് കഴിഞ്ഞപ്പോള്‍ അവളുടെ മറ്റൊരു സ്വഭാവപ്രത്യേകതകൂടി ശ്രദ്ധയില്‍പ്പെട്ടു. ഒരു ദിവസം ഞങ്ങള്‍ കുറച്ചുപേര്‍ ഒരു യാത്രയ്ക്ക് ഒരുങ്ങി നില്ക്കുമ്പോഴാണ് അതുണ്ടായത്. ആ സമയത്ത്, അടുത്ത ദിവസങ്ങളില്‍ ഞങ്ങള്‍ പരിചയപ്പെട്ട ഒരു യുവാവ് ബൈക്കില്‍ പോകുന്നു. അവന്‍ കൈവീശി കാണിച്ചുകൊണ്ട് എന്തോ പറഞ്ഞു, ഞങ്ങള്‍ക്കൊന്നും മനസിലായില്ല. ഉടനെ ഞങ്ങളുടെ രസികത്തി കൂട്ടുകാരി ‘ഫോണില്‍ വിളിക്കാം’ എന്ന് അവനോട് ആംഗ്യം കാണിച്ചു. ഞങ്ങളൊന്നു ഞെട്ടി. പരിചയപ്പെട്ട ഉടനെ അവന്റെ ഫോണ്‍ നമ്പര്‍ വാങ്ങിയോ എന്നതായിരുന്നു ഞങ്ങളുടെ ആശ്ചര്യത്തിനു കാരണം. ‘ഓ, ഇതൊന്നും അത്ര വലിയ കാര്യമല്ല’ എന്ന മട്ടില്‍ അവള്‍ അതത്ര ഗൗനിച്ചില്ല.
പിന്നെയാണ് അക്കാര്യം കൂടുതല്‍ മനസിലായത്, അവള്‍ക്ക് പൊതുവേ ആണ്‍കുട്ടികളുമായി ചങ്ങാത്തം കൂടുതലാണ്. പലരുമായും ഫോണില്‍ ഏറെ നേരം സംസാരിക്കും. മോശമായ സംസാരമൊന്നുമല്ല; ന്യൂ ജെന്‍ ഭാഷയില്‍ പറഞ്ഞാല്‍ വെറും ‘സൊള്ളല്‍.’ ഇങ്ങനെയുള്ള ഒരു രീതിയായിരുന്നതുകൊണ്ട് അവള്‍ പല ‘ലവ് അഫയറു’കളിലും ചെന്നു പെട്ടു. ചിലതില്‍നിന്നെല്ലാം അപകടം കൂടാതെ രക്ഷപ്പെടുകയും ചെയ്തു. ഇവളെ സംബന്ധിച്ച് പ്രത്യേക അടുപ്പമൊന്നുമില്ലെങ്കിലും ചിലരാകട്ടെ കല്യാണം ആലോചിച്ചു ചെന്നു. തന്റെ കുടുംബസാഹചര്യത്തിന് ചേരാത്ത ബന്ധമാണെന്നു പറഞ്ഞ് അവള്‍തന്നെ മിക്കവാറും എല്ലാംതന്നെ ഗുരുതരമാവാതെ ഒഴിവാക്കി. എന്നിട്ടും ഒരു പ്രേമബന്ധം അവള്‍ക്ക് ചീത്തപ്പേരുണ്ടാക്കിയാണ് അവസാനിച്ചത്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായെങ്കിലും ദൈവാശ്രയവും തെറ്റ് തിരുത്തുന്ന മനോഭാവവും ഉണ്ടായിരുന്നതുകൊണ്ട് അവളുടെ ജീവിതം വീണ്ടും തളിര്‍ക്കുന്നത് ഞാന്‍ കണ്ടു. പിന്നീട് അവള്‍ വിവാഹിതയായി. നല്ല കുടുംബജീവിതം നയിക്കാനും അവള്‍ക്ക് സാധിച്ചു. വീണ്ടും കണ്ടുമുട്ടിയപ്പോഴെല്ലാം മറ്റൊന്നുകൂടി എന്റെ ശ്രദ്ധയാകര്‍ഷിച്ചു, ചുറ്റുപാടുകളെ സജീവമാക്കുന്ന അതേ മിടുക്കിതന്നെയാണ് അവളിപ്പോഴും. ദൈവത്തില്‍ ആശ്രയിക്കുന്നവരുടെ കരുത്തിനെക്കുറിച്ച് അതെന്നെ ഓര്‍മ്മിപ്പിക്കുന്നു. പലപ്പോഴും അവള്‍ കൈകളില്‍ ജപമാലയേന്തി പ്രാര്‍ത്ഥിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. ഉണങ്ങാന്‍ തുടങ്ങിയിടത്തുനിന്ന് ആ ജീവിതം വീണ്ടും തളിര്‍ത്തതിന്റെ രഹസ്യം തേടി മറ്റെങ്ങും പോകേണ്ടതില്ലായിരുന്നു.
പക്ഷേ, ആ ജീവിതം അടുത്തുനിന്ന് വീക്ഷിച്ചതില്‍നിന്ന് പഠിച്ച പാഠം ഒരിക്കലും എനിക്ക് മറക്കാനാവില്ല. അനാവശ്യമായ ആണ്‍, പെണ്‍ ചങ്ങാത്തങ്ങളും നിരുപദ്രവകരമെന്നു തോന്നിയാലും ദീര്‍ഘമായ മൊബൈല്‍ഫോണ്‍സംഭാഷണങ്ങളും പെണ്‍കുട്ടിയുടെയായാലും ആണ്‍കുട്ടിയുടെയായാലും ജീവിതത്തിന് ഗുരുതരമായ പരിക്കുകളുണ്ടാക്കും. പെണ്‍കുട്ടികളെ അത് വളരെ പ്രകടമായി ബാധിക്കും, ആണ്‍കുട്ടികളെ അത്ര പ്രകടമല്ലാതെയും. അതിനാല്‍ ഇത്തരം ബന്ധങ്ങളില്‍ ആരോഗ്യകരമായ അകലം പാലിക്കുന്നതുതന്നെയാണ് നല്ലത്. അതിനെക്കാളുപരി ഇത്തരം സുഹൃത്തുക്കളുമായുള്ള ഫോണ്‍സംഭാഷണങ്ങള്‍ അധികം നീണ്ടുപോകാതെ നിയന്ത്രിക്കാന്‍ സാധിക്കണം. അതിന് കഴിയുന്നില്ലെങ്കില്‍ ഫോണ്‍വിളികള്‍തന്നെ ഒഴിവാക്കുകയാവും ഉചിതം.
ഇനി ഇത്തരത്തിലുള്ള ബന്ധങ്ങള്‍നിമിത്തം പരിക്കേറ്റവരാണ് നിങ്ങളെങ്കില്‍ ഇത് എതിര്‍ലിംഗത്തില്‍പ്പെട്ട സുഹൃത്തുക്കളെ ആരോഗ്യകരമായ അകലത്തില്‍ നിര്‍ത്തിയും ദീര്‍ഘമായ ഫോണ്‍സംഭാഷണങ്ങള്‍ ഉപേക്ഷിച്ചും ജീവിതം വീണ്ടും ക്രമീകരിക്കാനുള്ള ക്ഷണമായി കാണുക. സംഭവിച്ച പരിക്കുകള്‍ സൗഖ്യപ്പെടുത്താന്‍ ദൈവാശ്രയമെന്ന മരുന്നിന് കഴിയും. ഏശയ്യാ 59:1-ലൂടെ കര്‍ത്താവ് നമ്മോട് പറയുന്ന വാക്കുകള്‍ പ്രത്യാശ പകരുന്നവയാണ്- ”രക്ഷിക്കാന്‍ കഴിയാത്ത വിധം കര്‍ത്താവിന്റെ കരം കുറുകിപ്പോയിട്ടില്ല. കേള്‍ക്കാനാവാത്തവിധം അവിടുത്തെ കാതുകള്‍ക്ക് മാന്ദ്യം സംഭവിച്ചിട്ടില്ല.”


ദിയ കരുണ്‍

Leave a Reply

Your email address will not be published. Required fields are marked *