ഈ യുവവിപ്ലവങ്ങള്‍ പ്രോത്സാഹിപ്പിക്കണ്ടേ…?

ഹൃദയഹാരിയായ ഒരു അനുഭവമായിരുന്നു അത്. 32 യുവതീയുവാക്കള്‍ ജീസസ് യൂത്തിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ‘ഫുള്‍ടൈം കമ്മിറ്റ്‌മെന്റ്’ എടുത്ത് ഇറങ്ങുന്നു. ജോലിയും വരുമാനവും ഭാവിയും ഒന്നും നോക്കാതെ, കര്‍ത്താവിന് വേണ്ടി ജീവിക്കാന്‍, പ്രവര്‍ത്തിക്കാന്‍, തയാറായിക്കൊണ്ടുള്ള ഇറക്കം. 32 പേരോടൊപ്പം മിക്കവരുടെയും മാതാപിതാക്കളും സഹോദരങ്ങളും സന്തോഷത്തോടെ ഈ അനുഭവം പങ്കിടാന്‍ സന്നിഹിതരായിരുന്നു. അതില്‍ രണ്ടു പേര്‍ സെമിനാരി വിദ്യാര്‍ത്ഥികള്‍. ബാക്കിയുള്ളവര്‍, ബിരുദവും ബിരുദാനന്തര ബിരുദവും സമ്പാദിച്ച് ജോലി സാദ്ധ്യതയുള്ളവര്‍. ശമ്പളവും സൗഭാഗ്യവും സാധ്യതകളുമെല്ലാം വേണ്ടെന്നുവച്ചവര്‍. പ്രതിസന്ധികള്‍ ഉണ്ടാവുമെന്ന് ഉറപ്പുണ്ടായിട്ടും, കര്‍ത്താവ് കൂടെയുണ്ടാവും എന്ന ഉറപ്പോടെ പുറപ്പെടുന്നവര്‍. സന്ദേഹങ്ങള്‍ ഹൃദയത്തില്‍ ഒളിപ്പിച്ചും സന്തോഷാശ്രുക്കള്‍ പൊഴിച്ച്, അവരെ യാത്രയാക്കുന്ന മാതാപിതാക്കള്‍.
കണ്ണുനീരില്‍ ഒരു വിടവാങ്ങല്‍
അപ്പോള്‍ ഞാന്‍ ഓര്‍ത്തുപോയത് 1974-ല്‍ പത്താംക്ലാസ്സ് പഠനം കഴിഞ്ഞ് സെമിനാരി പ്രവേശനത്തിനായി പടിയിറങ്ങിയ കാര്യമാണ്. എട്ടാം ക്ലാസ് കഴിഞ്ഞ സമയത്ത് സെമിനാരിയില്‍ ചേരാന്‍ ആഗ്രഹം അറിയിച്ചപ്പോള്‍ അപ്പച്ചനാണ് ആദ്യം നിരുത്സാഹപ്പെടുത്തിയത്. ഇത്രയും ഗൗരവതരമായ തീരുമാനമെടുക്കാന്‍ എന്റെ ഇളംമനസ്സിന് പക്വത വന്നിട്ടില്ലെന്ന് അപ്പച്ചന് അറിയാമായിരുന്നു. പത്താം ക്ലാസ്സു കഴിഞ്ഞപ്പോഴും അല്പം കൂടെ ചിന്തിച്ചിട്ടു പോരേ എന്ന അഭിപ്രായം ഉണ്ടായി. എങ്കിലും സന്ദേഹത്തോടെ സമ്മതം മൂളി.
