ജപമാലരാജ്ഞീ, എന്റെ മാതാവേ…

ഒരു ജപമാലയെങ്കിലും ചൊല്ലാതെ കിടന്നുറങ്ങുന്ന ഒരു ദിവസത്തെക്കുറിച്ച് ഭീതിയോടെ മാത്രമേ ഇതുവരെയുള്ള എന്റെ നവീകരണ ജീവിതത്തില്‍ എനിക്ക് ചിന്തിക്കാനാവൂ. കാരണം ജപമാല രാജ്ഞിയായ മറിയത്തോട് എന്റെ ജീവിതം അഭേദ്യമാംവിധം ബന്ധപ്പെട്ടിരിക്കുന്നു.
ഓ മറിയമേ, ജപമാല രാജ്ഞി ‘നീയില്ലെങ്കില്‍ ഞാനില്ല.’ ഗര്‍ഭസ്ഥശിശു തന്റെ അമ്മയോട് അഭേദ്യമാംവിധം ബന്ധപ്പെട്ടും ആശ്രയിച്ചും ഇരിക്കുന്നതുപോലെ ഞാനും എന്റെ എല്ലാ നിസഹായതകളോടും പാപാവസ്ഥകളോടും ശത്രുഭയങ്ങളോടുംകൂടെ എന്റെ അമ്മയായ മറിയത്തില്‍ ആശ്രയിച്ചിരിക്കുന്നു. എന്റെ ആത്മനാഥനായ യേശുവുമായുള്ള ആത്മലയം പരിശുദ്ധ അമ്മേ നിന്റെ വിമലഹൃദയത്തില്‍ ആണെന്ന് ഞാനറിയുന്നു. എന്നെ വിഴുങ്ങാനായി അലറുന്ന സിംഹത്തെപ്പോലെ ചുറ്റിനടക്കുന്ന സാത്താനില്‍നിന്നും അവന്റെ സേനകളില്‍നിന്നും എന്നെ സംരക്ഷിക്കുന്ന സംരക്ഷണവലയം അമ്മേ അമ്മയുടെ നീലക്കാപ്പയാണെന്നും ഞാനറിയുന്നു. ഇത് എന്റെ അനുഭവവും പ്രാര്‍ത്ഥനയുമാണ്.
രക്തത്തിലലിഞ്ഞ മാതൃഭക്തി
പരിശുദ്ധ മാതാവിനോടുള്ള ഭക്തിയും വണക്കവും സ്‌നേഹവും ജനിക്കുംമുമ്പേ എന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. അതാരും എന്നെ പഠിപ്പിച്ചതോ അഭ്യസിപ്പിച്ചതോ അല്ല. ജനിക്കുംമുമ്പേ ഞാന്‍ മറിയത്തിന്റേതായി മുദ്ര കുത്തപ്പെട്ടവളായിരുന്നു എന്നതാണ് എന്റെ ഓര്‍മ. ഈശോയെ സ്‌നേഹിക്കാന്‍ പഠിക്കുന്നതിന് വളരെ മുമ്പുതന്നെ മറിയത്തെയാണ് ഞാന്‍ സ്‌നേഹിച്ചു തുടങ്ങിയത്. അമ്മയാണ് എന്നെ ഈശോയിലേക്ക് നയിച്ചത്.
പിച്ചവയ്ക്കുന്ന പ്രായത്തില്‍
മറിയത്തോടുചേര്‍ന്നുള്ള എന്റെ ആദ്യത്തെ ദൈവാനുഭവം തുടങ്ങുന്നത് പിച്ചവയ്ക്കുന്ന പ്രായത്തിലാണ്. അന്ന് എന്റെ മരിച്ചുപോയ സിസ്റ്റര്‍ ആന്റിയുടെ സഭാവസ്ത്രസ്വീകരണ ദിവസമായിരുന്നു. വളരെ നീണ്ടുനില്ക്കുന്ന ആ ദിവസത്തിലെ പരിപാടികളില്‍ അത്ര താല്പര്യമൊന്നും കൂടാതെ അസ്വസ്ഥയായി ഞാന്‍ കരയാന്‍ തുടങ്ങുമ്പോള്‍ തൊട്ടടുത്തുനിന്നും അതാ ഒരു മധുരമായ സ്വരം ‘കുഞ്ഞുമോള്‍ ഇങ്ങോട്ടു പോരേ, കുഞ്ഞിനെ അമ്മയെടുക്കാം.’ ഞാന്‍ നോക്കിയപ്പോള്‍ അതാ നില്ക്കുന്നു മാതാവ്! (മാതാവിന്റെ തിരുസ്വരൂപം) ഇരുകൈകളും നീട്ടിനില്ക്കുന്ന മാതാവിന്റെ തിരുസ്വരൂപത്തിനരികിലേക്ക് വലിയ ആനന്ദത്തോടെ ഞാന്‍ ഓടിയടുത്തു.
