മക്കളെക്കുറിച്ചുള്ള ആധി

 

എന്റെ മകന്‍ അന്യസംസഥാനത്ത്  പഠനത്തിനായി പോയിരിക്കുന്നു. വീട്ടില്‍നിന്ന് മാറിനില്‍ക്കുമ്പോള്‍  അവന്‍ വഴിതെറ്റിപ്പോകുമോ എന്നോര്‍ത്ത് എനിക്ക് പലപ്പോഴും ആധിയാണ്. ഈ ആധിയില്‍നിന്ന് മോചനം നേടാനും അവന്‍ വഴിതെറ്റിപ്പോകാതിരിക്കാനും എനിക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയും?

ലീന ടോമി, പാലക്കാട്‌

ഉന്നത വിദ്യാഭ്യാസം നേടിയ, ജോലി ചെയ്യുന്ന ഒരു അമ്മ അടുത്ത കാലത്ത് പറഞ്ഞ ഒരു കാര്യം പെട്ടെന്ന് ഓര്‍മ വരികയാണ്: മക്കള്‍ ഉള്ളത് സന്തോഷമുള്ള കാര്യമാണ്. പക്ഷേ എല്ലാക്കാലത്തും അവര്‍ ഉല്‍ക്കണ്ഠയ്ക്കും കാരണമാണ്. മക്കള്‍ ഓരോ പ്രായത്തിലൂടെയും കടന്നുപോകുമ്പോള്‍ വിവിധ കാരണങ്ങളാല്‍ മാതാപിതാക്കള്‍ക്ക്, പ്രത്യേകിച്ച് അമ്മയ്ക്ക്, ആകുലതകള്‍ ഉണ്ടാകുന്നു.
ആദ്യം അമ്മയുടെ ആകുലത കുറയ്ക്കാന്‍ സഹായിക്കുന്ന കാര്യങ്ങള്‍ പറയാം. നമ്മള്‍ വിചാരിച്ചുകൂട്ടുന്ന എല്ലാ പ്രശ്‌നങ്ങളും നമുക്ക് സംഭവിക്കുന്നില്ല എന്നതാണ് ഒന്നാമത്തെ കാര്യം. രണ്ടാമത്തേത്, ആ മകന്‍ വഴിതെറ്റി പോകാതിരിക്കുവാന്‍ മാതാപിതാക്കള്‍ക്ക് പലതും ചെയ്യാന്‍ കഴിയും. അതില്‍ ഏറ്റവും പ്രധാനം ഈ മകനുവേണ്ടി ദിവസവും തീക്ഷ്ണതയോടെ പ്രാര്‍ത്ഥിക്കുകയും സ്വയം വിശുദ്ധിയില്‍ ജീവിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുക എന്നതാണ്. കര്‍ത്താവിന്റെ സംരക്ഷണവും പരിശുദ്ധാത്മാവിന്റെ വഴിനടത്തലും മാതാവിന്റെയും വിശുദ്ധരുടെയും പ്രാര്‍ത്ഥനയും കാവല്‍മാലാഖയുടെ കാവലും ആ മകനോടുകൂടി ഉണ്ടായിരിക്കുവാന്‍വേണ്ടി മകനെ സമര്‍പ്പിച്ച് ദിവസവും നന്നായി പ്രാര്‍ത്ഥിക്കുക. ഈ പ്രാര്‍ത്ഥന ആ മകന് വലിയൊരു സംരക്ഷണവലയം ഒരുക്കും.
അടുത്തതായി, ആ മകനുമായി എല്ലാ ദിവസവുംതന്നെ അല്‍പനേരമെങ്കിലും സംസാരിക്കുക. എപ്പോഴും ഉപദേശം പറയണമെന്നല്ല. അവനെ കേള്‍ക്കുക. അവനോടുള്ള സ്‌നേഹം പ്രകടിപ്പിക്കുക. സാധിക്കുമെങ്കില്‍ ഫോണില്‍ക്കൂടി രണ്ടറ്റത്തും ഇരുന്ന് ഒരു ചെറിയ പ്രാര്‍ത്ഥന ചൊല്ലുക. ഒരു സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥനയോ ഒരു നന്മനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥനയോ ചൊല്ലിയാലും മതി. ഈ പ്രാര്‍ത്ഥനയില്‍ ആ മകന്‍ പങ്കെടുക്കുവാന്‍ താല്‍പര്യം കാണിക്കുകയും പ്രാര്‍ത്ഥനയില്‍ തീക്ഷ്ണത ഉള്ളതായി തോന്നുകയും ചെയ്താല്‍ അത് നമുക്കൊരു ഉറപ്പാണ്. ദൈവത്തോട് അടുത്ത് ജീവിക്കുവാന്‍ മകനെ പ്രചോദിപ്പിക്കുക. ദിവസവും ജപമാല ചൊല്ലുക, അല്‍പനേരം ബൈബിള്‍ വായിക്കുക, സാധിക്കുന്നിടത്തോളം ദിവ്യബലിയില്‍ പങ്കെടുക്കുക, കുമ്പസാരിക്കുക തുടങ്ങിയ ആത്മീയ കൃത്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കില്‍ അതും ഒരു ഉറപ്പാണ്. അതിന് പ്രോത്സാഹനം നല്‍കുക.
