സ്വഭാവശുദ്ധി ലഭിക്കുന്നതിന് സണ്‍ഡേ സ്‌കൂള്‍ പഠനം സഹായിക്കും എന്ന വിശ്വാസംനിമിത്തം ഹൈന്ദവരായിരുന്നെങ്കിലും എന്റെ മാതാപിതാക്കള്‍ ചേച്ചിയെയും തുടര്‍ന്ന് എന്നെയും സണ്‍ഡേ സ്‌കൂളില്‍ പഠിക്കാന്‍ അയച്ചു. സണ്‍ഡേ സ്‌കൂള്‍ പഠനത്തോടൊപ്പം ഞങ്ങള്‍ വിശുദ്ധ കുര്‍ബാനയിലും പങ്കെടുക്കും. വിശുദ്ധ ബലി നടക്കുമ്പോള്‍ വളരെയധികം ആകര്‍ഷണമാണ് എനിക്ക് യേശുവിനോട് അനുഭവപ്പെട്ടിരുന്നത്.
ആദ്യം ജപമാല, അതേത്തുടര്‍ന്ന് ബലിയര്‍പ്പണം. അങ്ങനെയായിരുന്നു അവിടത്തെ രീതി. വിശുദ്ധ കുര്‍ബാന തീരുമ്പോള്‍ എനിക്ക് ദുഃഖമായിരുന്നു. വളരെയധികം സ്‌നേഹത്തോടെ ഒന്നിച്ചിരുന്ന ഒരാളില്‍നിന്ന് അല്പം അകലേക്ക് പോയതുപോലെ…. അതിനാല്‍ത്തന്നെ എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയ്ക്ക് പോകാന്‍ തുടങ്ങി. ശനിയാഴ്ചകളില്‍ വിശുദ്ധ കുര്‍ബാനയ്ക്കുശേഷമുള്ള ‘ലീജിയന്‍ ഓഫ് മേരി’ സംഘടനയുടെ പ്രാര്‍ത്ഥനകളും വളരെയധികം ആകര്‍ഷകമായി അനുഭവപ്പെട്ടിരുന്നു. യേശുവിലുള്ള എന്റെ വിശ്വാസവും സ്‌നേഹവും മനസിലാക്കിയതോടെ വീട്ടുകാര്‍ക്ക് ഞാന്‍ ദൈവാലയത്തില്‍ പോകുന്നതിനോട് എതിര്‍പ്പായി.
”നീ ആരെ കാണാനാണ് എന്നും പള്ളിയില്‍ പോകുന്നത്? ഇനി പോകേണ്ട.” ഇതായിരുന്നു എനിക്ക് ലഭിച്ച കര്‍ശനമായ ആജ്ഞ. അതുകേട്ട് ഞാന്‍ കരഞ്ഞ് പ്രാര്‍ത്ഥിച്ചു. എന്നിട്ട് വീട്ടില്‍ ഇങ്ങനെ പറഞ്ഞു, ”ആരെ കാണാന്‍ പോകുന്നുവെന്ന് തെളിയിച്ച ശേഷമേ ഞാനിനി പള്ളിയില്‍ പോകുന്നുള്ളൂ.” അന്ന് രാത്രിയായപ്പോള്‍ അമ്മയ്ക്ക് അസഹ്യമായ കൈവേദന. അച്ഛനാകട്ടെ വിറയലും ശ്വാസതടസവും. എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാവുന്നില്ല. എനിക്ക് വല്ലാത്ത സങ്കടം. ആ സമയം അമ്മ പറഞ്ഞു: ”ഇവള്‍ പള്ളിയില്‍ പോയില്ല. ദൈവകോപമാണെന്നാ തോന്നുന്നത്!” അപ്പോള്‍ ഞാന്‍ വേഗം ഇങ്ങനെ പ്രാര്‍ത്ഥിച്ചു, ”ദൈവമേ, ഒന്നും സംഭവിക്കരുതേ. ഞാന്‍ എല്ലാ ദിവസവും പള്ളിയില്‍ വന്നുകൊള്ളാം.” ഇങ്ങനെ പ്രാര്‍ത്ഥിച്ച് അല്പസമയം കഴിഞ്ഞതേ അസുഖം ഭേദമായി. ആ ദിവസം മുതല്‍ ദൈവാലയത്തില്‍ പോകുന്നതില്‍നിന്ന് അവര്‍ എന്നെ തടഞ്ഞില്ല.
