ഒരു ഈശോസഭാ വൈദികന്‍ മരണശേഷം അദ്ദേഹത്തിന്റെ സുപ്പീരിയറിനു പ്രത്യക്ഷപ്പെടുകയുണ്ടായി. സ്വര്‍ഗത്തില്‍ തനിക്കുള്ള മഹത്വവും ആദരവും പറഞ്ഞറിയിക്കാനാകാത്തവിധം ഉന്നതമാണെന്നും ദൈവത്തോടൊപ്പം താന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ആനന്ദവും സ്‌നേഹവും സുഖസന്തോഷങ്ങളും മാലാഖമാരെപ്പോലും കൊതിപ്പിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
സ്‌പെയ്‌നിലെ ഫിലിപ്പ് രണ്ടാമന്‍ രാജാവും അദ്ദേഹത്തോടൊപ്പം സ്വര്‍ഗത്തിലുണ്ടെന്ന് വൈദികന്‍ വെളിപ്പെടുത്തി. എന്നാല്‍ ഇരുവരും തമ്മില്‍ സ്വര്‍ഗത്തില്‍ വലിയ അന്തരമുണ്ടത്രേ. ‘മഹത്വത്തിലും ദീപ്തിയിലും ആനന്ദത്തിലും സ്ഥാനത്തിലും, എല്ലാവിധത്തിലും രാജാവിന്റേതില്‍ നിന്നും വളരെ ഉന്നതിയിലാണ് ഞാന്‍; ആകാശവും ഭൂമിയും തമ്മിലുള്ളതിനെക്കാള്‍ അന്തരം. ഭൂമിയിലായിരുന്നപ്പോള്‍ രാജാവ് ഉന്നതനായിരുന്നു. അധികാരവും മഹത്വവും അംഗീകാരവും ബഹുമാനവും വണക്കവും ധനവും സ്ഥാനവും കീര്‍ത്തിയും ആജ്ഞാനുവര്‍ത്തികളുമെല്ലാം അദ്ദേഹത്തിനുണ്ടായിരുന്നു. ഞാനാകട്ടെ ഇവയൊന്നുമില്ലാതിരുന്ന സാധാരണ സന്യാസിയും. ഭൂമിയില്‍ എനിക്ക് ലഭിക്കാമായിരുന്ന സുഖസന്തോഷങ്ങളും അംഗീകാരങ്ങളും ബഹുമാനവും മഹത്വവുമെല്ലാം വേണ്ടെന്നു വച്ച്, അപമാനവും അനാദരവും ഒറ്റപ്പെടലും തെറ്റിദ്ധാരണകളും ദു:ഖങ്ങളും ദൈവസ്‌നേഹത്തെപ്രതി സന്തോഷത്തോടെ സ്വീകരിച്ചതിനാല്‍ സ്വര്‍ഗത്തില്‍ എനിക്ക് വലിയ പ്രതിഫലം ലഭിച്ചു. ഭൂമിയിലെ മുഴുവന്‍ സന്തോഷ-സുഖങ്ങളുടെയും പതിനായിരം ഇരട്ടിയെക്കാള്‍ വലുതാണ് സ്വര്‍ഗത്തില്‍ നിത്യമായി ഞാന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ആനന്ദം. അത് അനുനിമിഷം വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു എന്നത് എടുത്തു പറയേണ്ടതുണ്ട്. എന്നാല്‍ ദൈവം ചെയ്തിരിക്കുന്ന അതിശയകരമായ കാര്യം സ്വര്‍ഗത്തില്‍ ഞങ്ങളെല്ലാവരും സംതൃപ്തരാണ് എന്നതാണ്; മഹത്വത്തിലും തേജസിലും അന്തരമുണ്ടെങ്കിലും.’
വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി പറഞ്ഞ ഈ സംഭവം ഉന്നതമായ പ്രത്യാശയാണ് നമ്മില്‍ പകരുക. കാരണം മത്തായി 5:11,12-ല്‍ ഈശോ വാഗ്ദാനം ചെയ്യുന്നു: ”എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും നിങ്ങള്‍ക്കെതിരെ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍; നിങ്ങള്‍ ആനന്ദിച്ചാഹ്ലാദിക്കുവിന്‍; സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും.”
ഇന്നല്ലെങ്കില്‍ നാളെ അവസാനിക്കുന്ന ഈ ലോക ജീവിതത്തില്‍ ക്ലേശങ്ങളും അപമാനങ്ങളും സഹനങ്ങളും ഈശോയോടുള്ള സ്‌നേഹത്താല്‍ സന്തോഷത്തോടെ സ്വീകരിക്കുന്നതിന് ആനുപാതികമായി സ്വര്‍ഗത്തിലെ മഹത്വവും ആനന്ദവും വര്‍ധിച്ചുകൊണ്ടിരിക്കുമെങ്കില്‍ കൂടുതല്‍ സഹനങ്ങള്‍ സ്വീകരിക്കാന്‍ നാം തയ്യാറാവുകയില്ലേ?
വിശുദ്ധ പൗലോസ് ഓര്‍മിപ്പിക്കുന്നു, ”നമുക്കു വെളിപ്പെടാനിരിക്കുന്ന മഹത്വത്തോടു തുലനം ചെയ്യുമ്പോള്‍ ഇന്നത്തെ കഷ്ടതകള്‍ നിസാരമാണ്”(റോമാ 8:18) ‘അവയുടെ ഫലം അനുപമമായ മഹത്വവും’ (2 കോറിന്തോസ് 4:17).
ഇതിനൊരു മറുവശമുണ്ട്. ഇഹത്തില്‍ മഹത്വവും ആദരവും സ്വീകരിക്കുന്നതിന് ആനുപാതികമായി സ്വര്‍ഗത്തില്‍ നമുക്കു ലഭിക്കേണ്ട മഹത്വത്തിലും ആദരവിലും കുറവു സംഭവിക്കാനിടയുണ്ട്. അതാണ് ഫിലിപ് രണ്ടാമന്‍ രാജാവിന് സംഭവിച്ചത്.
സ്വര്‍ഗത്തിലെ ആനന്ദത്തിലും സന്തോഷത്തിലും മുങ്ങിത്താഴുന്ന നിത്യസുഖം നമ്മുടെ ഭാവനകള്‍ക്കപ്പുറമാണെന്നാണ് വിശുദ്ധ ഫ്രാന്‍സിസ് സാലെസിന്റെ വെളിപ്പെടുത്തല്‍. അതിനാല്‍ നമുക്ക് പ്രാര്‍ത്ഥിക്കാം:
കര്‍ത്താവേ, സഹനങ്ങളെ സ്‌നേഹിച്ചും ലൗകികസന്തോഷങ്ങളെ പരിത്യജിച്ചും സ്വര്‍ഗത്തില്‍ മഹത്വപൂര്‍ണരാകാന്‍ ഞങ്ങളെ സഹായിക്കണമേ.