ഒരാള്‍പൊക്കമുള്ള മാതാവിന്റെ രൂപത്തില്‍ ഞാന്‍ സര്‍വശക്തിയോടുംകൂടി കെട്ടിപ്പിടിച്ചു. മാതാവിന്റെ രൂപം ഞാന്‍ മറിച്ചിടുമോ എന്ന് ഭയന്ന് ചുറ്റും നിന്നിരുന്നവര്‍ ഓടിവന്ന് ബലമായി എന്നെ പിടി വിടുവിച്ച് അവിടെനിന്നും എടുത്തുകൊണ്ടുപോയി. ഞാന്‍ ഉച്ചത്തില്‍ കരഞ്ഞ് എന്റെ പ്രതിഷേധം പ്രകടിപ്പിച്ചു. ‘എന്നെ വിട്, എന്നെ വിട്, അമ്മ കുഞ്ഞോളെ എടുക്കാമെന്ന് പറഞ്ഞു’ എന്നുപറഞ്ഞ് അലമുറയിട്ട് കരയുന്ന എന്നെ അമ്മച്ചിയെടുത്ത് പള്ളിക്ക് പുറത്തുകൊണ്ടുപോയി ആശ്വസിപ്പിച്ച് തിരിച്ച് പള്ളിയ്ക്കകത്ത് കൊണ്ടുപോയി. വീണ്ടും അമ്മച്ചിയുടെ കണ്ണുവെട്ടിച്ച് രണ്ടുമൂന്നുവട്ടം ഞാന്‍ മാതാവിന്റെ തിരുസ്വരൂപത്തില്‍ കെട്ടിപ്പിടിക്കാനായി ഓടിയടുത്തു. ഓരോ പ്രാവശ്യവും ഞാന്‍ ബലമായി പിടിച്ചു മാറ്റപ്പെട്ടുവെങ്കിലും മാതാവിനോടുള്ള ഭക്തിയും സ്‌നേഹവും അറ്റാച്ച്‌മെന്റും അമ്മ കൈയിലെടുത്താലുള്ള ആനന്ദവും അന്നുമുതലേ എന്റെ ഹൃദയത്തില്‍ നിറഞ്ഞിരുന്നു. വളരെ ചെറുപ്രായത്തിലേ അമ്മയുടെ കരങ്ങളാല്‍ എടുക്കപ്പെട്ട ഒരു കുഞ്ഞുമകളാണ് ഞാന്‍.
ഉണ്ണീശോയും മാതാവും കളി
കൊച്ചുകുട്ടികള്‍ അച്ഛനും അമ്മയും കളിക്കുന്ന പ്രായത്തില്‍ ഞാന്‍ കളിച്ചിരുന്ന കളി ഉണ്ണീശോയും മാതാവും കളിയാണ്. തലയില്‍ വലിയ പുതപ്പുകൊണ്ട് തലമുണ്ടിട്ട് ഉണ്ണീശോക്ക് കുളിരാതെ തലമുണ്ടുകൊണ്ട് പൊതിഞ്ഞുകിടത്തി വാവാവോ, രാരീരം എന്നൊക്കെ പാടിയുറക്കുക. പക്ഷേ പലരും ഈ കളിക്കുവേണ്ടി ഉണ്ണീശോയാകാന്‍ എന്റെ കൂടെ കൂടുവാന്‍ തയാറാകുമായിരുന്നില്ല. കരഞ്ഞുകാറി, ശാഠ്യം പിടിച്ച് എന്നെക്കാള്‍ ഇരട്ടി വലിപ്പമുള്ള എന്റെ അമ്മാവന്മാരെപ്പോലും കൂടെ കിടത്തി ഞാന്‍ മാതാവായി വേഷം കെട്ടി അവരെ വാവാവോ വച്ചുറക്കുന്നത് ഇന്നും ഓര്‍ക്കുന്നു. അത്രയേറെ വശ്യതയും മാധുര്യവും നിറഞ്ഞതായിരുന്നു മാതാവിന്റെ മാതൃത്വം എനിക്ക്.
