പോള്‍ കണ്ട പ്രസന്നതയുടെ കാരണം

നിഷ്‌കപടനായ പോള്‍ എന്ന സന്യാസി (Paul the simple) വിശുദ്ധ ജീവിതം നയിച്ചിരുന്ന ഒരാളായിരുന്നു. അന്യരുടെ ഹൃദയഗതങ്ങള്‍ ഗ്രഹിക്കാനുള്ള വരം അദ്ദേഹത്തിന് ലഭിച്ചിരുന്നു. സഹസന്യാസിമാര്‍ പരിശുദ്ധ കുര്‍ബാനയ്ക്ക് വരുമ്പോള്‍ പോള്‍ വാതില്‍ക്കല്‍ നില്‍ക്കും. ഏതെങ്കിലും സന്യാസിയുടെ ഉള്ളില്‍ പാപം ഉണ്ടെങ്കില്‍ അത് ഹൃദയം കൊണ്ടറിഞ്ഞ് ആ സഹോദരനെ സ്വകാര്യമായി വിളിച്ച് അനുതപിക്കാന്‍ പ്രേരിപ്പിക്കാന്‍ വേണ്ടിയായിരുന്നു അത്. ഒരിക്കല്‍ അദ്ദേഹം ഇപ്രകാരം ദൈവാലയവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ ഒരു വ്യക്തി കുര്‍ബാനയ്ക്കായി വരുന്നതുകണ്ടു. അയാളുടെ രൂപഭാവങ്ങള്‍ ഇരുണ്ടതായി കാണപ്പെട്ടു. ഇരുവശങ്ങളിലും നിന്നിരുന്ന ഓരോ പിശാചുക്കള്‍ അയാളെ കെട്ടിയിട്ടിരുന്ന ചങ്ങലകള്‍കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും അയാളെ വലിച്ചിരുന്നു. കുറച്ചു ദൂരെയായി അയാളുടെ കാവല്‍മാലാഖ ദുഃഖിതനായി അയാളെ അനുഗമിക്കുന്നതും പോള്‍ കണ്ടു.
ഈ നിര്‍ഭാഗ്യപാപിയുടെ ദയനീയാവസ്ഥ കണ്ട പോള്‍ നെഞ്ചത്തടിച്ച് കരയാന്‍ തുടങ്ങി. സഹസന്യാസിമാര്‍ അദ്ദേഹത്തോട് പള്ളിയില്‍ വന്ന് പരിശുദ്ധകുര്‍ബാനയില്‍ പങ്കെടുക്കാന്‍ അപേക്ഷിച്ചെങ്കിലും അദ്ദേഹം കരച്ചിലും വിലാപവുമായി വാതില്‍ക്കല്‍ തന്നെ നിലയുറപ്പിച്ചു. കുര്‍ബാനയ്ക്ക് ശേഷം സന്യാസിമാര്‍ പുറത്തേക്ക് വന്നപ്പോള്‍ പോള്‍ താന്‍ നേരത്തേ കണ്ട വ്യക്തിയെ ഉദ്വേഗത്തോടെ നിരീക്ഷിച്ചുകൊണ്ടിരുന്നു. ഇതാ, അയാള്‍ പ്രസന്നമായ മുഖഭാവത്തോടെ സന്തുഷ്ടനായി തിരിച്ചുവരുന്നു. അയാളുടെ കാവല്‍മാലാഖ കൂടെത്തന്നെയുണ്ട്. പിശാചുക്കള്‍ പേടിച്ച് ഓടിപ്പോകുകയും ചെയ്തിരുന്നു.
അപ്പോള്‍ അനുഗൃഹീതനായ പോള്‍ ചാടിയെഴുന്നേറ്റ് ഉറക്കെ പറഞ്ഞു. ”ദൈവത്തിന്റെ നന്മ എത്ര അവര്‍ണ്ണനീയം. അവിടുത്തെ ദൈവിക കരുണ എത്ര അമേയം!” ദൈവാലയനടയില്‍ നിന്നുകൊണ്ട് അദ്ദേഹം എല്ലാവരോടും താന്‍ കണ്ട കാഴ്ചയും ഇപ്പോഴത്തെ അവസ്ഥയും വിളിച്ചു പറഞ്ഞു. ഇതിനുശേഷം പോള്‍ ആ മനുഷ്യന്റെ നേരെ തിരിഞ്ഞ് പറഞ്ഞു. ”ദൈവത്തെ മഹത്വപ്പെടുത്തുക. നിന്റെ ആത്മാവിന്റെ സ്ഥിതി ഞങ്ങളോട് പറയുകയും ചെയ്യുക.”
