2000 ജൂണ്‍ 20. അന്ന് ആശുപത്രിക്കിടക്കയിലായിരുന്നു ഞാന്‍. അരികില്‍ മെഡിക്കല്‍ ഡോക്ടറും സന്യാസിനിയുമായ എന്റെ സഹോദരിയും അടുത്ത ബന്ധുവിന്റെ മകനും ഉണ്ട്. ഏതോ ഒരു നിമിഷത്തില്‍ എന്റെ കൈകാല്‍വിരലുകളിലൂടെ ഒരു തണുപ്പ് അരിച്ചുകയറാന്‍ തുടങ്ങി. എന്നാല്‍ അതേ സമയം എ.സി. മുറിയായിട്ടുപോലും ഞാന്‍ വിയര്‍ക്കുകയും ചെയ്യുന്നു.
പിന്നെ ബോധം പോവുന്നതുപോലെ അനുഭവപ്പെട്ടു. തുടര്‍ന്ന് എന്റെ ബോധമണ്ഡലത്തില്‍ അനുഭവപ്പെടുന്നത് എല്ലാം അവസാനിച്ചു എന്നാണ്. അപ്പോള്‍ ഞാന്‍ ഒരു യാത്ര ചെയ്യുകയാണ്. ഒരു പ്രകാശവാതില്‍ എനിക്ക് കാണാം, സുതാര്യമായ പ്രകാശവാതില്‍! അതിനപ്പുറത്ത് എന്താണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ല. എന്നാല്‍, അവിടെ അതീവസ്‌നേഹത്തോടെ- ആഗ്രഹത്തോടെ- എന്നെ സ്വീകരിക്കാന്‍ കാത്തിരിക്കുന്ന ആരോ ഉണ്ട്. സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തുന്നതുപോലുള്ള ഒരു അനുഭവമായിരുന്നു അത്. വീട്ടിലേക്ക് സ്വാഗതം എന്നാണ് വാതിലിനപ്പുറത്തുനിന്നുള്ള സ്വരം എന്നോട് പറയുന്നത്. പിന്നെ എനിക്ക് അങ്ങോട്ട് പോയാല്‍ മതിയെന്നായി. വേറെ ഒരു ആകുലതയുമില്ല. കടന്നുപോന്ന വഴികളെക്കുറിച്ചോ ചെയ്തുപോയ തെറ്റുകളെക്കുറിച്ചോ ഒന്നും ചിന്തിക്കുന്നില്ല. നിനക്ക് വീട്ടിലേക്ക് സ്വാഗതം എന്ന സ്വരംമാത്രം ബോധമണ്ഡലത്തില്‍ തങ്ങിനിന്നു….പ്രശസ്ത ബൈബിള്‍ പണ്ഡിതനായ മൈക്കിള്‍ കാരിമറ്റത്തിനുണ്ടായ മരണാസന്ന അനുഭവം അഥവാ Near Death Experience ആണിത്.
ഇത്തരത്തിലുള്ള അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ള അനേകര്‍ക്ക് സമാനമായ അനുഭവം ഉണ്ടായതായി പഠനങ്ങളുണ്ട്. ഇതേപ്പറ്റി ഡോ. ഫാ. കുരുവിള പാണ്ടിക്കാട്ട് എസ്.ജെ. വിശദീകരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള നിരവധി Near Death Experiences-നെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ക്കുശേഷം റെയ്മണ്ട് മൂഡി എന്ന സൈക്കോളജിസ്റ്റ് രചിച്ച ഗ്രന്ഥമാണ് ‘ലൈഫ് ആഫ്റ്റര്‍ ലൈഫ്’. ഈ ഗ്രന്ഥത്തില്‍ എങ്ങനെയാണ് ഒരാള്‍ മരിക്കുന്നത്; അതിനുശേഷം എന്താണ് അവര്‍ക്ക് അനുഭവപ്പെടുന്നത് എന്ന് വിവരിക്കുന്നു. അഞ്ച് വ്യത്യസ്ത തലങ്ങളായി അതേക്കുറിച്ച് പറയാം.
