നഴ്‌സിംഗ് പഠനത്തിനായി ബാംഗ്ലൂരില്‍ ആയിരുന്ന കാലം. ഒരിക്കല്‍ അവധിദിവസങ്ങള്‍ കിട്ടിയപ്പോള്‍ നാട്ടിലേക്ക് പോന്നു. വീട്ടിലിലെത്തിയാല്‍ ദിവസങ്ങള്‍ അതിവേഗം തീരും. അങ്ങനെ, മടങ്ങുന്നതിന്റെ തലേ ദിവസമായി. അന്ന്, പരിചയമുള്ള ഒരു ചേട്ടന്‍ വീട്ടില്‍ വരുന്നത് കണ്ടു. ഒരു മാസിക തന്നിട്ട് അമ്മയോട് അല്പം കുശലമൊക്കെ പറഞ്ഞ് അദ്ദേഹം തിരികെപ്പോയി.
മാസിക കണ്ടപ്പോള്‍ എനിക്ക് വളരെ ആകര്‍ഷകത്വം തോന്നി. നല്ല കട്ടിയും മിനുസവുമുള്ള താളുകളോടുകൂടിയ വര്‍ണമാസിക. പിറ്റേന്നത്തെ മടക്കയാത്രയുടെ തിരക്കിലായതുകൊണ്ട് അപ്പോള്‍ വായിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ അതും ബാഗില്‍ വച്ചുകൊണ്ടാണ് പഠനസ്ഥലത്തേക്ക് മടങ്ങിയത്.
അവിടെയെത്തി സ്വസ്ഥമായതിനുശേഷം ഞാന്‍ ആ മാസിക കൈയിലെടുത്തു. പേര് ശ്രദ്ധിച്ചുവായിച്ചു, ശാലോം ടൈംസ്. ആദ്യമായാണ് ഞാന്‍ അങ്ങനെയൊരു പേര് കേള്‍ക്കുന്നത്; ഹിന്ദുമത വിശ്വാസികളായ ഞങ്ങളുടെ വീട്ടില്‍ ഒരിക്കലും കേട്ടിട്ടില്ലാത്ത പേര്. മാസികയുടെ ക്രിസ്മസ് സ്‌പെഷ്യല്‍ പതിപ്പായിരുന്നു അത്.
വായിക്കുന്തോറും എനിക്ക് എന്തെന്നില്ലാത്ത ഒരു നല്ല അനുഭവം. പിന്നെയും പിന്നെയും ഞാനത് വായിച്ചുകൊണ്ടിരുന്നു. രക്ഷകനായ യേശുവിനെ കണ്ടെത്തിയ വ്യക്തികളുടെ അനുഭവങ്ങളായിരുന്നു ആ ലക്കത്തില്‍ കൂടുതലും ഉണ്ടായിരുന്നത്. അതെല്ലാം എന്റെ ഹൃദയത്തെ തൊട്ടു.
അതിലൂടെ ഞാനും യേശുവിനെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ശാലോം ടൈംസ് എന്റെ ജീവിതത്തില്‍ ഒരു വഴികാട്ടിയായി. അന്ന് കൊല്ലത്തുള്ള എന്റെ വീട്ടില്‍ മാസിക തന്നത് അവിടത്തെ ശാലോം ടൈംസ് ഏജന്റായ സ്റ്റാനിസ്ലാവോസ് ചേട്ടനായിരുന്നു. തന്റെ ദൗത്യം വിശ്വസ്തതയോടെ ചെയ്ത അദ്ദേഹം വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വര്‍ഗത്തില്‍ തന്റെ പ്രതിഫലം സ്വീകരിക്കാന്‍ യാത്രയായി.
പിന്നീട് എന്റെ വിവാഹം കഴിഞ്ഞു. നാളുകള്‍ക്കുശേഷം, പലവിധ പ്രതികൂലങ്ങളുണ്ടായെങ്കിലും, യേശുവിനെ രക്ഷകനായി ഏറ്റുപറഞ്ഞ് കത്തോലിക്കാസഭയില്‍ അംഗമാകാന്‍ എനിക്കും കുടുംബത്തിനും കൃപ ലഭിച്ചു. ഇന്ന് ഓസ്‌ട്രേലിയയില്‍ ശാലോമിനോടുചേര്‍ന്ന് കര്‍ത്താവിന്റെ ശുശ്രൂഷ ചെയ്ത് ജീവിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നു. രക്ഷകനായ അവിടുത്തെ കണ്ടെത്താന്‍ കൃപ തന്ന യേശുവിന് എങ്ങനെ നന്ദി പറഞ്ഞാലാണ് മതിയാവുക?
ജയശ്രീ സുബിന്‍ പെര്‍ത്ത്, ഓസ്‌ട്രേലിയ