മിന്നലേറ്റ് തെളിഞ്ഞ പുണ്യം…

ബുര്‍ക്കാര്‍ഡ് മെത്രാനെ കാണണമെന്നാണ് മുന്നില്‍ നില്ക്കുന്നയാളുടെ ആവശ്യം. പക്ഷേ ബുര്‍ക്കാര്‍ഡ് മെത്രാന്റെ സഹായിയായ ഫാ. ഹ്യൂവിന് അല്പം അസ്വസ്ഥത. വൃത്തിഹീനനായ ഈ യാചകവേഷധാരിയെ എങ്ങനെ മെത്രാന്റെ അരികിലേക്ക് ആനയിക്കും? മെത്രാനോടുതന്നെ കാര്യം പറയാന്‍ ഫാ. ഹ്യൂ തീരുമാനിച്ചു. അനുവാദം കിട്ടിയതോടെ യാചകനെ മെത്രാന് അരികിലേക്ക് കൊണ്ടുപോയി. അല്പസമയം അദ്ദേഹത്തിന്റെ സംസാരം കേട്ടുകഴിഞ്ഞപ്പോള്‍ മെത്രാന് ആശ്ചര്യവും സന്തോഷവും! തന്റെ പ്രിയ കൂട്ടുകാരനായ ഫാ. നോര്‍ബര്‍ട്ടാണത്, പുണ്യവാനായ നോര്‍ബര്‍ട്ട്! അദ്ദേഹത്തിന് ലഭിക്കേണ്ട മെത്രാന്‍പട്ടം തനിക്ക് തന്നിട്ട് പിന്‍വാങ്ങിയവന്‍!!
ബുര്‍ക്കാര്‍ഡ് മെത്രാന്റെ വാക്കുകള്‍ കേട്ട് രാജകുടുംബവുമായി അടുത്ത ബന്ധമുള്ള ഫാ. നോര്‍ബര്‍ട്ടിനെ തിരിച്ചറിഞ്ഞ ഫാ.ഹ്യൂവിനും അത്ഭുതവും അതിലേറെ ആനന്ദവും! അധികം വൈകാതെ രോഗിയായിത്തീര്‍ന്ന ഫാ. നോര്‍ബര്‍ട്ടിനെ ശുശ്രൂഷിക്കാന്‍ അവസരം ലഭിച്ചതും ഫാ.ഹ്യൂവിന്. സുവിശേഷപ്രവര്‍ത്തനങ്ങളില്‍ തന്നെയും കൂടെക്കൂട്ടണമെന്ന് ഫാ.ഹ്യൂ ആ പുണ്യാത്മാവിനോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍, സുവിശേഷത്തിനായി സ്വയം സമര്‍പ്പിക്കാന്‍ ഫാ. ഹ്യൂവിനെ പ്രേരിപ്പിച്ച ആ ഉജ്ജ്വലവ്യക്തിത്വത്തിനും ഉണ്ടായിരുന്നു വ്യത്യസ്തമായ ഒരു പഴയ കാലം.
1115-ലെ വസന്തകാലത്ത് രാജസദസ്സില്‍നിന്ന് വന്ന് സാന്റേണില്‍ താമസിക്കവേ ഫ്രെഡന്‍ എന്ന സ്ഥലത്തേക്ക് യാത്ര ചെയ്യാന്‍ നോര്‍ബര്‍ട്ട് തീരുമാനിച്ചു. യാത്രയ്ക്കിടെ പ്രകൃതി ഭയാനകമായി മാറി. സുഹൃത്ത് യാത്രയില്‍നിന്ന് പിന്തിരിപ്പിച്ചെങ്കിലും സാഹസികമായി യാത്ര തുടരാനായിരുന്നു നോര്‍ബര്‍ട്ടിന്റെ തീരുമാനം. യാത്ര തുടരവേ വിജനമായ ഒരു പ്രദേശത്തുവച്ച് ശക്തമായ മിന്നലേറ്റ് നോര്‍ബര്‍ട്ട് കുതിരപ്പുറത്തുനിന്ന് നിലം പതിച്ചു. കുറേ സമയം ബോധമറ്റ് അവിടെ കിടന്നു. പിന്നെ ഉണര്‍ന്നപ്പോള്‍ വിശുദ്ധ പൗലോസിനെപ്പോലൊരു അനുഭവമാണ് തനിക്ക് ലഭിച്ചിരിക്കുന്നത് എന്ന് അദ്ദേഹത്തിന് മനസിലായി.