നൃത്തവും പാട്ടും പഠിപ്പിച്ച മാതാവ്
അല്പംകൂടി മുതിര്‍ന്നപ്പോള്‍ എന്റെ പ്രധാനപ്പെട്ട ഹോബി മാസികയിലും പത്രത്തിലുമൊക്കെ വരുന്ന മാതാവിന്റെയും വിശുദ്ധരുടെയും ചിത്രങ്ങള്‍ ശേഖരിക്കുക എന്നതായിരുന്നു. ഉദ്ദിഷ്ടകാര്യം സാധിച്ചതിന് ഉപകാരസ്മരണയായി അക്കാലത്ത് മാസികയിലും പത്രത്തിലും ഇത്തരത്തിലുള്ള ചിത്രങ്ങള്‍ ധാരാളം വന്നിരുന്നു. അവയെല്ലാം കീറിയെടുത്ത് അവയുടെ മധ്യത്തില്‍ മാതാവിന്റെ വലിയ ചിത്രം ചോറുംപശകൊണ്ട് ഒട്ടിച്ച് അത് കഴുത്തില്‍ തൂക്കി പാട്ടുപാടി ആരും കാണാതെ നൃത്തം ചെയ്യുക എന്നത് എന്റെ വലിയ സന്തോഷമായിരുന്നു. അക്കാലത്ത് ഒരു നൃത്തമോ ഒരു പാട്ടോ ഞാന്‍ എവിടെനിന്നും കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്ല. പിന്നെ ആര് എന്നെ ഇല്ലാത്ത പാട്ട് ഉണ്ടാക്കി പാടാനും കാണാത്ത നൃത്തം ഉണ്ടാക്കി ചെയ്യാനും പഠിപ്പിച്ചു? ഞാന്‍ ഇന്നും അന്നും വിശ്വസിക്കുന്നു അത് പരിശുദ്ധ മാതാവാണെന്ന്.
സ്വര്‍ഗത്തില്‍ വിശുദ്ധരുടെ മധ്യത്തില്‍ വസിക്കുന്ന വിശുദ്ധരുടെയും മാലാഖമാരുടെയും രാജ്ഞി മാതാവാണെന്ന് മനുഷ്യരാരും എന്നോട് ആ പ്രായത്തില്‍ പറഞ്ഞുതന്നതായി എനിക്കോര്‍മയില്ല. മാതാവുതന്നെയാകാം എനിക്ക് ആ ബോധം തന്നത്. അതുകൊണ്ടാണല്ലോ മാതാവിന്റെ ചിത്രം മറ്റു വിശുദ്ധന്മാരുടെ നടുവില്‍ ഞാന്‍ ഒട്ടിച്ചു പിടിപ്പിച്ചത്.
വണക്കമാസം എന്റെ ജീവിതത്തില്‍
മാതാവിന്റെ വണക്കമാസ പുസ്തകം ആദ്യം തൊട്ട് അവസാനംവരെ വായിക്കുക എന്നത് കൗമാരപ്രായത്തിലെ എന്റെ ശീലമായിരുന്നു. തറവാടുവീടിന്റെ തൊട്ടടുത്ത റബര്‍തോട്ടത്തില്‍ പോയിരുന്നാണ് ഏകാഗ്രതയോടെ ഞാനത് ചെയ്തിരുന്നത്. അതിന്റെ അകത്തുള്ള ദൃഷ്ടാന്തങ്ങള്‍ എന്നെ വളരെയേറെ സ്പര്‍ശിച്ചിരുന്നു. അതിന്റെയകത്തുള്ള ബര്‍ണാര്‍ദുപുണ്യവാന്റെ പ്രാര്‍ത്ഥന (എത്രയും ദയയുള്ള മാതാവേ എന്ന ജപം) എന്നെ അക്കാലത്ത് വല്ലാതെ ആകര്‍ഷിച്ചിരുന്നു. കൗമാരകാലത്ത് എന്നെ അലട്ടിയിരുന്ന ചില തഴക്കദോഷങ്ങളില്‍നിന്നും എന്നെ രക്ഷപ്പെടുത്തിയത് ബര്‍ണാര്‍ദുപുണ്യവാനെ ഏറെ സഹായിച്ച ദൈവമാതാവിനോടുള്ള ആ പ്രാര്‍ത്ഥനയാണ്. എന്റെ വ്യക്തിപരമായ പ്രാര്‍ത്ഥന ആദ്യം ആരംഭിക്കുന്നതും ആ മാതാവിന്റെ വണക്കമാസ വായനയില്‍നിന്നും പ്രാര്‍ത്ഥനയില്‍നിന്നുമാണെന്ന് ഇപ്പോള്‍ എനിക്ക് തോന്നുന്നു.
