സ്വര്‍ഗത്തിലേക്ക് ഒരേയൊരു എളുപ്പവഴി

ബ്രസ്ലോവ് നഗരത്തിലെ ഒരു വീട്ടമ്മ, അതുവരെ കേട്ടിട്ടില്ലാത്ത ശ്രുതിമധുരമായ ഗാനം കേട്ടാണ് ഉണര്‍ന്നത്. സ്വര്‍ഗീയ ദൂതഗണങ്ങളുടെ ഗാനാലാപത്തില്‍ ലയിച്ച അവര്‍, താന്‍ സ്വര്‍ഗത്തിലെത്തിയോ എന്നുപോലും സംശയിച്ച് അത്ഭുതപ്പെട്ടിരിക്കേ, ഒരു സ്വരം ഇങ്ങനെ പറഞ്ഞു:”നാന്‍കര്‍ മെത്രാന്‍ ഇഹലോകവാസം വെടിഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിനെ മാലാഖമാര്‍ സ്വര്‍ഗത്തിലേക്ക് സംവഹിക്കുകയാണ്.” അദ്ദേഹം ശുദ്ധീകരണസ്ഥലത്തെത്താതെ നേരെ സ്വര്‍ഗത്തിലേക്ക് സ്വീകരിക്കപ്പെട്ടു എന്നുമാത്രമല്ല, അസംഖ്യം മാലാഖമാര്‍ ആഹ്ലാദാരവങ്ങളോടെയാണ് അദ്ദേഹത്തെ ദൈവസന്നിധിയിലേക്ക് ആനയിച്ചത്. ദുഷ്‌കരമായ ശുദ്ധീകരണാഗ്നിയെ മറികടന്ന് സ്വര്‍ഗത്തില്‍ ഉന്നതസ്ഥാനം കരഗതമാക്കാന്‍മാത്രം ഇത്ര ബഹുമതിയും ആദരവും അദ്ദേഹത്തിന് എങ്ങനെ ലഭിച്ചുവെന്ന് അവര്‍ ചോദിച്ചപ്പോള്‍, ‘പരിശുദ്ധ കുര്‍ബാനയോടുള്ള അദ്ദേഹത്തിന്റെ അതിരറ്റ സ്‌നേഹവും ആദരവുംകൊണ്ടത്രേ’ എന്നാണ് ദൈവദൂതര്‍ മറുപടി നല്കിയത്. ദിവസവും സാധിക്കുന്നത്ര ദിവ്യബലികളില്‍ അദ്ദേഹം സംബന്ധിച്ചിരുന്നുവെന്ന് ചരിത്രരേഖകളില്‍ കാണാന്‍ കഴിയും.
”സ്വര്‍ഗത്തില്‍ എത്താനുള്ള ഏറ്റവും ഹ്രസ്വവും എളുപ്പവും സുനിശ്ചിതവുമായ മാര്‍ഗം പരിശുദ്ധ കുര്‍ബാനയാണ്” എന്ന് വിശുദ്ധ പത്താം പിയൂസ് മാര്‍പാപ്പ ഉദ്‌ബോധിപ്പിക്കുന്നു.