നിശ്ചിത ദിവസം പോകാനൊരുങ്ങുകയായിരുന്നു. ഒരിക്കല്‍ക്കൂടി ഇടവകപ്പള്ളിയില്‍ പോയി. ആ സമയത്ത് അവിടെ ആരും ഉണ്ടായിരുന്നില്ല. എന്തുകൊണ്ടോ അറിയാതെ എന്റെ കണ്ണുകളില്‍നിന്ന് കണ്ണുനീര്‍കണങ്ങള്‍ ധാരധാരയായി ഒഴുകി. നാല് വര്‍ഷത്തോളം അള്‍ത്താര ബാലനായിരുന്നു. അന്നൊന്നും അനുഭവിക്കാത്ത വികാരത്തോടെ സക്രാരിയുടെ മുമ്പില്‍ പോയി മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു. നിത്യസഹായമാതാവിന്റെ രൂപത്തിനു മുമ്പിലും ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോനീസിന്റെ രൂപത്തിനു മുമ്പിലും കുറേനേരം നിന്ന് മാധ്യസ്ഥ്യം യാചിച്ചു. പിന്നെ സാവധാനം കണ്ണുകള്‍ തുടച്ച് വികാരിയച്ചനോട് യാത്ര പറയാന്‍ ചെന്നു.
വിശ്വാസ പരിശീലനത്തിലും ദൈവവിളി പരിപോഷണത്തിലും ഒക്കെ വളരെ ശ്രദ്ധിച്ചിരുന്ന മോണ്‍സിഞ്ഞോര്‍ അംബ്രോസ് അറക്കലായിരുന്നു എന്റെ വികാരിയച്ചന്‍. അമ്മച്ചിയോടൊപ്പം പള്ളിക്കൂടത്തില്‍ പഠിപ്പിച്ചിരുന്ന ഒരു അധ്യാപകന്‍ വികാരിയച്ചനോടൊപ്പം ആ സമയത്ത് ഉണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് പുതുമണവാളനായി അച്ചന്റെയടുത്ത് എത്തിയതായിരുന്നു ഇടതുപക്ഷ സഹയാത്രികനായ അദ്ദേഹം. ഞാന്‍ സെമിനാരിയില്‍ പോകുന്നുവെന്നറിഞ്ഞപ്പോള്‍ പറഞ്ഞു: ‘ദേ, ഇത് നമ്മുടെ മേരി ടീച്ചറിന്റെ മകനല്ലേ? ഇവനെന്തിനാ സെമിനാരിയില്‍ ചേരുന്നത്? ഞാന്‍ ഏതായാലും എന്റെ മക്കളെ അച്ചനാക്കാന്‍ തീരുമാനിച്ചിട്ടില്ല!’ അദ്ദേഹത്തിന്റെ വാക്കുകള്‍ എന്റെ മനസ്സില്‍ തറച്ചു. എങ്കിലും മറിച്ചൊന്നും പറയാതെ വികാരിയച്ചന്റെ ആശീര്‍വാദം വാങ്ങി, യാത്രപറഞ്ഞിറങ്ങി. ആ സംഭവത്തെക്കുറിച്ച് പിന്നീടും ഞാന്‍ ഓര്‍ത്തിട്ടുണ്ട്. അപ്പോഴെല്ലാം ഒരു കാര്യം എന്നെ അതിശയിപ്പിച്ചിരുന്നു, എന്തുകൊണ്ടോ അവര്‍ക്ക് മക്കളുണ്ടായില്ല! ആ സാറും ഭാര്യയും ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് മരിച്ചു.