സൊഡാലിറ്റിയില്‍ ചേര്‍ന്നപ്പോള്‍
സ്വര്‍ഗത്തിന്റെ അനുഭവം ഈ ഭൂമിയില്‍വച്ച് ചിലപ്പോഴെല്ലാം ദൈവം മനുഷ്യര്‍ക്ക് വെളിപ്പെടുത്തും എന്നത് വലിയ സത്യമാണ്. പാപത്തില്‍നിന്നും അകന്ന് ജീവിക്കുവാനും സ്വര്‍ഗത്തെ ലക്ഷ്യമാക്കി ജീവിക്കുവാനും ഇങ്ങനെയുള്ള സ്വര്‍ഗീയദര്‍ശനങ്ങളും അനുഭവങ്ങളും നമ്മെ സഹായിക്കും. അത്തരമൊരു സ്വര്‍ഗീയ ദര്‍ശനവും അനുഭവവും ആദ്യമായി എനിക്ക് ലഭിക്കുന്നത് സൊഡാലിറ്റിയില്‍ (മാതാവിന് സമര്‍പ്പിച്ചിട്ടുള്ള അക്കാലത്തുള്ള ഒരു ഭക്തസംഘടന) ചേരുന്ന നിമിഷത്തിലാണ്. ഞങ്ങളുടെ ഇടവകയിലെ എസ്.ഡി സിസ്റ്റേഴ്‌സാണ് അതിനുവേണ്ടി ഞങ്ങളെ ഒരുക്കിയത്. നല്ല കുമ്പസാരം കഴിച്ച് കുര്‍ബാന സ്വീകരിച്ചതിനുശേഷം പുതുതായി സൊഡാലിറ്റിയില്‍ ചേര്‍ക്കുന്ന ഞങ്ങളെ നിരനിരയായി നിര്‍ത്തിയിട്ട് സൊഡാലിറ്റിയിലെ മാതാവിനോടുള്ള സമര്‍പ്പണ പ്രാര്‍ത്ഥന ചൊല്ലിത്തരുന്നത് ഏറ്റുചൊല്ലുന്ന നിമിഷത്തില്‍ സ്വര്‍ഗീയമായ ഒരനുഭവം എനിക്കുണ്ടായി.
സ്വര്‍ഗം തുറന്നിരിക്കുന്നത് ഞാന്‍ അനുഭവിച്ചു. മാലാഖമാരുടെ സംഗീതം ഞാന്‍ കേട്ടു. മാതാവിന്റെ വലിയ സാന്നിധ്യം സ്വര്‍ഗത്തില്‍നിന്നും ഇറങ്ങിവരുന്നതും ഞങ്ങളെ പൊതിയുന്നതും ഞാന്‍ അനുഭവിച്ചു. സ്വര്‍ഗീയമായ വലിയ ആനന്ദംകൊണ്ട് എന്റെ ഹൃദയം നിറയുന്നത് ഞാന്‍ അനുഭവിച്ചു. ആ ദിവസം പള്ളിവിട്ട് വീട്ടിലേക്ക് പോകാനേ എനിക്ക് തോന്നിയില്ല. മനസില്ലാമനസോടെയാണ് ഞാനന്ന് വീട്ടില്‍ പോയത്. വര്‍ഷങ്ങളേറെ കഴിഞ്ഞിട്ടും അന്നത്തെ സ്വര്‍ഗീയാനുഭവവും മാതാവിന്റെ ഇറങ്ങിവരലും മാലാഖമാരുടെ സംഗീതവും ഇന്നും ഹൃദയത്തില്‍ അതേപടി നില്ക്കുന്നു.
ജപമാലരാജ്ഞിയോടുള്ള സമര്‍പ്പണം
മാതാവിനോട് വലിയ ഭക്തിയും വണക്കവും സ്‌നേഹവും ആശ്രയത്വവും എല്ലാം ഉണ്ടായിരുന്നുവെങ്കിലും വ്യക്തിപരമായി ജപമാല ചൊല്ലുന്ന ശീലം എനിക്കില്ലായിരുന്നു. വീട്ടില്‍ സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് ചൊല്ലുന്ന ജപമാല മാത്രമായിരുന്നു എന്റെ ജീവിതത്തിലെ ആകപ്പാടെയുള്ള ജപമാല. എന്നാല്‍ ഈ അവസ്ഥയ്ക്ക് മാറ്റം വന്നത് കരിസ്മാറ്റിക് നവീകരണത്തിലേക്ക് വന്നതിലൂടെയാണ്.
അമ്മതന്നെയാണ് എന്നെ കരിസ്മാറ്റിക് നവീകരണത്തിലേക്ക് നയിച്ചത്. കരിസ്മാറ്റിക് നവീകരണത്തിന്റെ സ്ഥായിഘടകങ്ങളില്‍ ഒന്നാണല്ലോ മാതാവിനോടുള്ള ഭക്തി. നവീകരണത്തില്‍ നിലനില്ക്കണമെങ്കില്‍ വ്യക്തിപരമായി ജപമാല ചൊല്ലേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആദ്യത്തെ ധ്യാനത്തില്‍വച്ച് ധ്യാനഗുരു പറഞ്ഞപ്പോള്‍ അതൊരു തീരുമാനമായി എന്റെ ജീവിതത്തിലും തീരുകയായിരുന്നു. അന്നുമുതലാണ് കൂടുതല്‍ ജപമാലയര്‍പ്പിക്കുന്നവളായി സാവധാനത്തില്‍ രൂപാന്തരപ്പെട്ടത്.
ഉത്തരീയഭക്തിയും മാതൃദാനം
ജീവിതത്തിലാരും വെന്തിങ്ങ ധരിക്കുവാന്‍ എന്നെ പ്രേരിപ്പിക്കുകയോ ഉപദേശിക്കുകയോ ചെയ്തിട്ടില്ല. എന്റെ അപ്പച്ചന്‍ വെന്തിങ്ങ ധരിക്കുന്ന ആളായിരുന്നു. പക്ഷേ അതൊരു മോശപ്പെട്ട, വിലകുറഞ്ഞ ഏര്‍പ്പാടായിട്ടാണ് അക്കാലങ്ങളില്‍ എനിക്ക് തോന്നിയത്. പക്ഷേ നവീകരണത്തില്‍ വന്ന് കുറെനാള്‍ കഴിഞ്ഞപ്പോള്‍ ഒരു ദിവസം വെന്തിങ്ങ മേടിക്കണമെന്നും ധരിക്കണമെന്നും എനിക്ക് തോന്നി. പരിശുദ്ധാത്മാവ് ഒഴികെ മറ്റാരും അതിന് എന്നെ പ്രേരിപ്പിച്ചിട്ടില്ല. അങ്ങനെ ഞാന്‍ വെന്തിങ്ങ മേടിച്ച് വെഞ്ചരിച്ച് ധരിക്കാന്‍ തുടങ്ങി. മാത്രമല്ല ഉത്തരീയഭക്തി പ്രചരിപ്പിക്കുന്നവളുമായിത്തീര്‍ന്നു. ഇന്ന് എന്റെ കുടുംബാംഗങ്ങള്‍ എല്ലാവരും വെന്തിങ്ങ ധരിക്കുന്നവരാണ്.
പ്രാര്‍ത്ഥനയ്ക്കുത്തരം ജപമാലയിലൂടെ
വ്യക്തിപരമായ എന്റെ യാചനാപ്രാര്‍ത്ഥനകളും മധ്യസ്ഥപ്രാര്‍ത്ഥനകളും 90 ശതമാനവും ഞാന്‍ കര്‍ത്താവിന് സമര്‍പ്പിക്കുന്നത് ജപമാല ചൊല്ലി അതിലെ രഹസ്യങ്ങള്‍ സമര്‍പ്പിച്ചുകൊണ്ടാണ്. ഒന്നുകില്‍ ചോദിച്ച കാര്യങ്ങള്‍ അതേപടിതന്നെ സാധിച്ചുതരും. അല്ലെങ്കില്‍ ഉപരിയായ കൃപ തരും. ഇതുവരെ മറിയത്തോട് പ്രാര്‍ത്ഥിച്ചിട്ട് മണ്ടിയാകാന്‍ എനിക്ക് ദൈവം ഇട വരുത്തിയിട്ടില്ല.
