ഒരു ദൈവാലയത്തില്‍ ആയിരിക്കുമ്പോള്‍ നാം എപ്പോഴും അള്‍ത്താരയ്ക്ക് അഭിമുഖമായിട്ടാണ് സാധാരണയായി ഇരിക്കുക. സക്രാരിയില്‍ ഉള്ള ഈശോയുടെ സജീവമായ സാന്നിധ്യത്തെ നാം അനുഭവിക്കുകയും ചെയ്യുന്നു. അതേസമയം, അള്‍ത്താര ഒരു വിരി ഉപയോഗിച്ച് മറച്ചിരിക്കുന്ന ദൈവാലയങ്ങളില്‍ ആണെങ്കിലും നാം ഒരിക്കലും പുറംതിരിഞ്ഞ് ഇരിക്കാറില്ല. ആ സക്രാരി വിരിയാല്‍ മറയ്ക്കപ്പെട്ടിരിക്കുമ്പോഴും അവിടെ ഈശോയുടെ സജീവമായ സാന്നിധ്യം ഉണ്ട് എന്നും ഈശോ എന്നെ നോക്കുന്നുണ്ട് എന്നുമാണ് നമ്മുടെ ഉള്ളിലുള്ള ബോധ്യം.
സദാ ദൈവസാന്നിധ്യം അനുഭവിച്ച് ജീവിക്കുന്നവരാണ് നാം. എന്നാല്‍ ചിലപ്പോഴെങ്കിലും ഒരു വിരി സക്രാരിയെ മറയ്ക്കുന്നതുപോലെ ദുഃഖവും നിരാശയും വേദനയും ഒറ്റപ്പെടലും തിരസ്കരണവും നഷ്ടങ്ങളും ഒക്കെ നമ്മിലെ ദൈവസാന്നിധ്യത്തെ മറയ്ക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ദൈവസാന്നിധ്യത്തെത്തന്നെ വിസ്മരിക്കുകയും ദൈവത്തോടു പുറം തിരിഞ്ഞു നില്‍ക്കുകയും പിറുപിറുക്കുകയും വേദനയിലേക്ക് നോക്കി നെടുവീര്പ്പിടുകയുമെല്ലാം ചെയ്യും. ചിലപ്പോഴാകട്ടെ, സന്തോഷങ്ങളും വിജയങ്ങളും നേട്ടങ്ങളും വരുമ്പോഴാണ് നമ്മുടെ ദൈവസാന്നിധ്യസ്മരണ നഷ്ടപ്പെടുകയും ഇത്തരം കാര്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യാറുള്ളത്.
തദവസരങ്ങളില്‍ നാം നമ്മുടെ മനസ്സില്‍ ഉറപ്പിക്കേണ്ട ഒരു ബോധ്യം ഇതാണ്. ദൈവാലയത്തിലെ വിരിക്ക് അപ്പുറത്ത് സക്രാരിയില്‍ ഈശോ സജീവനായി ഉള്ളതുപോലെ- ദുഃഖമാകുന്ന, നഷ്ടങ്ങളാകുന്ന, പരാജയമാകുന്ന, വിരിയുടെ അപ്പുറത്ത് സജീവനായ ഈശോ എന്നെ നോക്കി നില്‍ക്കുന്നുണ്ട്! വിരി മാറുമ്പോള്‍ വീണ്ടും ഈശോയുടെ സാന്നിധ്യം ഞാന്‍ അനുഭവിക്കുന്നതുപോലെ, അല്പനേരത്തേക്കുളള വേദനയും കഷ്ടതയും മാറിപ്പോകുകയും വീണ്ടും ദൈവസാന്നിധ്യം ഞാന്‍ അനുഭവിക്കുകയും ചെയ്യും.
സോണി ജോണ്‍