ദൈവത്തിനായി ഇറങ്ങിത്തിരിക്കുമ്പോള്‍ അവിടുത്തെ പരിപാലന നമ്മോടൊത്ത് എപ്പോഴും ഉണ്ടാവുമെന്നതാണ് എന്റെ എളിയ സാക്ഷ്യം. ദൈവത്തിനായി മക്കളെ ഔദാര്യപൂര്‍വ്വം പറഞ്ഞയക്കുമ്പോള്‍ ദൈവത്തിന്റെ അനുഗ്രഹവും ഔദാര്യവും സമൃദ്ധമായി അനുഭവിക്കാന്‍ സാധിക്കുകയും ചെയ്യും. ചങ്കുപറിച്ചു സമര്‍പ്പിക്കുന്ന അനുഭവമാകണം ആകെയുള്ള അരുമമകനെ ബലിയര്‍പ്പിക്കാന്‍ ദൈവം ആവശ്യപ്പെട്ടപ്പോള്‍ അബ്രാഹത്തിന്റെ ആന്തരിക സംഘര്‍ഷം… എന്നാല്‍, ആ വികാര വിക്ഷോഭങ്ങളൊന്നും ഉല്‍പത്തി 22-ലെ വിവരണത്തിലില്ല. ദൈവം ആവശ്യപ്പെട്ടു. അയാള്‍ അനുസരണയോടെ ഇറങ്ങിപ്പുറപ്പെട്ടു.
അബ്രാഹം പുത്രന്റെ കഴുത്തില്‍ കത്തി വയ്ക്കാന്‍ തുനിഞ്ഞ നേരം കര്‍ത്താവിന്റെ ദൂതന്‍ ആകാശത്തുനിന്നും വീണ്ടും അബ്രാഹത്തെ വിളിച്ചുപറഞ്ഞു: കര്‍ത്താവ് അരുള്‍ ചെയ്യുന്നു. നിന്റെ ഏകപുത്രനെപ്പോലും എനിക്ക് തരാന്‍ മടിക്കായ്ക കൊണ്ട് ഞാന്‍ ശപഥം ചെയ്യുന്നു. ഞാന്‍ നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും (ഉല്‍പത്തി 22:17). സമര്‍പ്പണം നടത്താന്‍ തയാറുളളവരെ എക്കാലത്തും ‘അബ്രഹാമിന്റെ ദൈവം’ പരിപാലിച്ചു കൊണ്ടിരിക്കുന്നു.
Yes or No പറഞ്ഞവര്‍
അള്‍ത്താരബാലനായിരുന്ന ഒരു പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഏതാനും മാസങ്ങള്‍ക്കുമുമ്പ് ബൈക്ക് അപകടത്തില്‍ മരണമടഞ്ഞു. മൃതസംസ്‌കാര ശുശ്രൂഷയില്‍ എനിക്ക് പങ്കെടുക്കാനായില്ല. ദുഃഖാര്‍ത്തരായ മാതാപിതാക്കളെയും ഇളയ സഹോദരിയെയും ആശ്വസിപ്പിക്കാനും പ്രാര്‍ത്ഥിക്കാനുമായി ഏഴാം ചരമദിനത്തില്‍ ഞാന്‍ സെമിത്തേരിയില്‍ പോയിരുന്നു. തീരാനൊമ്പരത്തില്‍ ആയിത്തീര്‍ന്ന അവരെ ആശ്വസിപ്പിക്കാന്‍ എനിക്ക് വാക്കുകള്‍ കിട്ടിയില്ല. കല്ലറയിങ്കലെ പ്രാര്‍ത്ഥനാശുശ്രൂഷയ്ക്കു ശേഷം, ഞാന്‍ അവിടെനിന്നും തെല്ലൊന്ന് നീങ്ങിയപ്പോള്‍, ആ പിതാവ് എന്റെ അടുത്തേയ്ക്ക് വന്നു.