നന്നായി പഠിക്കുന്നവരും ദൈവഭക്തിയില്‍ ജീവിക്കുന്നവരുമായ വിദ്യാര്‍ത്ഥികളെ കൂട്ടുകാരായി സ്വീകരിക്കുവാനും അല്ലാത്തവരില്‍നിന്ന് കുറച്ച് അകലം പാലിച്ച് ജീവിക്കുവാനും പ്രചോദിപ്പിക്കുക എന്നതാണ് മറ്റൊരു കാര്യം. അതുവഴി വഴിതെറ്റിപ്പോകാനുള്ള സാധ്യതകള്‍ കുറയ്ക്കാം.
മാതാപിതാക്കള്‍ ഇടയ്ക്ക് കോളജിലും ഹോസ്റ്റലിലും ചെന്ന് വിവരങ്ങള്‍ അന്വേഷിക്കുക എന്നതും വളരെ ഗുണം ചെയ്യും. നിരവധി വര്‍ഷങ്ങള്‍ ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളുടെ വാര്‍ഡന്‍ജോലി നോക്കിയിട്ടുള്ള ആളാണ് ഞാന്‍. നിരവധി വര്‍ഷങ്ങള്‍ ഒരു കോളജില്‍ പഠിപ്പിച്ചിട്ടുമുണ്ട്. ഈ അനുഭവങ്ങളുടെ വെളിച്ചത്തില്‍ പറയട്ടെ, മാതാപിതാക്കള്‍ക്ക് ആരംഭതീക്ഷ്ണതയേ ഉള്ളൂ. എന്തെല്ലാം കാര്യങ്ങള്‍ അവര്‍ക്ക് പറഞ്ഞുകൊടുത്താലും എന്തെല്ലാം വാഗ്ദാനങ്ങള്‍ അവര്‍ തന്നാലും അധികംപേരും അതൊന്നും ഓര്‍ക്കാറുമില്ല; പ്രാവര്‍ത്തികമാക്കാറുമില്ല. കോളജില്‍ പോയി പഠിപ്പിക്കുന്ന അധ്യാപകര്‍, പ്രിന്‍സിപ്പല്‍, വാര്‍ഡന്‍ എന്നിങ്ങനെയുള്ളവരുമായി സംസാരിക്കുന്നത് വളരെ ഗുണം ചെയ്യും.
മാതാപിതാക്കള്‍ ചെല്ലുന്നതിനെ മിക്ക മക്കളും സ്വാഗതം ചെയ്യാറില്ല. അവരെ ചെക്ക് ചെയ്യാന്‍ ചെല്ലുന്നു എന്ന ഒരു പ്രതീതി ഉണ്ടാക്കാതെ, അവരുടെ ക്ഷേമം അന്വേഷിക്കാന്‍ ചെല്ലുന്നു എന്ന ധാരണ ഉണ്ടാക്കിയാല്‍ മതി. പരീക്ഷയ്ക്ക് മക്കള്‍ക്ക് കിട്ടുന്ന മാര്‍ക്ക് പരിശോധിക്കണം എന്നതും പ്രധാനമാണ്. നല്ല മാര്‍ക്ക് ഉണ്ടെങ്കില്‍ പ്രോത്സാഹിപ്പിക്കണം. മാര്‍ക്ക് കുറവാണെങ്കില്‍ ബന്ധപ്പെട്ട എല്ലാവരോടും കാരണങ്ങള്‍ അന്വേഷിക്കണം. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഇതാണ്: മാസത്തില്‍ ഒന്നെങ്കിലും വീട്ടില്‍ വരാന്‍ മക്കളെ നിര്‍ബന്ധിക്കുക. അധികംപേര്‍ക്കും അങ്ങനെ വീട്ടില്‍ എത്താവുന്നതേ ഉള്ളൂ. വീട്ടില്‍ വരാന്‍ ഉത്സാഹം ഉണ്ടെങ്കില്‍ നല്ല ലക്ഷണമാണ്. വീട്ടില്‍ വരുമ്പോള്‍ അവരുടെ ആത്മീയജീവിതം, സ്വഭാവം എന്നിവയൊക്കെ മനസിലാക്കാനും പറ്റും.
ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യുകയാണെങ്കില്‍ മക്കള്‍ വഴിതെറ്റിപ്പോകാനുള്ള സാധ്യതകള്‍ ഗണ്യമായി കുറയും. എങ്കിലും തെറ്റിപ്പോകുന്നവര്‍ ഉണ്ടാകാം. അതിനാല്‍ മക്കള്‍കൂടി നല്ല മനസ് കാണിക്കണം; സഹകരിക്കണം. നമുക്ക് അതിനുള്ള സാഹചര്യങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. നമുക്ക് സാധിക്കാത്തത് ദൈവത്തിന് സാധിക്കും. അതുകൊണ്ടാണ് ഏറ്റവും ആദ്യം വേണ്ടത് പ്രാര്‍ത്ഥനയാണ് എന്ന് പറഞ്ഞത്. എല്ലാ മാതാപിതാക്കളെയും മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ, പരിശുദ്ധാത്മാവ് നയിക്കട്ടെ.


ഫാ. ജോസഫ് വയലില്‍ സി.എം.ഐ.

Leave a Reply

Your email address will not be published. Required fields are marked *