”ഞാന്‍ എന്ത് ചെയ്യണം?” അദ്ദേഹം നിലവിളിച്ചു. ആ ചോദ്യത്തിന് യേശു ഉത്തരം നല്കി, ”നോര്‍ബര്‍ട്ട്, തിന്മയില്‍നിന്നകന്ന് നന്മ ചെയ്യുക. സമാധാനം അന്വേഷിച്ച് പുറപ്പെടുക.”
ആ സ്വരം നോര്‍ബര്‍ട്ടിനെ മാറ്റത്തിലേക്ക് നയിക്കുകയായിരുന്നു. തിരികെയെത്തിയ അദ്ദേഹം ലഭിച്ചിരുന്ന ഉന്നതസ്ഥാനങ്ങള്‍ പരിത്യജിച്ചു. വസ്ത്രത്തിനുള്ളില്‍ രഹസ്യമായി പരുത്തിരോമംകൊണ്ടുള്ള വസ്ത്രം ധരിച്ചു. ഒരു ആത്മീയഗുരുവിനെ ആവശ്യമാണെന്ന് തോന്നിയപ്പോള്‍ സീബര്‍ഗിലുള്ള ബനഡിക്‌ടൈന്‍ ആശ്രമത്തിലെ ആബട്ടായ കെനോണിനടുത്തെത്തി. അവിടെവച്ച് കണ്ണീരോടെ ഒരു കുമ്പസാരം. ശഷം വിശുദ്ധ ഗ്രന്ഥവായനയും ധ്യാനവുമായി അവിടെ താമസം. ആശ്രമത്തിലെ എല്ലാ നിയമങ്ങളും പാലിച്ചായിരുന്നു അവിടത്തെ ജീവിതം.
മൂന്ന് വര്‍ഷം അപ്രകാരം ജീവിച്ച് കഴിഞ്ഞകാല ജീവിതത്തിലെ തെറ്റുകള്‍ക്ക് പരിഹാരമനുഷ്ഠിച്ചു. ഗുരു പറഞ്ഞതുപ്രകാരം ലോകവുമായുള്ള ബന്ധങ്ങള്‍ ഉപേക്ഷിച്ചു. തന്നിലുണ്ടായിരുന്ന പാപശീലങ്ങളും പ്രലോഭനങ്ങളുമായി നിരന്തരം അദ്ദേഹം യുദ്ധം ചെയ്തു. തന്റെ നല്ല പ്രതിജ്ഞകളൊന്നും തെറ്റിക്കാതിരിക്കാന്‍ നോര്‍ബര്‍ട്ട് ശ്രമിച്ചിരുന്നു. കൊളോണ്‍ മെത്രാപ്പോലീത്തയില്‍നിന്ന് പിന്നീട് വൈദികപട്ടം സ്വീകരിച്ചു. അങ്ങനെയാണ് നോര്‍ബര്‍ട്ട് ഇന്നത്തെ പുണ്യാത്മാവായ ഫാ. നോര്‍ബര്‍ട്ടായിത്തീര്‍ന്നത്.
ലൗകികജീവിതം നയിച്ചിരുന്ന നോര്‍ബര്‍ട്ട് വിശുദ്ധ നോര്‍ബര്‍ട്ടായിത്തീര്‍ന്നത് തനിക്കുണ്ടായ ദൈവാനുഭവത്തോട് സഹകരിച്ചപ്പോഴായിരുന്നു. നമ്മുടെ ജീവിതത്തിലെയും ദൈവാനുഭവങ്ങളെ ഫലദായകമാക്കാന്‍ ഹൃദയപൂര്‍വം അവയോട് സഹകരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *