പരിശുദ്ധ കന്യകാമറിയം മാലാഖമാരാല്‍ സ്വര്‍ഗ്ഗത്തിലേക്ക് കരേറ്റപ്പെട്ടതായി ജപമാലരഹസ്യത്തില്‍ നാം ധ്യാനിക്കുന്നു. എന്നാല്‍ 2019 ഫെബ്രുവരി ലക്കം ശാലോം ടൈംസില്‍ പരിശുദ്ധ അമ്മയുടെ ശരീരം ക്രിസ്തുശിഷ്യന്മാര് മഞ്ചത്തില്‍ വഹിച്ചുകൊണ്ട് നീങ്ങിയതായി എഴുതിയിരിക്കുന്നു. വിശുദ്ധനാട്ടില്‍ മാതാവിനെ അടക്കം ചെയ്ത ഇടം കാണാമെന്ന് ഒരു പുസ്തകത്തില്‍ വായിച്ചതും എന്റെ ഓര്‍മ്മയിലുണ്ട്. ഇക്കാര്യം വ്യക്തമാക്കിത്തരാമോ?
ജോണി നീലികാട്, ആലപ്പുഴ
1950 നവംബര്‍ ഒന്നിന് പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ ദി മോസ്റ്റ് ബൗണ്ടിഫുള്‍ ഗോഡ് എന്ന ഡോക്യുമെന്റിലൂടെ പരിശുദ്ധ മറിയം ആത്മ-ശരീരങ്ങളോടെ സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടു എന്നത്, അതായത് മറിയത്തിന്റെ സ്വര്‍ഗാരോപണം, ഒരു വിശ്വാസസത്യമായി പ്രഖ്യാപിച്ചു. മാര്‍പാപ്പയുടെ പ്രഖ്യാപനത്തിലെ ഏറ്റവും കാതലായ വചനം ഇങ്ങനെയാണ്: അമലോത്ഭവയായ ദൈവമാതാവ്, നിത്യകന്യകയായ മറിയം, അവളുടെ ഈലോക ജീവിതകാലം പൂര്‍ത്തിയാക്കിയപ്പോള്‍ ആത്മ-ശരീരങ്ങളോടെ സ്വര്‍ഗീയ മഹത്വത്തിലേക്ക് എടുക്കപ്പെട്ടു. മറിയം മരിച്ചുവോ ഇല്ലയോ എന്ന് മാര്‍പാപ്പ വ്യക്തമായ വാക്കുകളില്‍ പറയുന്നില്ല. ഈയൊരു പശ്ചാത്തലത്തില്‍, ചോദ്യം ചോദിച്ച സഹോദരനെ അനുമോദിക്കുന്നു. ഈ ചോദ്യത്തിന് നല്കുന്ന ഉത്തരം പലര്‍ക്കും ഇക്കാര്യത്തില്‍ ഒരു വ്യക്തത ഉണ്ടാകുവാന്‍ സഹായിക്കും.
ഉല്‍പത്തി പുസ്തകം 3:19-ല്‍ ദൈവം ഇങ്ങനെ പറയുന്നു: നീ പൊടിയാണ്; പൊടിയിലേക്കുതന്നെ നീ മടങ്ങും. മരിച്ച് മണ്ണായിത്തീരുക എന്നത് പാപത്തിന് ദൈവം നല്കുന്ന ശിക്ഷയാണ്. മരിച്ച് മണ്ണായിത്തീരുന്ന മനുഷ്യനെയാണ് അന്ത്യവിധിയുടെ സമയത്ത് ദൈവം വീണ്ടും ഉയിര്‍പ്പിക്കുന്നത്. എന്നാല്‍ യേശുവിന് ശരീരം നല്‌കേണ്ട മറിയത്തെ ജന്മപാപത്തിന്റെ കറയില്ലാതെ ദൈവം സംരക്ഷിച്ചു. അതിനാല്‍ത്തന്നെ സാധാരണ മനുഷ്യരില്‍ കാണുന്ന ജന്മസിദ്ധമായ പാപവാസനകള്‍, മൂലപാപങ്ങള്‍ തുടങ്ങിയവയൊന്നും മറിയത്തില്‍ ഉണ്ടായിരുന്നിരിക്കില്ല. തന്നെയുമല്ല മംഗളവാര്‍ത്തയ്ക്ക് സമ്മതിച്ചപ്പോള്‍ മറിയം പരിശുദ്ധാത്മാവിനാല്‍ പൂരിതയായി. അതുകൊണ്ട് മറിയം കര്‍മപാപവും ചെയ്തിട്ടുണ്ടാവില്ല. ഇക്കാരണത്താല്‍ മറിയത്തിന്റെ ശരീരം അഴുകാനും മണ്ണായിത്തീരാനും ദൈവം അനുവദിച്ചില്ല എന്ന് നാം വിശ്വസിക്കുന്നു. എന്നാല്‍ മറിയം മരിച്ചു എന്നും അതിനുശേഷം മറിയത്തിന്റെ ആത്മാവും ശരീരവും ദൈവം ഒന്നിച്ചുചേര്‍ത്ത് സ്വര്‍ഗത്തിലേക്ക് കൊണ്ടുപോയി എന്നുമാണ് സഭയിലെ പൊതുവായ വിശ്വാസം.