എന്റെ ഇരു കരങ്ങളും മുറുകെ പിടിച്ച് അദ്ദേഹം പറഞ്ഞു: ‘ഞങ്ങളുടെ മകന്‍ ഈശോയുടെ അടുത്തേയ്ക്ക് പോയിരിക്കയാണ്. അവന്‍ ഈശോയ്ക്കുവേണ്ടി ആയിരിക്കാന്‍ ആഗ്രഹിച്ചവനാണ്. സെമിനാരിയില്‍ ചേരാന്‍ ആഗ്രഹിച്ചപ്പോള്‍ ഞാനാണ് അവനെ തടഞ്ഞത്. ഞാന്‍ അന്ന് അവനോട് പറഞ്ഞു: ഞങ്ങള്‍ക്ക് നീയല്ലാതെ വേറെ ആരുണ്ട്! നീ സെമിനാരിയില്‍ പോയാല്‍പ്പിന്നെ, അവിടെ പെട്ടുപോകും!’ കണ്ഠമിടറിക്കൊണ്ട്, നിറഞ്ഞ കണ്ണുകളോടെ അദ്ദേഹം എന്നോട് വിക്കിവിക്കിയാണ് അക്കാര്യം പറഞ്ഞത്. അദ്ദേഹത്തെ കഴിയുംവിധം ആശ്വസിപ്പിച്ചു. നമ്മെക്കുറിച്ച് ദൈവത്തിന് ഒരു പദ്ധതിയുണ്ട്. ആ പദ്ധതി അനുസരിച്ച് നമ്മുടെ ഹൃദയം ഉദാരമാകണം.
റോമിലെ ഫ്രാന്‍സിസ്‌കാ കബ്രീനി ഇടവകയിലെ നിയോ കാറ്റകുമിനേറ്റ് കമ്മ്യൂണിറ്റിയെ (Neo Catechumenate) ഞാന്‍ സഹായിക്കുമായിരുന്നു. ആ സമൂഹത്തില്‍ അവിടത്തെ ദേശീയ നീന്തല്‍ താരമായ അന്ന റീത്ത എന്ന യുവതി ഉണ്ടായിരുന്നു. ഇറ്റാലിയന്‍ ഭാഷയല്ലാതെ മറ്റൊരു ഭാഷയും വശമില്ലാതിരുന്ന അന്ന റീത്ത ഭര്‍ത്താവ് പവുലോ മൊന്തനാരിയുടെ ആകസ്മികമരണത്തിനുശേഷം സൗത്ത് കൊറിയയില്‍ സുവിശേഷ ശുശ്രൂഷക്കായി പോയി! അന്ന റീത്തയെപ്പോലെ എത്രയോ പേര്‍! പാലാരിവട്ടം സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് ഇടവകാംഗങ്ങളായ അലക്‌സി പള്ളനെയും ഭാര്യ ഷൈനിയെയും കുടുംബത്തെയും വര്‍ഷങ്ങളായി അറിയാം. ഫാ. ധീരജ് സാബു ഐ.എം.എസിനോടൊപ്പം സാന്ത്വന കമ്മ്യൂണിറ്റിയുടെ ഭാഗമായി ക്രിസ്തുവിന്റെ സുവിശേഷവാഹകരായി വടക്കേ ഇന്ത്യയില്‍ വര്‍ഷങ്ങളായി ജീവിക്കുന്നു അവര്‍.
ഇറ്റലിയിലെ ട്രെന്തോയില്‍ 1920 ജനുവരിയില്‍ ജനിച്ച ക്യാരാ ലൂബിക് 1943 ഡിസംബറിലാണ് ഫോകുലാരെ (Foculare) എന്ന പ്രസ്ഥാനം തുടങ്ങിയത്. ഇന്ന് 182 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ഈ പ്രസ്ഥാനത്തിന്റെ ഭാഗമായി എത്രയോ പേരാണ് ആദ്ധ്യാത്മികതയുടെ പുതിയ അഗ്നി ഹൃദയത്തില്‍ സ്വീകരിച്ച് ശാന്തിവാഹകരായി സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നത്!
വേണം ചില വിപ്ലവങ്ങള്‍
Fr. Joe Mannath-sâ hn-Jym-X-am-b ‘A Radical Love A Path of Light’ (വിപ്ലവകരമായ സ്‌നേഹം, പ്രകാശത്തിന്റെ പാത) എന്ന പുസ്തകത്തില്‍ അദ്ദേഹം ചോദിക്കുന്നു: സന്യസ്ത സമര്‍പ്പണ ജീവിതത്തിന്റെ ഭാവിയെപ്പറ്റി നിങ്ങള്‍ എന്തു ചിന്തിക്കുന്നു? സമര്‍പ്പിത ജീവിതത്തിലേക്ക് ദൈവവിളി കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ആശങ്കയോടെയാണോ ശുഭാപ്തി വിശ്വാസത്തോടെയാണോ സഭയിലെ സന്യാസസഭകളെപ്പറ്റി നിങ്ങള്‍ ചിന്തിക്കുന്നത്?
