ഒരിക്കല്‍ വിശുദ്ധ ബലിയില്‍ സംബന്ധിക്കവേ എന്റെ മനസ്സ് വളരെ അസ്വസ്ഥമാവാന്‍ തുടങ്ങി, ”പാപങ്ങളുടെ അഴുക്ക് പുരണ്ട എന്റെ ഹൃദയത്തിലേക്ക് എങ്ങനെ ഈശോയെ സ്വീകരിക്കും?” ഈ ചിന്തയ്ക്ക് പിന്നാലെ ഒരു കൂട്ടുകാരന്‍ പറഞ്ഞ സംഭവം എന്റെ മനസ്സില്‍ തെളിഞ്ഞു.
അവന്‍ പഠിക്കുന്ന കോളേജില്‍ത്തന്നെ അവന്റെ ഒരു കൂട്ടുകാരന് അഡ്മിഷന്‍ കിട്ടിയിരിക്കുന്നു എന്ന കാര്യം ഫോണിലൂടെ അറിഞ്ഞപ്പോള്‍ അവന് സന്തോഷമായി. എന്നാല്‍ അതോടൊപ്പം കൂട്ടുകാരന്‍ മറ്റൊന്നുകൂടി ചോദിച്ചു. ‘താമസസൗകര്യം തരപ്പെട്ടിട്ടില്ല, അതിനാല്‍ തന്റെ മുറിയില്‍ താമസിക്കാന്‍ അനുവദിക്കുമോ’?
പ്രിയകൂട്ടുകാരനായതുകൊണ്ട് ആ ആവശ്യം നിഷേധിക്കാനാവുമായിരുന്നില്ല. മുറിയിലാകെ സാധനങ്ങള്‍ വാരിവലിച്ചിട്ടിരിക്കുകയാണ്. എങ്കിലും ഒരുവിധത്തില്‍ അവിടെ മറ്റൊരു ചെറിയ കട്ടില്‍കൂടി തയാറാക്കി കൂട്ടുകാരന് സ്ഥലമൊരുക്കി. കൂട്ടുകാരനെ മുറിയില്‍ സ്വീകരിച്ച് അല്പം കഴിഞ്ഞ് അവന്‍ പുറത്തുപോയി.
തിരിച്ചുവന്നപ്പോള്‍ അവന്‍ കണ്ടത് സുഹൃത്ത് ഒരുക്കിയിരുന്ന ‘സര്‍പ്രൈസാ’ണ്. മുറിയിലെ തുണികളെല്ലാം മടക്കിവച്ചിരിക്കുന്നു. തറ അടിച്ചുവാരി വൃത്തിയാക്കിയിട്ടുണ്ട്. ജനല്‍സൈഡിലിരുന്ന ഒഴിഞ്ഞ മദ്യക്കുപ്പികള്‍ അവിടെയില്ല. ബാത്ത്‌റൂംവരെ വൃത്തിയാക്കിയിരിക്കുന്നു. എന്നാല്‍ പുതിയ താമസക്കാരനാകട്ടെ അതേപ്പറ്റി ഒന്നും പറഞ്ഞതുമില്ല.
പിന്നീടുള്ള ദിവസങ്ങളിലും എന്റെ കൂട്ടുകാരന്‍ അച്ചടക്കമില്ലാത്ത പഴയ ജീവിതരീതി തുടര്‍ന്നു. എന്നാല്‍ പുതിയതായി വന്ന സുഹൃത്താകട്ടെ എപ്പോഴും ആ മുറി വൃത്തിയായി സൂക്ഷിക്കും. തന്റെ സുഹൃത്തിന്റെ അടിവസ്ത്രങ്ങള്‍പോലും ചിലപ്പോള്‍ അവന്‍ കഴുകിയുണക്കി മടക്കിവയ്ക്കും. ഒരിക്കലും പരാതി പറയുകയുമില്ല. നാളുകള്‍ കടന്നുപോയപ്പോള്‍ ആദ്യതാമസക്കാരനായ സുഹൃത്തിന്റെ ജീവിതവും പതുക്കെ മാറാന്‍ തുടങ്ങി. അവനും കൂട്ടുകാരനെപ്പോലെ ശുചിത്വബോധമുള്ളവനായി. മദ്യപാനശീലം മാറി. പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി.
ഈ സംഭവം മനസ്സില്‍ തെളിഞ്ഞതോടെ എന്റെ അസ്വസ്ഥത നീങ്ങി. പിന്നെ ദിവ്യകാരുണ്യസ്വീകരണത്തിനായി നിരയില്‍ നില്‍ക്കുമ്പോള്‍ നിറഞ്ഞ പ്രത്യാശയായിരുന്നു മനസ്സില്‍. എന്റെ ഹൃദയത്തിലെ വസിക്കാനെത്തുന്ന ഈശോ എന്നെ ശുചിയാക്കുമെന്നും നന്മയുള്ളവനാക്കി മാറ്റുമെന്നും ബോധ്യമായി.
ബിനു മാത്യു