ആ ദിവസത്തിന്റെ പ്രത്യേകത?

ജോലിയുമായി ബന്ധപ്പെട്ട് എറണാകുളത്തായിരുന്നു 2002 കാലഘട്ടത്തില്‍ ഞാന്‍ താമസിച്ചിരുന്നത്. അന്ന് ഞാന്‍ അക്രൈസ്തവനായിരുന്നു. ഒരിക്കല്‍ ഞാന്‍ മുടി വെട്ടാനായി പോയി. ബാര്‍ബര്‍ ഷോപ്പില്‍ ആ സമയത്ത് നല്ല തിരക്കായിരുന്നു. അതിനാല്‍ ടീപോയില്‍ ചലച്ചിത്രമാസികകള്‍ക്കൊപ്പം കിടന്നിരുന്ന ഒരു മാസികയെടുത്ത് വായിക്കാനാരംഭിച്ചു. അത് ‘ശാലോം ടൈംസ്’ ആയിരുന്നു. അതില്‍ നൈറ്റ് വിജില്‍ പേജിലെ സാക്ഷ്യങ്ങള്‍ വായിച്ച് ഞാന്‍ അത്ഭുതപ്പെട്ടുപോയി. അതിലെ മറ്റ് വാചകങ്ങളും ശ്രദ്ധയില്‍പ്പെട്ടു, ”നാളുകളായി ആഗ്രഹിച്ച് പ്രാര്‍ത്ഥിക്കുന്ന നിങ്ങളുടെ വിഷയങ്ങള്‍ എന്തുതന്നെ ആയാലും ഞങ്ങള്‍ക്ക് എഴുതുക. അത്ഭുതങ്ങളുടെ ഈ രാത്രിയില്‍ ലോകത്തിന്റെ ഏത് ഭാഗത്തായാലും നിങ്ങള്‍ അനുഗ്രഹിക്കപ്പെടും.”
അത് ഒന്ന് പരീക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ആ പേജില്‍ നല്കിയിരുന്ന വിലാസം കുറിച്ചെടുത്ത് എന്റെ പ്രാര്‍ത്ഥനാവശ്യം എഴുതി അയച്ചു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ അതിന് മറുപടി ലഭിച്ചു. വീണ്ടും ഒരാഴ്ച കഴിഞ്ഞപ്പോള്‍ എന്റെ ആവശ്യം നിറവേറി. അതിനുശേഷം ഞാന്‍ ചിറ്റൂര്‍ ധ്യാനകേന്ദ്രത്തില്‍ ഒരു യുവജനധ്യാനത്തിന് പോയി. അവിടെവച്ച് പരിശുദ്ധാത്മാവ് അഗ്നിനാളമായി എന്റെമേല്‍ ഇറങ്ങി വരുന്ന അനുഭവം ലഭിച്ചു. അതോടെ ഞാനൊരു പുതിയ വ്യക്തിയായി മാറുകയായിരുന്നു.
ആ ധ്യാനത്തിനുശേഷം എറണാകുളത്തെ ബ്രദേഴ്‌സ് ഓഫ് ഹോളി സ്പിരിറ്റ് അംഗങ്ങളുമായി ബന്ധപ്പെട്ടു. അവിടത്തെ പ്രാര്‍ത്ഥനാകൂട്ടായ്മയില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു സഹോദരനിലൂടെ എനിക്കായി 21/12/2012 എന്ന തിയതി സന്ദേശമായി കിട്ടി. ഈ തിയതി ഞാന്‍ എന്റെ ഡയറിയില്‍ കുറിച്ചിട്ടു. പിന്നീട് ഞാനിക്കാര്യം മറന്നുപോയി.
ഏതാണ്ട് രണ്ട് വര്‍ഷം കഴിഞ്ഞ് മാമ്മോദീസവഴി കത്തോലിക്കാസഭയില്‍ അംഗമാകാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. രതീഷ് എന്ന പഴയ പേരിനു പകരം ജോസഫ് എന്ന പേര് സ്വീകരിച്ചു. അതിനുശേഷം ഒരു മാസം കഴിഞ്ഞപ്പോള്‍ ഒരു അവധി ദിവസം മുറി വൃത്തിയാക്കിക്കൊണ്ടിരുന്ന എനിക്ക് ഒരു പഴയ ഡയറി കിട്ടി. അതില്‍ എഴുതിയിരുന്ന തിയതി ഞാന്‍ വീണ്ടും വായിച്ചു. എന്താണ് ആ ദിവസത്തിന്റെ പ്രത്യേകത എന്ന് ചിന്തിച്ച ഞാന്‍ ആശ്ചര്യപ്പെട്ടുപോയി, അന്നാണ് ഞാന്‍ മാമ്മോദീസ സ്വീകരിച്ചത്, 2012 ഡിസംബര്‍ 21-ന്!!!
റോമാ 10: 20 എന്റെ ജീവിതത്തില്‍ യാഥാര്‍ത്ഥ്യമായി, ”എന്നെ തേടാത്തവര്‍ എന്നെ കണ്ടെത്തി; എന്നെപ്പറ്റി അന്വേഷിക്കാത്തവര്‍ക്ക് ഞാന്‍ എന്നെ വെളിപ്പെടുത്തി.”


ജോസഫ്, മലപ്പുറം

Leave a Reply

Your email address will not be published. Required fields are marked *