പണ്ട് ഭര്‍ത്താവോ കുട്ടികളോ എവിടെ പുറത്തു പോയാലും എനിക്ക് വളരെ ഉത്കണ്ഠയും പേടിയും ആയിരുന്നു. നല്ല ഒരു ചിന്തയും മനസ്സില്‍ വരില്ല. മനസ്സിന് ആകെ ഒരു അസ്വസ്ഥത. ഈ അവസ്ഥയില്‍നിന്നും മോചനം വേണമെന്ന് സ്വയം തോന്നിത്തുടങ്ങി. ഞാന്‍ ഈശോയോടു തന്നെ ചോദിച്ചു: ”ഈശോയേ, ഇതില്‍നിന്നും രക്ഷപ്പെടാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്?”
യേശു പറഞ്ഞു, ‘എന്റെ പരിപാലനയില്‍ വിശ്വസിക്കുക, ആശ്രയിക്കുക. എന്റെ ഹൃദയത്തില്‍ വയ്ക്കപ്പെട്ട ഒരു ആത്മാവും നശിച്ചുപോവുകയില്ല.’ അത് കഴിഞ്ഞപ്പോള്‍ ദൈവപരിപാലനയില്‍ വിശ്വസിക്കാത്തതും ആശ്രയിക്കാത്തതും പാപമാണെന്ന ബോധ്യം ലഭിച്ചു. ഞാനത് ഏറ്റുപറഞ്ഞ് കുമ്പസാരിച്ചു. അതോടെ എന്റെ ഈ മാനസികപീഡ വിട്ടുപോയി.
ഇപ്പോള്‍ അവര്‍ പുറത്ത് പോയി തിരികെവരാന്‍ താമസിച്ചാല്‍ ഞാന്‍ ഇങ്ങനെ പറയും, ‘പിതാവേ അങ്ങയുടെ പരിപാലനയില്‍ വിശ്വസിക്കുന്നു, ആശ്രയിക്കുന്നു. ഈശോയുടെ തിരു രക്തത്തില്‍ മുക്കി ഈശോയുടെ തിരുഹൃദയത്തില്‍ വയ്ക്കപ്പെട്ട ഈ പാവപ്പെട്ട ആത്മാക്കളെ പിതാവേ അങ്ങ് കരുണയോടെ വീക്ഷിക്കണമേ.’ കൂടാതെ, ദൈവപരിപാലനയില്‍ ആശ്രയിക്കുക എന്ന മത്തായി 6: 25-34 വചനഭാഗം വായിക്കും. അതോടെ ഉത്കണ്ഠ മാറിപ്പോകുന്നു.
ഭയം, ഉത്കണ്ഠ, നിരാശ, വെറുപ്പ് ഇവയെല്ലാം പൈശാചികപീഡകളാണ്. അതിനാല്‍ ദൈവവചനമാകുന്ന ആത്മാവിന്റെ വാള്‍ ഉപയോഗിച്ചാല്‍ മാത്രമേ അത് നമ്മില്‍നിന്ന് വിട്ടു പോവുകയുള്ളൂ. എനിക്ക് കാറോടിക്കാന്‍ വല്ലാത്ത ഭയമായിരുന്നു. ഭയം വിട്ടുമാറുന്നതിനു രണ്ട് ദിവസം നന്നായി പ്രാര്‍ത്ഥിച്ചു. പക്ഷേ മാറിയില്ല. മൂന്നാം ദിവസം ദിവ്യകാരുണ്യ ചാപ്പലില്‍ ഇരുന്ന് ഇങ്ങനെ പ്രാര്‍ത്ഥിച്ചു, ”ഈശോയേ, വീട്ടിലേക്ക് തിരികെ കാറോടിച്ചു പോകുന്ന കാര്യം ഓര്‍ക്കുമ്പോള്‍ത്തന്നെ പേടിയാവുന്നു. ഇത്രയും പ്രാര്‍ത്ഥിച്ചിട്ടും എന്റെ ഈ ഭയം എന്താണ് മാറ്റാത്തത്?”
