അഭിഷേകത്തിന്റെ ആഴം എങ്ങനെ അറിയാം?

അയര്‍ലണ്ടിലെ മേയോയില്‍ 2507 അടി മുകളില്‍ സ്ഥിതിചെയ്യുന്ന പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമാണ് ക്രോഗ് പാട്രിക്. വടികുത്തിയും ഇഴഞ്ഞുനീങ്ങിയുമൊക്കെ ഏറെ ക്ലേശിച്ചാണ് മഞ്ഞുറഞ്ഞ ആ മലമുകളില്‍ തീര്‍ത്ഥാടകര്‍ എത്തിപ്പെടുക. എങ്കിലും എല്ലാ വര്‍ഷവും പതിനായിരക്കണക്കിന് തീര്‍ത്ഥാടകരാണ് പ്രാര്‍ത്ഥനാപൂര്‍വം, ചിലരെങ്കിലും പരിഹാരമായി നഗ്നപാദരായും മലകയറുന്നത്. കുന്നിന്‍മുകളിലെ ചെറിയ ചാപ്പലില്‍ പല നിയോഗങ്ങള്‍ക്കായി ദിവസങ്ങളോളം ഉപവാസപ്രാര്‍ത്ഥന നടത്തുന്നവരുമുണ്ട്.
ഇത്ര കഠിനവും ക്ലേശപൂര്‍ണവുമായ തീര്‍ത്ഥാടനത്തിന് ജനങ്ങളെ പ്രേരിപ്പിക്കുന്നതെന്തെന്നു ചോദിച്ചാല്‍, പൈശാചികശക്തികള്‍ ഭീകരതാണ്ഡവമാടിയിരുന്ന അയര്‍ലണ്ടില്‍ ദൈവത്തിന്റെ സാന്നിധ്യവും ശക്തിയും മഹത്വവും ആദ്യം ഇറങ്ങിയത് ആ കുന്നിന്‍മുകളിലാണ് എന്നതാണ്.
മിഷന്‍പ്രവര്‍ത്തനങ്ങള്‍ക്കായി വിശുദ്ധ പാട്രിക് അയര്‍ലണ്ടിലെത്തുമ്പോള്‍ ആ രാജ്യം വിഗ്രഹപൂജകളുടെയും പൈശാചിക ആരാധനകളുടെയും അന്ധവിശ്വാസങ്ങളുടെയും കേന്ദ്രമായിരുന്നു. മനുഷ്യരെപ്പോലും ബലിയര്‍പ്പിക്കുന്ന അനാചാരങ്ങളും എണ്ണമറ്റ ദുരാചാരങ്ങളും ഉത്തരമില്ലാത്ത ജീവിതപ്രശ്‌നങ്ങളുംമൂലം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍. ഇവയെല്ലാം കണ്ട് മനംനൊന്ത പാട്രിക് ദുര്‍ഘടമായ ആ മലമുകളില്‍ 40 രാവും പകലും ഭക്ഷണമോ വെള്ളമോ ഉറക്കമോ വിശ്രമമോ ഇല്ലാതെ പ്രാര്‍ത്ഥനകള്‍ ഉയര്‍ത്തി.
ദൈവത്തെ അറിയാത്ത ജനത്തിനുവേണ്ടി അദ്ദേഹത്തിന്റെ കണ്ണുനീര്‍ ജലധാരപോലെ ഒഴുകി. നെടുവീര്‍പ്പുകളും ഹൃദയം തകര്‍ന്ന നിലവിളികളും ഒപ്പം ദൈവത്തോടുള്ള പരാതിയും പരിഭവങ്ങളും മലമുകളില്‍നിന്നുയര്‍ന്നു. ഒരു രാജ്യംമുഴുവന്‍ യേശുവിന്റേതാക്കാനുള്ള ദൈവികശക്തിക്കുവേണ്ടി ദൈവത്തോട് ബലപ്രയോഗം നടത്തി. അതിനിടെ കഠിന പരീക്ഷണങ്ങള്‍. പിശാചുക്കള്‍ പല രൂപത്തില്‍ ആക്രമിക്കുകയും പ്രാര്‍ത്ഥനയില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എങ്കിലും വിശുദ്ധന്‍ പിന്മാറിയില്ല. ഒടുവില്‍, തന്നെ അഭിഷേകം ചെയ്യാതെ വിടില്ലെന്ന വാശിയോടെ ദൈവവുമായി മല്പ്പിടുത്തം നടത്തി വിജയിച്ചാണ് പാട്രിക് മലയിറങ്ങുന്നത്. അങ്ങനെയാണ് ആ മലയ്ക്ക് ക്രോഗ് പാട്രിക് എന്ന പേരുവന്നത്.
