കൂടിത്താമസത്തിന് എന്താണ് കുഴപ്പം?

വിവാഹത്തിന് നവീനങ്ങളായ പല നിര്‍വചനങ്ങളും നല്കപ്പെടുന്ന ഒരു കാലമാണിത്. വിവാഹബന്ധത്തിനു പകരം കൂടിത്താമസം അഥവാ ‘ലിവിംഗ് റ്റുഗദര്‍’ മാത്രം മതി. അല്ലെങ്കില്‍ രണ്ട് പുരുഷന്മാര്‍ തമ്മില്‍ വിവാഹം കഴിക്കുക, രണ്ട് സ്ത്രീകള്‍ തമ്മില്‍ വിവാഹം കഴിക്കുക, അതുമല്ലെങ്കില്‍ വിവാഹം പരീക്ഷണാര്‍ത്ഥം നടത്തുക, ലൈംഗികതാത്പര്യങ്ങളോടെമാത്രം സ്ത്രീപുരുഷന്‍മാരടങ്ങുന്ന സമൂഹം ഒന്നിച്ച് ജീവിക്കുക തുടങ്ങി പല രീതിയില്‍. പക്ഷേ ഇത്തരം നിര്‍വചനങ്ങളിലൂടെ ആത്യന്തികമായി സംഭവിക്കുന്ന ദുരന്തം എന്ത് എന്ന് നമ്മള്‍ ആഴത്തില്‍ മനസിലാക്കണം.
കൂടിത്താമസം ഒരു ഉദാഹരണമാണ്. കോഹാബിറ്റേഷന്‍ എന്ന പേരില്‍ ഒരു നിശ്ചിതകാലം ഭാര്യാ-ഭര്‍ത്താക്കന്മാരെപ്പോലെ ജീവിക്കുന്നു. പ്രത്യേകിച്ച് ഉടമ്പടികളോ സാമൂഹികബന്ധങ്ങളോ ഒന്നും ഇല്ല. യൂറോപ്യന്‍ രാജ്യങ്ങളില്‍ ചിലര്‍ ചെയ്തിട്ടുള്ളതുപോലെ നമ്മുടെ നാട്ടിലും ചിലര്‍ ഇത് അനുകരിക്കാന്‍ ശ്രമിക്കുന്നു. വിവാഹം എന്ന സംവിധാനം ആവശ്യമില്ലെന്ന ചിന്തയാണ് അവരുടേത്. വിവാഹം ബന്ധനമാണ്, സ്വാതന്ത്ര്യത്തിന് വിലങ്ങുതടിയാണ് എന്ന് ചിന്തിക്കുന്ന വ്യക്തികള്‍.
വാസ്തവത്തില്‍ ബന്ധങ്ങളെ ആഴത്തില്‍ മനസിലാക്കുമ്പോള്‍, ആ സ്വാതന്ത്ര്യക്കുറവുതന്നെയാണ് ആത്യന്തികമായി ആ ബന്ധത്തെ ഹൃദ്യമാക്കി നിര്‍ത്തുന്നത് എന്ന് നാം തിരിച്ചറിയണം. കാരണം, അപരനോടുള്ള കരുതലിനെപ്രതി- ജീവിതപങ്കാളിയോടുള്ള കരുതലിനെപ്രതി- എന്റെ സ്വാതന്ത്ര്യത്തിന് ഞാന്‍ ബോധപൂര്‍വം കുറവുകള്‍ വരുത്താന്‍ സന്നദ്ധത കാണിക്കുന്നു എന്നതാണ് ദാമ്പത്യത്തിന്റെ സൗന്ദര്യം. അപ്രകാരം സ്വന്തം സ്വാര്‍ത്ഥതയെ അതിജീവിക്കാന്‍ തങ്ങള്‍ തയാറല്ല എന്നതാണ് പലപ്പോഴും കൂടിത്താമസത്തിലേക്ക് നയിക്കുന്നത്. അതുകൊണ്ട് സ്വാര്‍ത്ഥതയുടെ ബഹിര്‍സ്ഫുരണമായാണ്, സ്വാര്‍ത്ഥതയ്ക്കുള്ള ഒരു അംഗീകാരമായിട്ടാണ്, കൂടിത്താമസം പരിഗണിക്കപ്പെടേണ്ടത്.