സ്വര്‍ഗാരോപണം വിശ്വാസസത്യമായി പ്രഖ്യാപിക്കുന്ന രേഖയില്‍ പലയിടത്തും മറിയം മരിച്ച് അടക്കപ്പെട്ടു എന്ന വിശ്വാസങ്ങളും ആ വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള പ്രാര്‍ത്ഥനകളും പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ ഉദ്ധരിക്കുന്നുണ്ട്. പതിനേഴാം നമ്പര്‍ ഖണ്ഡികയില്‍, മറിയം താല്‍ക്കാലികമായി മരിച്ചുവെന്ന അഡ്രിയാന്‍ ഒന്നാം മാര്‍പാപ്പയുടെ വചനം ഉദ്ധരിക്കപ്പെടുന്നു.
പതിനെട്ടാം ഖണ്ഡികയില്‍, ബൈസന്റയിന്‍ റീത്തിലെ പ്രാര്‍ത്ഥനയില്‍നിന്നും താഴെ കൊടുത്തിരിക്കുന്ന ഭാഗം മാര്‍പാപ്പ ഉദ്ധരിക്കുന്നുണ്ട്: ദൈവം അങ്ങയുടെ ശരീരം അഴുകാതെ കുഴിമാടത്തില്‍ സംരക്ഷിക്കുകയും കുഴിമാടത്തില്‍നിന്നും മാറ്റി ആ ശരീരത്തെ മഹത്വമണിയിക്കുകയും ചെയ്തു. കന്യകാമറിയത്തിന്റെ ഉറക്കത്തിന്റെ തിരുനാള്‍ ആഘോഷിക്കുവാന്‍ സെര്‍ജിയൂസ് ഒന്നാമന്‍ മാര്‍പാപ്പ നിര്‍ദേശിച്ചതായി പത്തൊമ്പതാം ഖണ്ഡികയില്‍ പറയുന്നുണ്ട്. മരണശേഷവും മറിയത്തിന്റെ ശരീരം മലിനമാകാതെ സൂക്ഷിക്കുക യുക്തമായിരുന്നുവെന്ന ജോണ്‍ ഡമഷീന്റെ വാചകവും തന്റെ രേഖയില്‍ മാര്‍പാപ്പ ഉദ്ധരിക്കുന്നു. ഇങ്ങനെയുള്ള രേഖകള്‍ മാര്‍പാപ്പ ഉദ്ധരിച്ച് ഈ രേഖയില്‍ ഉള്‍പ്പെടുത്തുന്നതുവഴി മറിയം മരിച്ചുവെന്ന കാര്യം മാര്‍പാപ്പ അംഗീകരിക്കുന്നതായി മനസിലാക്കാം. (ഇന്റര്‍നെറ്റില്‍ ഈ രേഖ ലഭ്യമാണ്. ഋിഴഹശവെ ലേഃ േീള ജീുല ജശൗ െ12വേ ീി വേല അൗൈാുശേീി ീള ങീവേലൃ ങമൃ്യ എന്ന് സേര്‍ച്ച് ചെയ്യുക).
മറിയത്തിന്റെ ജീവിതം, മരണം, സംസ്‌കാരം എന്നിവയുമായി ബന്ധപ്പെട്ട രണ്ട് പ്രധാന ദൈവാലയങ്ങള്‍ ജറുസലേമില്‍ ഉണ്ട്. അതില്‍ ഒന്നിന്റെ പേര് ഡോര്‍മീഷന്‍ ആബി എന്നാണ്. സീയോന്‍ മലയില്‍ ആണിത്. ഡോര്‍മീഷന്‍ എന്ന് പറഞ്ഞാല്‍ ഉറങ്ങുന്ന അവസ്ഥ എന്നാണര്‍ത്ഥം. ബെനഡിക്ടറ്റെന്‍ സന്യാസിമാരുടെ നിയന്ത്രണത്തിലുള്ള ഈ ആശ്രമദൈവാലയത്തിന്റെ ഇന്നത്തെ ഭൂഗര്‍ഭ ഗ്രോട്ടോ സ്ഥിതിചെയ്യുന്ന സ്ഥലത്താണ് യേശുവിന്റെ മരണശേഷം മറിയം ജീവിച്ചിരുന്നതെന്നും ഇവിടെവച്ചുതന്നെയാണ് മരിച്ചതെന്നും വിശ്വസിക്കപ്പെടുന്നു. ഉറങ്ങുന്ന മറിയത്തിന്റെ പൂര്‍ണകായ പ്രതിമ ഈ ഗ്രോട്ടോയില്‍ കാണാം.
സീയോന്‍ മലയില്‍നിന്നും കുറച്ച് അകലത്തില്‍ ഗദ്‌സമന്‍ തോട്ടത്തിനുസമീപം കിദ്രോന്‍ താഴ്‌വരയില്‍ ആണ് മറിയത്തിന്റെ ശവകുടീരപള്ളി സ്ഥിതിചെയ്യുന്നത്. ഈ പള്ളി ഇരിക്കുന്ന സ്ഥലത്താണ് മറിയത്തിന്റെ ശരീരം സംസ്‌കരിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. അര്‍മേനിയന്‍, ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭകളുടെ നിയന്ത്രണത്തിലാണ് ഈ പള്ളി. ഈ രണ്ട് പാരമ്പര്യങ്ങളും വിശ്വാസങ്ങളും വച്ച് നോക്കുമ്പോള്‍, മറിയത്തിന്റെ ശരീരം ക്രിസ്തുശിഷ്യന്മാര് മഞ്ചത്തില്‍ വഹിച്ചുകൊണ്ടുപോയി എന്ന് കരുതുന്നതില്‍ തെറ്റൊന്നുമില്ല.
ഫാ. ജോസഫ് വയലില്‍ സി.എം.ഐ.