2002-ല്‍ എനിക്ക് തൈറോയ്ഡ് സര്‍ജറി നടത്തി. ഒരാഴ്ച കഴിഞ്ഞപ്പോഴാണ് റിപ്പോര്‍ട്ട് വന്നത്, കാന്‍സറുണ്ടെന്ന്. അതിനാല്‍ ഉടനെതന്നെ ഒരു സര്‍ജറികൂടി നടത്തണമെന്നും അതുകഴിഞ്ഞ് റേഡിയേഷന്‍ ചെയ്തുതുടങ്ങണമെന്നും ഡോക്ടര്‍ പറഞ്ഞു. ആ സമയത്ത് എനിക്കായി അനേകര്‍ പ്രാര്‍ത്ഥിച്ചു. ”യാക്കോബേ നിന്നെ സൃഷ്ടിക്കുകയും ഇസ്രായേലേ നിന്നെ രൂപപ്പെടുത്തുകയും ചെയ്ത കര്‍ത്താവ് അരുളിച്ചെയ്യുന്നു; ഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ രക്ഷിച്ചിരിക്കുന്നു; നിന്നെ പേരുചൊല്ലി വിളിച്ചിരിക്കുന്നു. നീ എന്റേതാണ്…” എന്നു തുടങ്ങുന്ന ഏശയ്യാ 43: 1-4 വചനം തന്ന് കര്‍ത്താവ് എന്നെ ശക്തിപ്പെടുത്തി.
വേഗംതന്നെ സര്‍ജറി നടത്തി. തുടര്‍ന്ന് റിക്കവറി റൂമില്‍ കിടക്കവേ ഞാന്‍ ഉച്ചത്തില്‍ സ്തുതിക്കാന്‍ തുടങ്ങി. എന്റെ ഭര്‍ത്താവും അവിടത്തെ സ്റ്റാഫുമെല്ലാം അത് ശ്രദ്ധിച്ചു. സാധാരണയായി അത്തരത്തിലുള്ള സര്‍ജറി കഴിഞ്ഞാല്‍ ഉടനെ സംസാരിക്കാന്‍പോലും വിഷമമാണ്. മാത്രവുമല്ല കുറച്ച് ദിവസങ്ങള്‍ക്കകം ബയോപ്‌സി ടെസ്റ്റിന്റെ റിസല്‍റ്റ് വന്നു, എനിക്ക് കാന്‍സര്‍ ഇല്ല! ഡോക്ടറിന് അത് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. ഞാന്‍ പറഞ്ഞു, ”യേശു എന്നെ സൗഖ്യപ്പെടുത്തി!”
അല്‍ഫോന്‍സാ തോട്ടുകടവില്‍, യു.എസ്.