ഭീരുക്കളുടെ ടെക്‌നിക്
കൂടിത്താമസം ഭീരുക്കളുടെ ഒരു തന്ത്രമാണ്. പ്രശ്‌നം, എനിക്ക് സ്ഥായിയായ തീരുമാനങ്ങളെടുക്കാന്‍ കഴിവില്ല, അഥവാ ഞാന്‍ എടുക്കുന്ന തീരുമാനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഞാന്‍ സന്നദ്ധനല്ല എന്ന് ചിന്തിക്കുന്ന ഒരു ഭീരുത്വമാണ്. വിവാഹത്തിനുപകരം കൂടിത്താമസത്തെ പ്രയോജനപ്പെടുത്തുന്നവരുടെ ചിന്താഗതിയില്‍ ഈ ഭീരുത്വമുണ്ട്. വിവാഹമെന്നു പറയുന്നത് ജീവിതാന്ത്യംവരെ നിലനില്ക്കുന്ന ഒരു പ്രതിബദ്ധതയാണ്. അതിനുള്ളില്‍ ഒരു സമര്‍പ്പണമുണ്ട്. സ്‌നേഹവും ധീരതയുമുള്ളവര്‍ക്കുമാത്രമേ ആ സമര്‍പ്പണം നടത്താനാവൂ. ‘ആ സമര്‍പ്പണത്തിന് ഞാന്‍ തയാറല്ല. മറിച്ച് എനിക്ക് പറ്റുന്നതാണോ എന്ന് പരീക്ഷിച്ച്, നിരീക്ഷിച്ച് അറിഞ്ഞശേഷമേ അത് ചെയ്യുകയുള്ളൂ’ എന്ന് പറയുന്നത് ജീവിതത്തെക്കുറിച്ച് പ്രത്യാശയില്ലാത്തവരുടെ കാഴ്ചപ്പാടാണ്.
മൂന്നാമത്തെ കാര്യം, ഒരു സമൂഹത്തില്‍ ദൈവവിശ്വാസം അന്യമാകുമ്പോള്‍ ദൈവിക കര്‍മമായ വിവാഹം വിലകുറഞ്ഞ് കരുതപ്പെടും. വിവാഹത്തെ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തിലും ലക്ഷ്യത്തിലും മനസിലാക്കണമെങ്കില്‍ മനുഷ്യന് ദൈവവിശ്വാസം ആവശ്യമാണ്. ആ വിശ്വാസം നഷ്ടപ്പെട്ട ഒരു തലമുറയ്ക്ക്, വിവാഹം ബാധ്യതയും ശല്യവുമായി മാറുന്നു. വിശുദ്ധ ജോണ്‍ വിയാനി പറഞ്ഞതുപോലെ ‘ദൈവവിശ്വാസമില്ലാതെ ജീവിച്ചുതുടങ്ങിയാല്‍ മനുഷ്യരും മൃഗങ്ങളും തമ്മില്‍ വ്യത്യാസമില്ലാത്ത കാലം വരും.’ കാരണം വിവാഹം സ്വന്തം ശരീരത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുവേണ്ടിയുള്ള ഒരു മാര്‍ഗം എന്നതിനപ്പുറത്ത് അതിന് സാമൂഹികപ്രതിബദ്ധതയോ ജീവിതപങ്കാളിയോടുള്ള പ്രതിബദ്ധതയോ മക്കളോടുള്ള പ്രതിബദ്ധതയോ ഉണ്ട് എന്ന് അങ്ങനെയുള്ളവര്‍ ചിന്തിക്കുന്നില്ല.
ഇതോ സ്വാതന്ത്ര്യം?
കൂടിത്താമസത്തിന്റെ മറ്റൊരു അപകടം സ്വന്തം സ്വാതന്ത്ര്യത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്നുവെന്നതാണ്. സ്വാതന്ത്ര്യമെന്നാല്‍ അനിയന്ത്രിതമാണ് എന്ന് തെറ്റിദ്ധരിക്കരുത്. ഒരു മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ സ്വതന്ത്രനാകുന്നത് ആ മനുഷ്യന്റെ സ്രഷ്ടാവായ ദൈവം അവനെക്കുറിച്ച് കണ്ട സ്വപ്നത്തെ അവന്‍ ജീവിച്ച് പൂര്‍ത്തീകരിക്കുമ്പോഴാണ്. മറിച്ച് സ്വന്തം ബലഹീനതകളെയും ഭീരുത്വങ്ങളെയും ജഡമോഹങ്ങളെയും തൃപ്തിപ്പെടുത്തിക്കൊണ്ടുമാത്രം ജീവിതത്തിന്റെ സ്വാതന്ത്ര്യം പൂര്‍ണതയില്‍ ജീവിക്കാം എന്ന് കരുതുന്നതില്‍ യാതൊരര്‍ത്ഥവുമില്ല.