ഈശോ ഇങ്ങനെ മറുപടി പറഞ്ഞു: ”ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെ താങ്ങിനിര്‍ത്തും- ഏശയ്യാ 41 : 10. ഈ വചനം ഏറ്റുപറഞ്ഞു പ്രാര്‍ത്ഥിക്കുക. മാത്രമല്ല ഭയം എപ്പോള്‍ മനസ്സിലേക്ക് വന്നാലും ഈ വചനം ഏറ്റുപറയുക.”
രണ്ടോ മൂന്നോ പ്രാവശ്യം ഈ വചനം ഏറ്റുപറഞ്ഞു, എന്റെ ഭയം വിട്ടു മാറി. മാത്രമല്ല, എന്നെപ്പോലെ െ്രെഡവിംഗ് ഭയമായിരുന്ന കുറേ പേര്‍ക്ക് ഇത് പറഞ്ഞുകൊടുത്തപ്പോള്‍ അവര്‍ക്കും പ്രയോജനകരമായി. ”ദൈവത്തിന്റെ വചനം ഒരിക്കലും പരാജയപ്പെട്ടിട്ടില്ല” (റോമാ 9 : 6).
”അവരാകട്ടെ കുഞ്ഞാടിന്റെ രക്തം കൊണ്ടും സ്വന്തം സാക്ഷ്യത്തിന്റെ വചനം കൊണ്ടും അവന്റെമേല്‍ വിജയം നേടി. ജീവന്‍ നല്‍കാനും അവര്‍ തയ്യാറായി” (വെളിപാട് 12 : 11).
നമുക്ക് രോഗം, വെറുപ്പ് എന്നിങ്ങനെയുള്ള പീഡകള്‍ ഉണ്ടെങ്കില്‍ ദൈവവചനം ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിക്കുക- ”അവിടുന്ന് തന്റെ വചനം അയച്ച്, അവരെ സൗഖ്യമാക്കി; വിനാശത്തില്‍നിന്നു വിടുവിച്ചു” (സങ്കീര്‍ത്തനങ്ങള്‍ 107 : 20).
നമുടെ ജീവിതയാത്രയില്‍
”അങ്ങയുടെ വചനം എന്റെ പാദത്തിനു വിളക്കും പാതയില്‍ പ്രകാശവുമാണ്.” (സങ്കീര്‍ത്തനങ്ങള്‍ 119 : 105)
”അങ്ങേക്കെതിരേ പാപം ചെയ്യാതിരിക്കേണ്ടതിനു ഞാന്‍ അങ്ങയുടെ വചനം ഹൃദയത്തില്‍ സൂക്ഷിച്ചിരിക്കുന്നു” (സങ്കീര്‍ത്തനങ്ങള്‍ 119 : 11).
അതിനാല്‍ത്തന്നെ ബൈബിള്‍ വായിക്കാന്‍ മടി കാണിക്കരുത്. വളരെയധികം കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിലും എന്റെ ജീവിതത്തില്‍ ബൈബിള്‍ വചനങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുന്നു എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ഒരു നല്ല മകളല്ല എന്ന് തോന്നുമ്പോള്‍ പ്രഭാഷകന്‍ 3- മാതാപിതാക്കളോടുള്ള കടമ, മറ്റുള്ളവര്‍ക്ക് മുമ്പില്‍ വിധേയപ്പെടാന്‍ മടി തോന്നുമ്പോള്‍- 1 പത്രോസ് 2:18-24, വെറുപ്പ് അല്ലെങ്കില്‍ ക്ഷമിക്കാന്‍ പറ്റാത്ത അവസ്ഥ ഉണ്ടാകുമ്പോള്‍ പ്രഭാഷകന്‍ 28: 1- 6 തുടങ്ങിയ വചനഭാഗങ്ങള്‍ രണ്ടോ മൂന്നോ പ്രാവശ്യം വായിക്കും. ബൈബിള്‍വചനം എന്നെ ഹൃദയസമാധാനത്തിലും സന്തോഷത്തിലും ഐക്യത്തിലും ജീവിക്കുവാന്‍ സഹായിക്കുന്നു.
”ദൈവത്തിന്റെ വചനം സജീവവും ഊര്‍ജസ്വലവുമാണ്; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്” (ഹെബ്രായര്‍ 4 : 12).