ഈ വിശ്വാസം മതി?

ഉത്തരേന്ത്യയില്‍ മിഷന്‍ പ്രദേശത്ത് തീക്ഷ്ണതയോടെ തന്റെ പൗരോഹിത്യശുശ്രൂഷ ചെയ്യുന്ന അജിത് അച്ചനെ ഓര്‍മ്മിക്കുന്നു. അതികഠിനമായി കൈകള്‍ക്ക് തളര്‍ച്ച അനുഭവപ്പെട്ടിരുന്നു അച്ചന്. തണുപ്പിന്റെ പ്രശ്‌നങ്ങളാണ് എന്ന് കരുതി ആദ്യം ആ വേദന അത്ര ഗൗരവത്തില്‍ എടുത്തില്ല. പക്ഷേ വേദനക്ക് ശമനമുണ്ടായില്ല. അത് തുടര്‍ന്നു, പിന്നെ ശക്തമായി. ചികിത്സകളൊന്നും ഫലിച്ചില്ലെന്നുമാത്രമല്ല വിശുദ്ധ കുര്‍ബാനമധ്യേ ഈശോയെ ഉയര്‍ത്താന്‍പോലും സാധിക്കാതെ അച്ചന്റെ കൈകള്‍ക്ക് അസഹനീയമായ വേദന അനുഭവപ്പെട്ടു. ആ സമയത്തെല്ലാം വളരെ വേദനയോടെ അച്ചന്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുമായിരുന്നു, ”അങ്ങയെ ഉയര്‍ത്തുന്ന ഈ കൈകള്‍ക്ക് അങ്ങ് ബലം തരണമേ. അങ്ങ് ജീവന്‍ പകരണമേ…”
അങ്ങനെയിരിക്കേ ഒരു ദിവസം ബലിയര്‍പ്പണവേളയില്‍ ഈശോയെ കൈകളില്‍ എടുക്കുന്ന നേരമായി. അല്പം വേദന തോന്നിയെങ്കിലും അച്ചന്‍ അന്ന് വിശ്വാസത്തോടെ ശക്തമായി പ്രാര്‍ത്ഥിച്ചു. അത് ഈശോ തൊട്ട ദിവസമായിരുന്നു. പിന്നീട് ഇന്നുവരെ അച്ചന്റെ കൈകളില്‍ ആ വേദന ഉണ്ടായിട്ടില്ല. വിശ്വാസത്തോടെ പ്രാര്‍ത്ഥിച്ചപ്പോള്‍, എല്ലാം ക്രിസ്തുവിന് ഏല്പിച്ചുകൊടുത്തപ്പോള്‍ അവന്‍ തിരിച്ചു തൊട്ട അവര്‍ണ്ണനീയമായ നിമിഷം.
നമുക്കും ഈ വിശ്വാസം മതി. വളരെ simple ആയ വിശ്വാസം. അത്രമേല്‍ humble ആയ(എളിമയാര്‍ന്ന) വിശ്വാസം! ക്രിസ്തു എന്നെ തൊടുമെന്നുള്ള വിശ്വാസം. ഈ വിശ്വാസം ഒളിച്ചുവയ്ക്കാതെ വിളിച്ചു പറയുമ്പോഴാണ് വചനം ജീവിതമാകുന്നത്, അത്ഭുതങ്ങള്‍ കടന്നുവരുന്നത്. വിശ്വസിക്കുന്നു എന്ന് പറയാന്‍ എളുപ്പമാണ്. വിശ്വാസപ്രമാണം ആവര്‍ത്തിക്കാനും വിഷമമില്ല. എന്നാല്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുന്നവന്‍ പറയുന്ന വചനങ്ങള്‍ക്ക് കാതോര്‍ത്ത് അത് ജീവിതമാക്കുമ്പോള്‍ അത്ഭുതങ്ങള്‍ ഒഴുകും, വചനം പിറവിയെടുക്കും.
സങ്കീര്‍ത്തകന്‍ പറയുന്നു, ”കര്‍ത്താവേ, ഭൂമി അങ്ങയുടെ കാരുണ്യംകൊണ്ട് നിറഞ്ഞിരിക്കുന്നു.” പക്ഷേ ഭൂമി മുഴുവന്‍ നിറഞ്ഞിരിക്കുന്ന ഈ കാരുണ്യം തിരിച്ചറിയണമെങ്കില്‍ ഒരു കാര്യം ആവശ്യമാണ്. അതാണ് ക്രിസ്തു ആവശ്യപ്പെടുന്നത്, വിശ്വാസം. വിശ്വാസം ജീവിതമാക്കുക; അവിടുത്തെ കാരുണ്യം നിന്നെ പൊതിഞ്ഞുപിടിക്കുന്നത് അനുഭവിച്ചറിയാനാവും.


ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍

Leave a Reply

Your email address will not be published. Required fields are marked *