നസ്രസിലെത്തിയ ഈശോയെ കണ്ട് അമ്മ മേരിക്ക് വളരെ സന്തോഷമായി. തലേന്ന് മുതല്‍ ഈശോയെ കാത്തിരിക്കുന്ന ഒരു പെണ്‍കുട്ടിയെ അമ്മ ഈശോയുടെ മുന്നിലെത്തിച്ചു. യോഹന്നാന്‍ അപേക്ഷിച്ചതനുസരിച്ച് ഈശോ സുഖപ്പെടുത്തിയ ക്ഷയരോഗിണിയാണ് അവള്‍. പേര് അന്നാലിയ. സൗഖ്യം സ്വീകരിക്കുമ്പോള്‍ അവളുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.
”രോഗം ബാധിച്ചപ്പോള്‍ വിവാഹം നടക്കുകയില്ലല്ലോ എന്നതായിരുന്നു എന്റെ ദുഃഖം. എന്നാല്‍ ഇപ്പോള്‍ വിവാഹം ഏറ്റവും പ്രിയപ്പെട്ടതായി എനിക്ക് തോന്നുന്നില്ല. എന്റെ വരനായ ശമുവേലിനോടും ഇക്കാര്യം പറഞ്ഞു. ഒരു വര്‍ഷത്തേക്ക് വ്രതജീവിതം കഴിക്കാന്‍ അദ്ദേഹത്തിനും ആഗ്രഹമുണ്ട്.”
അവളുടെ വാക്കുകള്‍ കേട്ട് അഭിനന്ദനമറിയിച്ചിട്ട് നിനക്ക് എന്താണ് വേണ്ടത് എന്ന് ഈശോ ചോദിച്ചു.
”വ്രതം തീരുന്നതിന് മുമ്പുതന്നെ എന്റെ ജീവന്‍ തിരികെ എടുക്കണമെന്നാണ് എന്റെ ആഗ്രഹം.”
”എന്ത്? ജീവന്‍ തിരിച്ചുകിട്ടിയതില്‍ നിനക്ക് ദൈവത്തോട് നന്ദിയില്ലേ?”
”തീര്‍ച്ചയായും ഉണ്ട്, ഏറ്റം മഹത്തായത് എന്താണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞതില്‍!”
”അതെന്താണ്?”
”മാലാഖമാരെപ്പോലെ ജീവിക്കുക, അങ്ങയെപ്പോലെ, അങ്ങയുടെ അമ്മയെപ്പോലെ, അങ്ങയുടെ യോഹന്നാനെപ്പോലെ….”
”അന്നാലിയാ, നീ ആവശ്യപ്പെടുന്നത് വലിയ കാര്യങ്ങളാണ്…. നിത്യസ്‌നേഹത്തിന്റെ അഗ്നിയാല്‍ ഞാന്‍ നിന്നെ അനുഗ്രഹിക്കുന്നു.”
തുടര്‍ന്ന് അടുക്കളത്തോട്ടത്തിന്റെ ഭാഗത്തേക്ക് തിരിഞ്ഞ് ഈശോ അമ്മയെ വിളിച്ചു, ”അമ്മേ, ഇതാ ഒരു കൊച്ചുമകള്‍. അവള്‍ ഇപ്പോള്‍ സന്തുഷ്ടയാണ്; എന്നാല്‍ പരിശുദ്ധ നഗരത്തില്‍ അമ്മ ഓരോ തവണ പോകുമ്പോഴും അവളെ അമ്മയുടെ പരിശുദ്ധിയില്‍ മുഴുകിക്കുക.” ക്രിസ്തുവിനുവേണ്ടി ആദ്യമായി കന്യാഭിഷേകം ചെയ്യപ്പെട്ട അന്നാലിയാ സന്തോഷംകൊണ്ടു നിറഞ്ഞു.
ദൈവമനുഷ്യന്റെ സ്‌നേഹഗീത,
സംഗ്രഹിച്ച പതിപ്പ്