ഇതാ യൂസര്‍ മാനുവല്‍ ജീവിതം എളുപ്പമാക്കാന്‍

വിവാഹശേഷം ഭാര്യയും ഞാനും വാടകവീടെടുത്ത് ഒരുമിച്ച് താമസമാരംഭിച്ചു. ആദ്യദിനം ഇന്‍ഡക്ഷന്‍ അടുപ്പ് ഉപയോഗിച്ചപ്പോള്‍മുതല്‍ ഒരു വാണിങ്ങ് മെസേജാണ് കാണിച്ചത്. “ERO2′ എന്ന എറര്‍ കോഡും തെളിഞ്ഞു. ഞങ്ങള്‍ക്ക് ഒന്നും മനസ്സിലായില്ല.
അതിന്റെ ബോക്‌സ് പരിശോധിച്ചപ്പോള്‍ യൂസര്‍ മാനുവല്‍ കിട്ടി. “ERO2′ എന്താണെന്ന് അതില്‍ വ്യക്തമായി കൊടുത്തിട്ടുണ്ടായിരുന്നു. ഞങ്ങള്‍ ഉപയോഗിച്ചിരുന്ന പാത്രം ഈ അടുപ്പിന് അനുയോജ്യമല്ല എന്നതായിരുന്നു പ്രശ്‌നം. പാത്രം മാറ്റിയപ്പോള്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടു.
മനുഷ്യരായ നമുക്കും ഒരു യൂസര്‍ മാനുവല്‍ ഉണ്ട്. നാം എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്നും വിവിധ പ്രതിസന്ധികള്‍ ജീവിതത്തില്‍ വരുമ്പോള്‍ അവയുടെ അര്‍ത്ഥമെന്താണെന്നും ജീവിതത്തില്‍ വിജയം നേടാന്‍ ഏത് വഴിയേ പോകണമെന്നും വ്യക്തമാക്കിത്തരുന്ന യൂസര്‍ മാനുവല്‍ – അത് മറ്റൊന്നുമല്ല വിശുദ്ധ ഗ്രന്ഥമാണ്.
മലയോര മേഖലയിലെ ടൗണില്‍ ഒരു വീട് പണിയുന്നതിനായി സ്ഥലം വാങ്ങിയിരുന്നു. താമസിച്ചിരുന്ന സ്ഥലത്ത് നിന്നുകൊണ്ട് ടൗണിലെ വീടുപണി നോക്കിനടത്താന്‍ ബുദ്ധിമുട്ടായതിനാല്‍ എങ്ങനെ കാര്യങ്ങള്‍ ക്രമീകരിക്കും എന്ന് അദ്ദേഹം ചിന്തിച്ചു. ഒരു പരിഹാരം ലഭിക്കുന്നതിനായി വിശുദ്ധ ബൈബിള്‍ തുറന്നു, ”അവന്‍ സ്വന്തം ചെലവില്‍ ഒരു വീട് വാടകക്കെടുത്ത് രണ്ട് വര്‍ഷം മുഴുവന്‍ അവിടെ താമസിച്ചു” (അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ 28:30) എന്ന വചനമാണ് അദ്ദേഹത്തിന് ലഭിച്ചത്. സുഹൃത്ത് നേരിട്ട പ്രതിസന്ധിയില്‍ വിശുദ്ധ ഗ്രന്ഥം കൃത്യമായ പരിഹാരം നല്കി.
നിന്റെ ഇപ്പോഴത്തെ പ്രതിസന്ധിയില്‍, ഇപ്പോള്‍ നീ കടന്നുപോകുന്ന നിരാശയില്‍, നിന്നെ ശക്തിപ്പെടുത്തുന്നതിനായി ഒരു വചനം അനേകായിരം വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ പരിശുദ്ധാത്മാവ് വിശുദ്ധ ഗ്രന്ഥത്തിന്റെ ഏടുകളില്‍ കുറിച്ച് വച്ചിട്ടുണ്ട്. ആയതിനാല്‍ മനസിടിയുന്ന സമയങ്ങളില്‍ വിശ്വാസത്തോടെ വിശുദ്ധ ഗ്രന്ഥം തുറക്കുക.
ഒരു വീട്ടമ്മയുടെ അനുഭവം. ഇവരും കുടുംബവും ഒരു പ്രത്യേക സാഹചര്യത്തില്‍ സ്വന്തം വീട്ടില്‍നിന്നും മാറി അവരുടെ തറവാട്ടില്‍ താമസിക്കേണ്ടിവന്നു. എന്നാല്‍ അവിടെ അവര്‍ക്ക് ചില അസ്വസ്ഥതകളുണ്ടായി. വീട്ടിലേക്കുതന്നെ തിരിച്ചുപോയാലോ.. അവര്‍ ചിന്തിച്ചുതുടങ്ങി. ആ സമയത്ത് അവര്‍ വിശുദ്ധ ഗ്രന്ഥം തുറന്ന് വായിച്ചു. അപ്പോള്‍ അവര്‍ക്ക് കിട്ടിയ വചനം ”എന്തെന്നാല്‍ കര്‍ത്താവ് സീയോനെ തിരഞ്ഞെടുത്തു; അതിനെ തന്റെ വാസസ്ഥലമാക്കാന്‍ അവിടുന്ന് ആഗ്രഹിച്ചു” (സങ്കീര്‍ത്തനങ്ങള്‍ 132:13) എന്നതായിരുന്നു. ഇപ്പോള്‍ തറവാട്ടില്‍ നില്ക്കുക എന്നതാണ് തങ്ങളെക്കുറിച്ചുള്ള ദൈവഹിതം എന്ന് അവര്‍ക്ക് അങ്ങനെ മനസിലായി. അതിനാല്‍ അവര്‍ക്ക് അവിടത്തെ സാഹചര്യങ്ങളോട് ക്രമേണ പൊരുത്തപ്പെടാന്‍ സാധിച്ചു.
തന്റെ മക്കളുടെ സുരക്ഷിതവും ആനന്ദകരവും രക്ഷാകരവുമായ ജീവിതത്തിനാവശ്യമായ എല്ലാ കാര്യങ്ങളും സ്‌നേഹപിതാവായ ദൈവം തന്റെ വിശുദ്ധ ഗ്രന്ഥത്തില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. മനസ് ശാന്തമാക്കി, പ്രാര്‍ത്ഥനയോടെ വിശുദ്ധ ഗ്രന്ഥം തുറന്നു വായിക്കുക. നിന്റെ ദൈവം നിന്നോട് സംസാരിക്കും. ”നീ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോള്‍ നിന്റെ കാതുകള്‍ക്ക് പിന്നില്‍നിന്ന്, ഒരു സ്വരം ശ്രവിക്കും; ഇതാണ് വഴി ഇതിലേ പോവുക” (ഏശയ്യാ 30:21).


റ്റിജോ തോമസ്‌

Leave a Reply

Your email address will not be published. Required fields are marked *