പിന്നീട് അദ്ദേഹത്തിലൂടെ ദൈവം പ്രവര്‍ത്തിച്ച അസംഖ്യം അത്ഭുതങ്ങളിലൂടെയും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിലൂടെയും അയര്‍ലണ്ട് സത്യദൈവത്തെ കണ്ടുമുട്ടി. 1,20,000-പേര്‍ക്ക് ജ്ഞാനസ്‌നാനം നല്കി. 300 ദൈവാലയങ്ങള്‍ നിര്‍മിച്ചു. അദ്ദേഹത്തിന്റെ ശുശ്രൂഷകളിലൂടെ, അയര്‍ലണ്ട് ക്രൈസ്തവരാജ്യമായി മാറി.
അഭിഷേകത്തിനും അനുഗ്രഹങ്ങള്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കുന്നവരാണോ നിങ്ങള്‍, എങ്കില്‍ വിശുദ്ധ പാട്രിക്കിനെപ്പോലെ പ്രാര്‍ത്ഥിക്കണം. നിരുത്സാഹപ്പെടുത്തലുകളും പിന്തിരിപ്പിക്കുന്ന അനുഭവങ്ങളും മടുപ്പും പരീക്ഷണങ്ങളും പൈശാചിക ആക്രമണങ്ങളുമെല്ലാം നേരിടേണ്ടതായി വന്നേക്കാം. പിന്മാറരുത്. ദൈവം നല്കാനിരിക്കുന്ന അഭിഷേകത്തിന്റെ ശക്തിക്കും വ്യാപ്തിക്കുമനുസരിച്ച് പ്രതികൂലങ്ങളും ശക്തമായിരിക്കും. ചില അവസരങ്ങളില്‍ നമ്മുടെ പ്രാര്‍ത്ഥനയുടെ തീക്ഷ്ണത പരിശോധിക്കാന്‍ ബര്‍തിമേയൂസിനോടും കാനാന്‍കാരിയോടുമെന്നപോലെ ദൈവംതന്നെ നമ്മെ നിരുത്സാഹപ്പെടുത്തുകയോ, ഗൗനിക്കാതെപോവുകയോ ചെയ്‌തേക്കാം. അപ്പോഴും പിന്തിരിയാതെ, ഹെസക്കിയായെയും യാക്കോബിനെയുംപോലെ ദൈവത്തോട് വാദിക്കാനും ബലപ്രയോഗം നടത്താനുംമാത്രം തീവ്രമായിരിക്കണം നമ്മുടെ പ്രാര്‍ത്ഥന. ഏലിയായുടെ അഭിഷേകത്തിന്റെ ഇരട്ടി എത്ര ക്ലേശിച്ചാണ് ഏലീഷാ സ്വന്തമാക്കുന്നത്? (2രാജാക്കന്മാര്‍ 2:1). ഏലിയാ പിന്തിരിപ്പിച്ചിട്ടും വിടാതെ പിന്തുടര്‍ന്നതിനാല്‍ മാത്രമാണ് ഏലീഷായ്ക്ക് ഇരട്ടിപ്പങ്ക് അഭിഷേകം ലഭിച്ചത്.
‘ബലവാന്മാരാണല്ലോ ദൈവരാജ്യം പിടിച്ചടക്കുന്നത്’ (മത്തായി 11:12). നമ്മോടുതന്നെയും ചിലപ്പോള്‍ ദൈവത്തോടും മല്പിടുത്തം നടത്തുന്നവര്‍ക്കുള്ളതാണ് ഉന്നതമായ അഭിഷേകത്തിന്റെ ശക്തി. അവരാണ് പാട്രിക്കിനെപ്പോലെ ദൈവശക്തിയാല്‍ രാജ്യങ്ങള്‍ പിടിച്ചടക്കുന്നവരും ജനതകളെ സ്വര്‍ഗത്തിനായി നേടുന്നവരും. ആ ഉന്നത ശക്തിക്കുവേണ്ടി നിരന്തരം നമുക്കു പ്രാര്‍ത്ഥിക്കാം.
കര്‍ത്താവേ, അങ്ങയുടെ പ്രവൃത്തികള്‍ ഭൂമിയില്‍ ചെയ്യുന്നതിനാവശ്യമായ ശക്തിയുടെ അഭിഷേകം ഞങ്ങള്‍ക്കു നല്കണമേ. അതിനായി മടുപ്പുകൂടാതെ പ്രാര്‍ത്ഥിക്കാനുള്ള കൃപയും നല്കിയാലും. ആമ്മേന്‍.

Leave a Reply

Your email address will not be published. Required fields are marked *