ഞങ്ങളുടെ പഴയ തറവാടുവീട് ഏതാണ്ട് വാസയോഗ്യമല്ലാതായിത്തുടങ്ങിയിരുന്നു. അതിനാല്‍ എന്റെ രണ്ടാമത്തെ മകളെ പ്രസവത്തിന് കൂട്ടിക്കൊണ്ടു വരുന്നതിനു മുമ്പ് അടുത്തുതന്നെ ഒരു വാടകവീട് കിട്ടാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു. ഞാന്‍ മൂത്ത മകള്‍ക്കൊപ്പം വേറൊരു സ്ഥലത്താണ് താമസം. നാട്ടില്‍ ഞങ്ങള്‍ പലരിലൂടെയും വീട് അന്വേഷിച്ചുകൊണ്ടിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന മകനും അവന്റെ കൂട്ടുകാര്‍വഴി അന്വേഷിച്ചുകൊണ്ടിരുന്നു.
ആ സമയത്ത് പഴയ വീടിന് അടുത്തുതന്നെ ഒരു വീട് ലഭിക്കണമെന്ന നിയോഗത്തോടെ ഞാന്‍ ലൂക്കാ 1:37 വചനം ആയിരം പ്രാവശ്യം എഴുതാന്‍ ആരംഭിച്ചു. അത് എഴുതി പൂര്‍ത്തിയാക്കുന്ന ദിവസങ്ങളില്‍ത്തന്നെ അയല്‍ക്കാരിലൊരാള്‍ ഫോണ്‍ ചെയ്ത് എന്നോട് പറഞ്ഞു, അവരുടെ അടുത്തുള്ള ബന്ധുവീട്ടിലെ വാടകക്കാര്‍ ഒഴിയുകയാണ് എന്ന്. ഈ വിവരം കിട്ടി അധികം വൈകാതെതന്നെ ഞങ്ങള്‍ ആ വീടിന്റെ ഉടമസ്ഥരെ വിളിച്ച് കാര്യങ്ങള്‍ സംസാരിക്കുകയും ഞങ്ങള്‍ക്ക് ആ വീട് ലഭിക്കുകയും ചെയ്തു. വാടകവീടും ഞങ്ങളുടെ പഴയ വീടും തമ്മില്‍ ഏതാണ്ട് അഞ്ച് വീടുകളുടെ വ്യത്യാസമേയുള്ളൂ.
ജെസ്സി ജോസ്, കുന്നംകുളം