ദൈവനീതിപ്രകാരം, പരിഹാരം ചെയ്യാത്ത ഒരു പാപംപോലും ശിക്ഷിക്കപ്പെടാതെ പോവില്ല. എന്നാല്‍ കഠിന പരിഹാരപ്രവൃത്തികളെക്കാള്‍, നമ്മുടെ പാപകടങ്ങള്‍ മോചിക്കുന്നത് ദൈവപുത്രന്‍ നമുക്കായി അര്‍പ്പിച്ച വിശുദ്ധ ബലിയാണ്. കാരണം ക്രിസ്തുവിന്റെ രക്തത്തിനുമാത്രമേ പാപം മോചിക്കാന്‍ കഴിവുള്ളൂ. അതിനാല്‍, ശുദ്ധീകരണസ്ഥലത്തിനുപകരം ഞായറാഴ്ചകളിലും തിരുനാളുകളിലും ഒന്നിലധികം ദിവ്യബലികളില്‍ പങ്കെടുത്തുകൊണ്ട് ദൈവപുത്രന്‍ നമുക്കായി അര്‍പ്പിച്ച പാപപ്പരിഹാരബലിയിലൂടെ നമ്മുടെ പാപകടങ്ങള്‍ വീട്ടുകയല്ലേ യുക്തം?
മാത്രമല്ല, ഈ ബലിയുടെ യോഗ്യതകള്‍ സ്വന്തമാക്കുന്നവരുടെ സ്വര്‍ഗീയ മഹത്വവും വര്‍ധിക്കും. കാരണം ഓരോ ദിവ്യബലിയര്‍പ്പണത്തിലൂടെയും നിത്യജീവിതത്തിലേക്കുള്ള യോഗ്യതകളാണ് സ്വര്‍ഗത്തില്‍ നമ്മുടെ പേരില്‍ നിക്ഷേപിക്കപ്പെടുക. കൂടാതെ, ഉന്നതമായ സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്ന സ്‌നേഹസമ്പന്നനും മഹത്വപൂര്‍ണനുമായ ദൈവപിതാവിന്റെ സന്നിധിയിലേക്കുള്ള ചുവടുവയ്പുകളാണ് നാം അര്‍പ്പിക്കുന്ന ദിവ്യബലികള്‍. നമ്മുടെ സ്‌നേഹവും സഹകരണവും എത്രയുണ്ടോ അത്രയും ഉയരത്തില്‍, ദൈവത്തിന്റെ അടുക്കല്‍ നാം എത്തിച്ചേരും. ഈ രഹസ്യം അറിയുന്നവര്‍ ദിനവും ദിവ്യബലിയര്‍പ്പിക്കും, സാധിക്കുന്നത്ര ദിവ്യബലികളില്‍ ഭക്തിപൂര്‍വം പങ്കെടുക്കുകയും ചെയ്യും. അങ്ങനെയെങ്കില്‍ എത്ര വലിയ സ്വര്‍ഗീയമഹത്വമാണ് അവര്‍ക്കായി ഒരുക്കപ്പെട്ടിരിക്കുക!

ആത്മീയമേഖലയില്‍ മാത്രമല്ല, ഭൗതികതലത്തിലും പരിശുദ്ധ കുര്‍ബാനയോളം അനുഗ്രഹദായകമായ മറ്റൊന്നില്ല. വിശുദ്ധ കുര്‍ബാനയില്‍ സ്‌നേഹത്തോടും അനുതാപത്തോടും പങ്കുചേരുന്നവര്‍ക്ക് സകലനിധികളുടെയും ഉടയവനായ ദൈവത്തെത്തന്നെയാണ് പ്രതിഫലമായി ലഭിക്കുക. അതിനാല്‍ ഓരോ ബലിയര്‍പ്പണത്തിലൂടെയും, ജീവിതത്തിന്റെ ഏതു തുറകളിലുള്ളവരും ഈ ലോകത്തുവച്ചുതന്നെ മഹത്വത്തില്‍നിന്ന് മഹത്വത്തിലേക്ക് ഉയരുന്നു. അനുദിനബലി സ്‌നേഹപൂര്‍വം അര്‍പ്പിക്കുന്നവരുടെ ജീവിതം അതു വെളിവാക്കുന്നുണ്ട്.
രോഗസൗഖ്യത്തിനും സൗന്ദര്യവര്‍ദ്ധനവിനുമെല്ലാം വിശുദ്ധ ബലി ദിവ്യൗഷധമാണ് എന്ന് മൂന്നാം ഇന്നസെന്റ് മാര്‍പാപ്പാ പ്രബോധിപ്പിക്കുന്നു. ‘പരിശുദ്ധ കുര്‍ബാനയുടെ ശക്തിയാല്‍ നമ്മില്‍ എല്ലാ പുണ്യങ്ങളും കൃപകളും വളര്‍ന്ന് ഫലംചൂടുകയും ആന്തരികമായ സൗന്ദര്യം വര്‍ധിക്കുകയും ചെയ്യും. ഈ ആന്തരികസൗന്ദര്യമാകട്ടെ വിശുദ്ധര്‍ക്കും മനുഷ്യര്‍ക്കുമിടയിലും നമ്മെ തേജസുറ്റവരാക്കുന്നു.’
”എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാനദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും” (യോഹന്നാന്‍ 6:54).
കര്‍ത്താവേ, കഴിവുള്ളത്ര ദിവ്യബലികളില്‍ യോഗ്യതയോടെ പങ്കുചേരാനും അവയുടെ അനന്തയോഗ്യതകളാല്‍ ഇഹത്തിലും സ്വര്‍ഗത്തിലും അങ്ങേ മഹത്വത്തിലേക്ക് ഉയരാനും അനുഗ്രഹിക്കണമേ, ആമ്മേന്‍.

 

Leave a Reply

Your email address will not be published. Required fields are marked *