1. ആദ്യത്തെ വിഷമത്തിനും വെപ്രാളത്തിനുംശേഷം സമാധാനത്തിലേക്ക് കടന്നുവരുന്നു.
2. അവര്‍ ഒരു ഇരുണ്ട തുരങ്കംപോലെയുള്ള സ്ഥലത്ത് എത്തിച്ചേരുകയാണ്. അപ്പോള്‍ അവരുടെ ജീവിതത്തിലെ നന്മയും തിന്മയും അവര്‍തന്നെ അവലോകനം ചെയ്യുന്നതായ അനുഭവം ലഭിക്കുന്നു.
3. ആ തുരങ്കത്തില്‍ നില്ക്കുമ്പോള്‍ത്തന്നെ ഒരു പ്രകാശം പ്രത്യക്ഷപ്പെടുന്നു.
4. ആ പ്രകാശത്തിലേക്ക് ഈ വ്യക്തി പോകുന്നു. അതിനോട് അടുക്കുന്തോറും കൂടുതല്‍ സമാധാനം അനുഭവപ്പെടുന്നു.
5. ആ പ്രകാശം ഈ വ്യക്തിയെ ആലിംഗനം ചെയ്യുന്നു. പിന്നെ ആ പ്രകാശം അതായത് കാരുണ്യം നിറഞ്ഞ ദൈവമുഖം ‘നിന്റെ സമയമായില്ല, തിരികെപ്പോകുക’ എന്ന് പറയുന്നു.
ഇത്തരം അനുഭവത്തിലൂടെ കടന്നുപോയ എല്ലാവരുടെയും ജീവിതത്തില്‍ വലിയ ഒരു രൂപാന്തരം സംഭവിച്ചതായാണ് കണ്ടിട്ടുള്ളത്. അവര്‍ക്ക് പിന്നീട് മരണം ഭയപ്പെടുത്തുന്ന ഒരു യാഥാര്‍ത്ഥ്യമല്ല എന്നതും ശ്രദ്ധേയമാണ്. തീര്‍ത്തും വ്യത്യസ്തരായ ആളുകള്‍ക്ക് ഉണ്ടായിട്ടുള്ള മരണാസന്ന അനുഭവങ്ങളെല്ലാം സമാന സ്വഭാവം പുലര്‍ത്തുന്നു എന്നത് ശാസ്ത്രത്തിന് വിവരിക്കാന്‍ കഴിയുന്നില്ല. മരണശേഷം ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചാണ് ശാസ്ത്രം പഠിക്കുന്നത്. മരണശേഷം മനുഷ്യവ്യക്തിക്ക് അഥവാ മനുഷ്യനെ വ്യക്തിയാക്കി മാറ്റുന്ന സത്തയായ ആത്മാവിന് എന്ത് സംഭവിക്കുന്നു എന്നതിന്റെ ഉത്തരം ശാസ്ത്രത്തിന് പറയാനാവുന്നില്ല. ഒന്നുറപ്പിക്കാം, ശാസ്ത്രവും വിശ്വാസവും ഒന്നിക്കുമ്പോഴാണ് പഠനം സമഗ്രമാവുന്നത്. ഈ മേഖലയില്‍ നിരവധി പഠനങ്ങള്‍ നടത്തിയിട്ടുള്ള കാള്‍ സെയ്ഗന്‍ എന്ന ശാസ്ത്രജ്ഞന്‍ അഭിപ്രായപ്പെടുന്നു, ”തുരങ്കത്തിലൂടെയുള്ള യാത്ര ജനിച്ചുവീഴുന്ന കുഞ്ഞ് ഗര്‍ഭപാത്രത്തില്‍നിന്ന് പുറത്തേക്ക് സഞ്ചരിക്കുന്ന പാതയുടെ പ്രതീകമാണ്.”
വിശുദ്ധ കൊച്ചുത്രേസ്യ പറയും, ”ക്ഷീണിച്ച് തളര്‍ന്ന് യാത്ര പൂര്‍ത്തിയാക്കി വീഴുന്ന ഒരു യാത്രികയെപ്പോലെയാണ് ഞാന്‍. പക്ഷേ വീഴുന്നത് ദൈവത്തിന്റെ കരങ്ങളിലേക്കാണ്”