ഈ വിവരണങ്ങളുടെ അടിക്കുറിപ്പില്‍ അദ്ദേഹം ധനശാസ്ത്രജ്ഞന്മാരായ ജോണ്‍ മൈക്കിള്‍ ത്‌വെറ്റും ആഡ്രിയന്‍ വൂള്‍ഡ്രിഡ്ജും ചേര്‍ന്നെഴുതിയ ‘God is Back’ How the Global Faith is Changing the World എന്ന പുസ്തകം ഉദ്ധരിച്ച് പറയുന്നത് ശ്രദ്ധേയമാണ്. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആധുനിക സമൂഹത്തിലെ ആദ്ധ്യാത്മികതയും ദൈവവിശ്വാസവും വളരുന്നുവെന്നത് മറക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്. സഭയില്‍ അല്മായരുടെ സജീവമായ മുന്നേറ്റങ്ങളും അതിശയിപ്പിക്കുന്ന സാക്ഷ്യജീവിതങ്ങളും വളരുന്നതോടൊപ്പം, സന്യാസ സമൂഹങ്ങളിലൂടെയുള്ള സമര്‍പ്പിത ജീവിതവും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്.
സുവിശേഷാത്മക ജീവിതത്തിന്റെ നവീനരൂപങ്ങള്‍ സഭയില്‍ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്താല്‍ രൂപീകൃതമാകുമ്പോഴും സാമ്പ്രദായിക (Tradtional) സന്യാസസമൂഹങ്ങളും സമര്‍പ്പിത ജീവിതങ്ങളും പകരമാവില്ല എന്ന വിശുദ്ധ ജോണ്‍ പോള്‍ പാപ്പയുടെ വാക്കുകളും നാം വിലമതിക്കണം. (Vita Consecrata – സമര്‍പ്പിത ജീവിതം-നമ്പര്‍ 62). അതോടൊപ്പം ജോണ്‍ പോള്‍ പാപ്പ ഓര്‍മ്മിപ്പിക്കുന്നത് ഇതാണ്: ദാനങ്ങളും (Charism) സര്‍ഗാത്മക കഴിവുകളും (Creative Energy) ഉള്‍ക്കൊള്ളുന്ന ഈ പുതിയ സമൂഹങ്ങള്‍ക്ക് ദൈവശാസ്ത്രപരവും കാനോനികവുമായ അടിസ്ഥാനമുണ്ടായിരിക്കണം.
താന്‍ ദൈവകരങ്ങളിലെ ഒരു ഉപകരണംമാത്രമാണെന്ന് ‘ഫോകുലാരെ’യുടെ സ്ഥാപകയായ ക്യാരാ ലൂബിക് 1977-ല്‍ ഇറ്റലിയില്‍ നടന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ സാക്ഷ്യപ്പെടുത്തി. കര്‍ത്താവിനായി വീട് വിട്ടിറങ്ങുന്നവരുടെ പ്രത്യാശ എന്നുമിതാണ്: ദൈവകരങ്ങളിലെ ഉപകരണമായി സ്വയം സമര്‍പ്പിക്കുമ്പോള്‍ അതിശയിപ്പിക്കുന്ന വര്‍ണ്ണചിത്രങ്ങള്‍ നമ്മുടെ ജീവിതംകൊണ്ട് അവിടുന്ന് വരയ്ക്കും!


ബിഷപ് ഡോ. അലക്‌സ് വടക്കുംതല

Leave a Reply

Your email address will not be published. Required fields are marked *