ആ മനുഷ്യന്‍ എല്ലാവരും കേള്‍ക്കെ പറഞ്ഞുതുടങ്ങി. ”ഞാന്‍ ഒരു കൊടുംപാപിയാണ്. എന്നാല്‍ ഇപ്പോള്‍ ദൈവാലയത്തില്‍ വച്ച് ഞാന്‍ ഏശയ്യാപ്രവാചകന്റെ ഗ്രന്ഥത്തില്‍ നിന്നുള്ള വായന കേട്ടു. ‘നിങ്ങളെത്തന്നെ കഴുകി വൃത്തിയാക്കുവിന്‍. നിങ്ങളുടെ ദുഷ്‌കര്‍മ്മങ്ങള്‍ എന്റെ സന്നിധിയില്‍ നിന്ന് നീക്കിക്കളയുവിന്‍…. നിങ്ങളുടെ പാപങ്ങള്‍ കടുംചുവപ്പാണെങ്കിലും അത് മഞ്ഞുപോലെ വെണ്‍മയുള്ളതായിത്തീരും’ (ഏശയ്യാ 1:16-18).
ഞാന്‍ ദീര്‍ഘനിശ്വാസത്തോടെ ഒരു പ്രാര്‍ത്ഥന ചൊല്ലിതുടങ്ങി. ”പാപികളെ രക്ഷിക്കാനായി ഭൂമിയിലേക്ക് വന്നവനേ, ദയനീയപാപിയായ എന്നില്‍ നിന്റെ വാഗ്ദാനം നിറവേറ്റപ്പെടട്ടെ. കുര്‍ബാനയിലുടനീളം ഞാന്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഓ ദൈവമേ, ഇനിയൊരിക്കലും ഞാന്‍ ഇത്തരം മാരകപാപങ്ങള്‍ ചെയ്യുകയില്ല എന്ന് പ്രതിജ്ഞ ചെയ്യുന്നു. ഹീനപാപിയായ എന്നെ, കര്‍ത്താവേ, അങ്ങ് സ്വീകരിക്കണമേ. തീര്‍ത്തും പുതിയ ഒരു ജീവിതം ആരംഭിക്കാനുള്ള ഉറച്ച തീരുമാനത്തോടെ ഞാന്‍ ദൈവാലയം വിട്ട് പുറത്തേക്ക് വന്നിരിക്കുകയാണ്”.
പരിശുദ്ധ കുര്‍ബാന അനുഭവമാക്കാം എന്ന പുസ്തകത്തില്‍ വിവരിച്ചിരിക്കുന്ന സംഭവമാണ് മേലുദ്ധരിച്ചത്. പരിശുദ്ധ കുര്‍ബാനയില്‍ ബലിയര്‍പ്പകനും ബലിവസ്തുവും യേശുതന്നെയാണ് എന്ന സത്യം ഈ ഗ്രന്ഥവായനയിലൂടെ നമ്മുടെ ഹൃദയത്തില്‍ പതിയും. മറ്റൊന്ന് പരിശുദ്ധ കുര്‍ബാനയിലൂടെ യേശുവിന്റെ എല്ലാ യോഗ്യതകളും നമുക്ക് സ്വന്തമാക്കി പിതാവിന് സമര്‍പ്പിക്കാന്‍ കഴിയുന്നു എന്നതിനെപ്പറ്റിയുള്ള വിവരണമാണ്. ദിവ്യബലിയുടെ ആരംഭത്തില്‍ അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം എന്ന് പാടുന്നത് എന്തുകൊണ്ട്, പാപഭാരം ഏറെയുണ്ടായിട്ടും ഈ ഭൂമി നശിക്കാതെ നില്ക്കുന്നതിന്റെ കാരണം തുടങ്ങി നമ്മുടെ ആത്മീയജീവിതത്തിന് പുതിയ ഊര്‍ജ്ജം പകരുന്ന അനേകം വിവരങ്ങള്‍ നമുക്ക് ഈ പുസ്തകത്തില്‍ വായിക്കാം.
ഫാ. മാര്‍ട്ടിന്‍ വോണ്‍ കോഹെം എന്ന ജര്‍മ്മന്‍ വൈദികന്‍ മുന്നൂറോളം വര്‍ഷങ്ങള്‍ക്ക് മുമ്പ് രചിച്ച ഈ പുസ്തകത്തിന് നിരവധി ഭാഷകളിലായി 400-ലധികം പതിപ്പുകള്‍ പുറത്തിറങ്ങിയിട്ടുണ്ട് എന്നത് ഈ രചന എത്ര അമൂല്യമാണ് എന്നതിന്റെ തെളിവാണ്. കെ.എം. ജോര്‍ജ്, ആശാ വിന്‍സണ്‍ എന്നിവര്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *