ഒരു വര്‍ഷം നീണ്ട മിഷന്‍ അനുഭവ പരിശീലനത്തോട് യാത്ര പറയാന്‍ സമയമായി. ഇനിയത്തെ പരിശീലനം മധ്യപ്രദേശിലെ മേജര്‍ സെമിനാരിയിലാണ്. വാര്‍ത്ത കേട്ട് കൂട്ടുകാര്‍ വലിയ സന്തോഷത്തിലായി എങ്കിലും എനിക്കത് ദുഃഖത്തിന്റേതായി. കാരണം എനിക്ക് അലര്‍ജി രോഗമുണ്ടായിരുന്നു.
പുതിയൊരു സ്ഥലം, പുതിയ സംസ്‌കാരം. പെട്ടെന്ന് ഇഴുകിച്ചേരുവാന്‍ എന്റെ ഉദരം പ്രാപ്തമല്ലായിരുന്നു. ചോറും തൈരും മാത്രമായിരുന്നു എന്റെ ഭക്ഷണം. അവിടെ ചെന്നപ്പോള്‍ പരിപ്പുകറിയും ചിക്കന്‍കറിയും കഴിച്ചു തുടങ്ങാന്‍ ആദ്യശ്രമം നടത്തി. എന്നാല്‍ അതിന്റെ പ്രത്യാഘാതം വലുതായിരുന്നു. വയറുവേദന കൂടി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. ഞാന്‍ ആ ദിവസങ്ങളില്‍ ഈശോയോട് കരഞ്ഞു പറഞ്ഞു, ”ഈശോയേ, വിശുദ്ധനായ ഒരു മിഷനറിയാകുവാന്‍ എന്റെ ശരീരത്തെ പ്രാപ്തമാക്കണേ.” മൂന്നാമത്തെ ദിവസം അത്ഭുതപ്പെടുത്തിക്കൊണ്ട് എന്റെ മേലധികാരികള്‍ എന്നെ കേരളത്തിലേക്ക് ഫിലോസഫി പഠിക്കുവാന്‍ അയച്ചു. എങ്കിലും രോഗത്തിന് തെല്ലും കുറവുണ്ടായില്ല. അലര്‍ജി കൂടുകതന്നെ ചെയ്തു. ഒരു മാസത്തോളം ഗ്ലൂക്കോസിന്റെ സഹായത്തോടെയായിരുന്നു ജീവിതം. അങ്ങനെയിരിക്കേ ഒരു കൂട്ടുകാരന്‍ എന്നെ കാണുവാന്‍ ആശുപത്രിയില്‍ വന്നു. എന്റെ അവസ്ഥ കണ്ട് ഒരു വൈദികന്റെ അടുത്ത് അവന്‍ എന്നെ കൊണ്ടുപോയി.
അസാധാരണമായ ഒരു ദൈവികതേജസ് ആ പുരോഹിതനില്‍ കാണാന്‍ കഴിഞ്ഞു. എന്നെ അദ്ദേഹം കൈപിടിച്ച് കൊണ്ടുപോയത് ദിവ്യകാരുണ്യ ഈശോയെ എഴുന്നള്ളിച്ചുവച്ച ചാപ്പലിലേക്കാണ്. എന്നിട്ട് എന്റെ തലയില്‍ കൈവച്ച് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. പെട്ടെന്ന് എന്റെ വയറ്റില്‍ ഷോക്കടിക്കുന്നതുപോലെ… ഈശോയുടെ ക്രൂശിതരൂപം ഞാന്‍ ആദ്യമായി തിരുവോസ്തിയില്‍ കണ്ടു. ”ഈശോയേ…” എന്ന് ഉച്ചത്തില്‍ ഞാന്‍ കരഞ്ഞു പ്രാര്‍ത്ഥിച്ചു. ഒരു സൗഖ്യം എന്റെ ശരീരത്തില്‍ അനുഭവപ്പെടുകയായിരുന്നു ആ സമയത്ത്. പിന്നീട് ആറ് മാസത്തേക്ക് ഏത് ഭക്ഷണവും കഴിക്കാവുന്ന വിധത്തില്‍ എനിക്ക് സൗഖ്യം ലഭിച്ചു. അങ്ങനെ വൈദികപരിശീലനം തുടരാന്‍ കഴിഞ്ഞു.
എന്റെ ദൈവവിളിക്ക് സ്വര്‍ഗം നല്കിയ ഉറപ്പായിരുന്നു ആ സംഭവം. അലര്‍ജി വീണ്ടും ആക്രമിച്ചെങ്കിലും പ്രാര്‍ത്ഥനാജീവിതം ആഴപ്പെടുത്താനും അവിടുത്തെ സ്‌നേഹം കൂടുതല്‍ അനുഭവിക്കാനും വേദനകള്‍ എനിക്ക് നിമിത്തമായി. എന്റെ ദൈവവിളിയെ ഊട്ടിയുറപ്പിച്ച ഈശോ എന്നെ വഴിനടത്തുന്നു.
ബ്രദര്‍ അമല്‍ ഇരുമ്പനത്ത് എം.എസ്.റ്റി