ബിന്നിമോന് തന്റെ നായ്ക്കുട്ടിയെ വളരെ ഇഷ്ടമാണ്. കറുത്ത രോമങ്ങളും പളുങ്കുകണ്ണുകളുമുള്ള ആ നായ്ക്കുട്ടിയെ അവന്‍ ബ്ലാക്കി എന്ന് വിളിച്ച് എപ്പോഴും ഓമനിക്കും. ഒരിക്കല്‍ ബ്ലാക്കിക്ക് ത്വക്‌രോഗം പിടിപെട്ടു. ബ്ലാക്കിയെ ഓമനിക്കുകയോ അരികിലേക്ക് പോകുകയോ ചെയ്യരുതെന്നായിരുന്നു ബിന്നിമോനോടുള്ള പപ്പയുടെ കര്‍ശന ആജ്ഞ. ഒട്ടും മനസ്സില്ലെങ്കിലും പപ്പയെ പേടിച്ച് ബിന്നിമോന്‍ നായ്ക്കുട്ടിയില്‍നിന്ന് അകന്നുനില്‍ക്കും. എന്നാല്‍ ആരും കാണുന്നില്ലെന്ന് കണ്ടാല്‍ ഉടനെ അവന്‍ ബ്ലാക്കിക്കരികിലെത്തും.
അങ്ങനെ ഒരു ദിവസം ആരും കാണാതെ ബ്ലാക്കിയെ ഓമനിച്ചുകൊണ്ടിരുന്ന സമയം. പെട്ടെന്നാണ് പപ്പ അങ്ങോട്ട് കടന്നുവന്നത്. ബിന്നിമോന്‍ ആകെ അങ്കലാപ്പിലായി. പെട്ടെന്ന് അരികില്‍ കിടന്നിരുന്ന ഒരു ഈര്‍ക്കിലെടുത്ത് നായ്ക്കുട്ടിയെ പതിയെ തല്ലിക്കൊണ്ട് അവന്‍ പറഞ്ഞു, ”പോ പട്ടീ, നിനക്ക് സൂക്കേടാ.” ബിന്നിമോന്റെ പ്രവൃത്തി കണ്ട് പപ്പ ചിരിച്ചുപോയി.
ചില വസ്തുക്കളോടോ വ്യക്തികളോടോ ഉള്ള അനിയന്ത്രിതമായ അടുപ്പം ആത്മീയജീവിതത്തിന് ദോഷമാണെന്നറിയാമെങ്കിലും ചിലര്‍ രഹസ്യത്തില്‍ അത്തരം അടുപ്പം താലോലിക്കുന്നു. മറ്റുള്ളവരുടെ മുന്നില്‍വച്ച് കൃത്രിമമായ അകല്‍ച്ച കാണിക്കുമെന്ന് മാത്രം. എന്നാല്‍ തിരുവചനം പറയുന്നത്, എത്ര വേണ്ടപ്പെട്ടതാണെങ്കിലും ഇടര്‍ച്ചക്ക് കാരണമാകുന്നവ നീക്കിക്കളയണമെന്നാണ്.