കൂടിത്താമസം നടത്തുന്നവര്‍ പലപ്പോഴും കുഞ്ഞുങ്ങള്‍ വേണ്ട എന്ന് തീരുമാനിക്കുന്നു. എന്നാല്‍ ചിലപ്പോള്‍ കുഞ്ഞുങ്ങള്‍ ജനിച്ചേക്കാം. അങ്ങനെയുള്ള കുഞ്ഞുങ്ങള്‍ക്ക് വിവാഹത്തിന്റെയോ കുടുംബത്തിന്റെയോ പരിരക്ഷകള്‍ നിയമപരമായിപോലും അവകാശപ്പെടാന്‍ സാധിക്കില്ല. ആ കുഞ്ഞുങ്ങളെ ആര് വളര്‍ത്തും? കൂടിത്താമസം നടത്തുന്നവരെ സംബന്ധിച്ചിടത്തോളം, ജനിച്ച കുഞ്ഞ് എങ്ങനെയെങ്കിലും ജീവിച്ചുകൊള്ളും. അപ്പന്റെ സ്‌നേഹവും അമ്മയുടെ സ്‌നേഹവും ആ കുഞ്ഞിന് നഷ്ടപ്പെടുന്നു. എന്നാല്‍ അത് അവര്‍ക്ക് ഒരു വിഷയമേ അല്ല.
ഓരോ വ്യക്തിയും സ്വന്തം സുഖവും സന്തോഷവും മാത്രം തേടി നടക്കുന്ന ഒരു ലോകം. ‘ഹിഡോനിസ്റ്റിക് കള്‍ച്ചര്‍’ അഥവാ സുഖാന്വേഷണത്തിന്റെ സംസ്‌കാരമാണ് അത്. ആ സംസ്‌കാരത്തില്‍ കുഞ്ഞുങ്ങളെ ബാധ്യതയായി കരുതുന്നു. ഏത് സമയത്തും ഉപേക്ഷിക്കാവുന്ന കളിപ്പാട്ടംപോലെ കുഞ്ഞുങ്ങളെ പരിഗണിക്കുന്നു. ഇതാണ് കൂടിത്താമസത്തിലെ ഗുരുതരമായ സാമൂഹിക പ്രത്യാഘാതം.
ഇക്കാരണങ്ങള്‍കൊണ്ടെല്ലാം കൂടിത്താമസങ്ങള്‍ ഉള്‍പ്പെടെ വിവാഹത്തിന് പകരമായുള്ള സംവിധാനങ്ങള്‍ സമൂഹത്തിന്റെ നിലനില്പിന് അപകടകരമാണ്. വിശ്വാസത്തിന്റെയോ മതത്തിന്റെയോ കാഴ്ചപ്പാടുകൊണ്ടു മാത്രമല്ല അത്. അത്തരം ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുമ്പോള്‍ നാളിതുവരെയും ഒരു സമൂഹത്തെ ഭദ്രമായി മുന്നോട്ട് നയിച്ച കുടുംബം എന്ന സംവിധാനം ഇല്ലാതായിത്തീരുകയും അതുവഴി സമൂഹം ശിഥിലമാവുകയും ചെയ്യുന്നു. അതിനാല്‍, ഒരു സമൂഹത്തിന്റെ സര്‍വനാശം കൊതിക്കുന്നവര്‍ക്കുമാത്രമേ വിവാഹത്തിന് പകരം കൂടിത്താമസം എന്നതുപോലുള്ള ആശയങ്ങളെ ഉള്‍ക്കൊള്ളാനും സ്വീകരിക്കാനും പ്രോത്സാഹിപ്പിക്കാനും കഴിയുകയുള്ളൂ. അവയെ പ്രോത്സാഹിപ്പിക്കുന്ന മാധ്യമങ്ങള്‍ തിന്മയുടെ സാമ്രാജ്യം വളര്‍ത്തുവാന്‍ പരിശ്രമിക്കുന്നുവെന്ന് കരുതേണ്ടിവരും. അത്തരം വാദമുഖങ്ങള്‍ ഉന്നയിക്കുന്ന സാമൂഹിക വിശാരദന്മാര്‍ സമൂഹത്തോട് നിരുത്തരവാദപരമായാണ് പെരുമാറുന്നത് എന്ന് വിലയിരുത്തേണ്ടിയും വരും.


മാര്‍ ജോസഫ് പാംപ്ലാനി തലശേരി അതിരൂപതാ സഹായമെത്രാന്‍

Leave a Reply

Your email address will not be published. Required fields are marked *