നിത്യസഹായ മാതാവിന്റെ നൊവേനയില്‍ ഇങ്ങനെ ഒരു പ്രാര്‍ത്ഥനയുണ്ട്. ‘തുടര്‍ന്ന് സഹിക്കുക എന്നതാണ് ദൈവതിരുമനസെങ്കില്‍ അവ സന്തോഷത്തോടും ക്ഷമയോടുംകൂടി സ്വീകരിക്കുവാനുള്ള ശക്തി എനിക്ക് നല്കണമേ’ എന്ന്. എനിക്ക് തോന്നുന്നത് ഈ മേഖലയിലാണ് അമ്മയെന്നെ ഏറെ സഹായിച്ചിട്ടുള്ളത് എന്നാണ്. കാരണം മംഗളവാര്‍ത്ത അറിഞ്ഞ കാലം മുതല്‍ യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്പുവരെ അമ്മയുടെ ജീവിതം നിരന്തര സഹനങ്ങളുടെ ഘോഷയാത്രയായിരുന്നല്ലോ. ദൈവകൃപ നിറഞ്ഞ മറിയം അവിടുത്തെ മകളായ എന്നെയും നിരന്തരമായ സഹനങ്ങളില്‍ കൃപ നല്കി തകരാതെ നിര്‍ത്തുന്നു.
ഈ കുറിപ്പുകളും ജപമാലരാജ്ഞിയുടേത്
ശാലോം ടൈംസ് തുടര്‍ച്ചയായി വായിക്കുന്നവര്‍ക്കറിയാം കുറെ വര്‍ഷങ്ങളായി ഞാന്‍ ഈ മാസികയില്‍ എഴുതുന്നു എന്നുള്ളത്. പക്ഷേ എന്റേതല്ല, മാതാവിന്റേതാണ് ഈ കുറിപ്പുകള്‍. ഈ ലേഖനങ്ങള്‍ക്കുവേണ്ടി ആകപ്പാടെ ഞാന്‍ ചെയ്യുന്നത് ഒരു മുഴുവന്‍കൊന്ത (203 മണി) ചൊല്ലുക എന്നുള്ളത് മാത്രമാണ്. ലേഖനത്തിലെഴുതേണ്ട ആശയങ്ങളും ദൈവവചനങ്ങളും ആ നിമിഷങ്ങളിലാണ് എനിക്ക് ദൈവം വെളിപ്പെടുത്തി തരുന്നത്. വര്‍ഷങ്ങളായി ബൈബിള്‍ മാത്രമാണ് ഞാന്‍ വായിക്കുന്ന ഏകഗ്രന്ഥം. ‘ആത്മജ്ഞാനപൂരിത പാത്ര’മായ മറിയം തന്റെ വലിയ മധ്യസ്ഥതയിലൂടെ ശാലോം ടൈംസിന്റെ വായനക്കാര്‍ക്കുവേണ്ടി വെളിപ്പെടുത്തുന്ന കാര്യങ്ങള്‍ ഞാന്‍ കുറിച്ചുവയ്ക്കുന്നു എന്ന് മാത്രമേയുള്ളൂ. ശാലോം ടൈംസും മാതാവിന് സമര്‍പ്പിക്കപ്പെട്ടതാണല്ലോ.
ഇവിടെ ഞാന്‍ കുറിച്ചത് മറിയം എനിക്കാരെന്ന അനുഭവങ്ങള്‍ മാത്രമാണ്. ഇതൊരു ലേഖനമല്ല. ഈ ജപമാലമാസത്തില്‍ ജപമാലരാജ്ഞിയായ മറിയം പുതിയൊരഭിഷേകം നിങ്ങളുടെ ജീവിതങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും നല്കട്ടെയെന്ന് ആശംസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ആവേ മരിയ.


സ്റ്റെല്ല ബെന്നി

Leave a Reply

Your email address will not be published. Required fields are marked *