എസ്.എം.എസും അറബിയും ലൂര്‍ദ്ദും

ഒമാനിലെ ബുറൈമി എന്ന സ്ഥലത്താണ് ഞാന്‍ കുറേ വര്‍ഷങ്ങള്‍ ജോലി ചെയ്തിരുന്നത്. വലിയ രാജ്യമായ ഒമാനിന്റെ ഒരറ്റത്ത് അലൈന്‍ എന്ന പട്ടണത്തോട് ചേര്‍ന്നു കിടക്കുന്ന ഒരു ചെറിയ പട്ടണം. ധാരാളം പേര്‍ അവിടെ താമസിച്ചിരുന്നു. ആ നാളുകളില്‍ ഒറിജിനല്‍ പാസ്‌പോര്‍ട്ടും ഉയര്‍ന്ന ശമ്പളവുമുള്ളവര്‍ക്കുമാത്രമേ യു. എ.ഇയിലെ ചെക്ക് പോസ്റ്റുകളിലൂടെ ഒരു നിശ്ചിത സംഖ്യയടച്ച് കടന്നു പോകുവാന്‍ സാധിക്കൂ എന്ന രീതിയില്‍ പുതിയ നിയമം വന്നു. അതോടെ ഭൂരിപക്ഷം പേരുടേയും യാത്ര ദുഷ്‌ക്കരമായി. വെള്ളിയാഴ്ചകളിലെ വിശുദ്ധ കുര്‍ബാനയും കുട്ടികളുടെ വേദോപദേശപഠനവും മുടങ്ങി.
ഒമാനിലെ അടുത്തുള്ള ദൈവാലയമാകട്ടെ 120 കിലോമീറ്റര്‍ ദൂരെയുള്ള സോഹാറിലും. അവിടേക്ക് പോകണമെങ്കിലും ഒറിജിനല്‍ പാസ്‌പോര്‍ട്ടും സ്‌പോണ്‍സറുടെ കത്തും ഇടയ്ക്കുള്ള ചെക്ക് പോസ്റ്റില്‍ നിര്‍ബന്ധം. എന്നാല്‍ മിക്കവാറും എല്ലാവരുടെയും ഒറിജിനല്‍ പാസ്‌പോര്‍ട്ട് കമ്പനിയിലായിരിക്കും. പലര്‍ക്കും ഇത് വലിയ വിഷമമുണ്ടാക്കി. ഒമാന്‍ നിയമമനുസരിച്ച് മറ്റു മതാചാരങ്ങള്‍ അനുവദിക്കപ്പെട്ട സ്ഥലത്തു മാത്രമേ നടത്തുവാന്‍ അനുവാദമുള്ളൂ. അതിനാല്‍ ഞങ്ങള്‍ കുറച്ചു പേര്‍ കൂടി പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി.
ബുറൈമി വളരെ വലിയ ഒരു പ്രദേശമായതിനാല്‍ മലയാളി ക്രൈസ്തവര്‍ എവിടെയൊക്കെയാണ് താമസിക്കുന്നത് എന്ന് ആര്‍ക്കും അറിവില്ലായിരുന്നു. അങ്ങനെയിരിക്കേ ഒരു ദുഖ്‌റാന തിരുനാള്‍ ദിവസം വ്യക്തിപരമായ പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ ബുറൈമിയില്‍ താമസിക്കുന്ന എല്ലാ കൂട്ടുകാര്‍ക്കും ദുഖ്‌റാന തിരുനാള്‍ മംഗളങ്ങള്‍ നേരാന്‍ ഒരു പ്രേരണ! അതനുസരിച്ച് കൈവശം നമ്പറുള്ള എല്ലാ കൂട്ടുകാര്‍ക്കും എസ്.എം.എസ് സന്ദേശം അയച്ചു. അന്ന് വാട്ട്‌സ്ആപ്പ് സംവിധാനം നിലവില്‍ വന്നിട്ടില്ല. അത്ഭുതമെന്ന് പറയട്ടെ, എസ്.എം.എസ് ലഭിച്ച ധാരാളം മാതാപിതാക്കള്‍ തിരിച്ചു വിളിച്ചു.
കുട്ടികള്‍ക്കായി ഒരു കാറ്റെക്കിസം ക്ലാസെങ്കിലും തുടങ്ങുവാന്‍ സാധിക്കുമോ എന്നറിയാനായിരുന്നു അത്. ദൈവകൃപയാല്‍ മൂന്ന് കുട്ടികളുമായി ക്ലാസുകള്‍ വീട്ടില്‍ ആരംഭിച്ചു. ക്രമേണ കുട്ടികളുടെ എണ്ണം കൂടുവാന്‍ തുടങ്ങി, അമ്പതോളമായി. രണ്ട് കൂട്ടുകാര്‍ കൂടി അദ്ധ്യാപകരായി എത്തി. കുട്ടികള്‍ക്ക് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ സാധിക്കുന്നില്ലല്ലോ എന്നൊരു സങ്കടവും കാറ്റെക്കിസം പഠിപ്പിക്കുവാന്‍ സ്ഥല പരിമിതി മൂലം ക്ലാസുകള്‍ തിരിക്കുവാന്‍ സാധിക്കാത്ത വിഷമവും. കുട്ടികളുടെ എണ്ണം കൂടിയപ്പോള്‍ പലരും നിരുത്സാഹപ്പെടുത്തി. കാരണം ആ നാട്ടിലെ നിയമമനുസരിച്ച് അത് അപകടമാണ്.
ആ സമയത്താണ് ദൈവം അത്ഭുതകരമായി ഇടപെടുന്നത്. ഒരു സുഹൃത്ത് വഴി സ്വദേശിയായ ഒരു അറബിയെ കണ്ടു മുട്ടി. ധനികനായ ഈ അറബി മൂന്ന് തവണ ലൂര്‍ദ്ദില്‍ പോയി പ്രാര്‍ത്ഥിച്ചിട്ടുള്ള വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ ഒരു വലിയ വീട് ഞങ്ങള്‍ക്കായി ദൈവം തുറന്നു തന്നു. അവിടത്തെ ഭരണാധികാരികളില്‍ വലിയ സ്വാധീനമുള്ള വ്യക്തിയായതിനാല്‍ താമസിയാതെ എല്ലാ വെള്ളിയാഴ്ചകളിലും വിശേഷ ദിവസങ്ങളിലും വിശുദ്ധ കുര്‍ബാന ആരംഭിക്കാന്‍ അനുവാദവും ലഭ്യമായി!
നമുക്കെല്ലാവര്‍ക്കും ദൈവം തന്റെ വേലയ്ക്കായി പ്രേരണകള്‍ നല്‍കുന്നുണ്ട്. വലിയ കാര്യങ്ങള്‍ ചെയ്യുവാന്‍ പലപ്പോഴും ചെറിയ ചിന്തകളായിരിക്കും ലഭിക്കുക. ചെറിയ പ്രേരണകള്‍ തിരിച്ചറിഞ്ഞാല്‍ ദൈവം നമ്മിലൂടെ വലിയ കാര്യങ്ങള്‍ ചെയ്യും.
”കര്‍ത്താവ് അരുളിച്ചെയ്യുന്നത് ഞാന്‍ കേട്ടു: ആരെയാണ് ഞാന്‍ അയയ്ക്കുക? ആരാണ് നമുക്കുവേണ്ടി പോവുക? അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇതാ ഞാന്‍! എന്നെ അയച്ചാലും!” (ഏശയ്യാ 6:8)


വിന്‍സെന്റ് ജേക്കബ്

Leave a Reply

Your email address will not be published. Required fields are marked *