കാലം കടന്നുപോയി. എനിക്ക് വിവാഹാലോചനകള്‍ ആരംഭിച്ചു. പക്ഷേ എന്റെ മനസില്‍ കടുത്ത ദുഃഖം. നീ എന്നെ ഉപേക്ഷിക്കുകയാണോ എന്ന് യേശു എന്നോട് ചോദിക്കുന്നതുപോലെ… ‘ലോകം മുഴുവനും എന്റെ മുമ്പില്‍ കാഴ്ചവച്ചാലും അതിനെക്കാളും വലുത് എനിക്ക് നിന്നോടുള്ള സ്‌നേഹമാണ്’ എന്ന യേശുവിന്റെ വാക്കുകള്‍ എപ്പോഴും മനസില്‍ നിറഞ്ഞുനിന്നു. ഇപ്രകാരം, ഒരു സന്യാസിനിയാവണമെന്ന ആഗ്രഹം ശക്തമായതോടെ ഞാന്‍ ഇക്കാര്യം വീട്ടിലും അറിയിച്ചു. അതോടെ എല്ലാവര്‍ക്കും കടുത്ത എതിര്‍പ്പായി. എന്നെ കൊന്നുകളയും എന്നായിരുന്നു ഭീഷണി.
പോകുന്ന ദൈവാലയത്തിലെ വികാരിയച്ചനോട് ഈ ആഗ്രഹം പറഞ്ഞപ്പോള്‍ സന്യാസജീവിതംമാത്രമല്ല എല്ലാ ജീവിതാന്തസുകളും ശ്രേഷ്ഠമാണ്, അതിനാല്‍ വിഷമിക്കേണ്ട എന്നെല്ലാം പറഞ്ഞ് അദ്ദേഹം എന്നെ ആശ്വസിപ്പിച്ചു. വാസ്തവത്തില്‍ എനിക്കും ആദ്യം സന്യാസിനിയാവാന്‍ ആഗ്രഹമില്ലായിരുന്നു. പക്ഷേ യേശു സ്‌നേഹിച്ച് ആകര്‍ഷിച്ചുകഴിഞ്ഞപ്പോള്‍ എനിക്ക് മറ്റൊരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല. അതിനാല്‍ മരിച്ചാലും സാരമില്ല ഒരു ദിവസമെങ്കില്‍ ഒരു ദിവസം സന്യാസിനിയായി ജീവിച്ചിട്ട് മരിക്കണം എന്ന് ഞാന്‍ തീരുമാനിച്ചു. ആത്മാവിന് സമാധാനം ലഭിക്കുമല്ലോ.
അങ്ങനെ ഞാന്‍ മഠത്തില്‍ പോയി. എന്നാല്‍ വീട്ടുകാരുടെ സമ്മതമില്ലാതെ അവിടെ സ്വീകരിക്കുമായിരുന്നില്ല. എങ്കിലും പിന്നീട് അവരുടെ അര്‍ധസമ്മതത്തില്‍ മഠത്തില്‍ പ്രവേശനം ലഭിച്ചു. എങ്കിലും വീട്ടുകാര്‍ എന്നെ നിരന്തരം തിരികെ വിളിച്ചുകൊണ്ടിരുന്നു. പക്ഷേ ഞാന്‍ തിരികെപ്പോയില്ല. ഒടുവില്‍ എനിക്കുവേണ്ടി അമ്മ പാതിമനസോടെയാണെങ്കിലും മാമ്മോദീസ സ്വീകരിച്ചു. എന്നാല്‍ അമ്മ പൂര്‍ണതാത്പര്യത്തോടെ യേശുവിനെ സ്വീകരിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം.
കുറച്ച് നാളുകള്‍ കഴിഞ്ഞുപോയി. ആ സമയത്ത് അമ്മയ്ക്ക് ഒരു രോഗം വന്നു. ഏറ്റവും അധികം സ്‌നേഹിച്ചിരുന്ന മകളായ ഞാന്‍ നോക്കാനില്ലല്ലോ എന്നതായിരുന്നു ദൈവത്തോടുള്ള അമ്മയുടെ പരാതി. അങ്ങനെ ഒരു ദിവസം ഞാന്‍ അമ്മയെ കാണാന്‍ പോയി, അരികിലിരുന്ന് പ്രാര്‍ത്ഥിച്ചു. അതോടെ അമ്മ സൗഖ്യപ്പെട്ടു! ഞാന്‍ പോയത് യഥാര്‍ത്ഥദൈവത്തിന്റെകൂടെയാണെന്ന് അതില്‍പ്പിന്നെ അമ്മയ്ക്ക് പൂര്‍ണവിശ്വാസമായി. അതോടെ വിശ്വാസത്തില്‍ ആഴപ്പെട്ടു. കാലം കടന്നുപോയപ്പോള്‍ വ്യത്യസ്തമായ അനുഭവങ്ങളിലൂടെ അച്ഛനും സഹോദരനും സ്വമനസാ ക്രൈസ്തവവിശ്വാസം സ്വീകരിച്ചു. എന്നെ സ്‌നേഹിച്ച് ആകര്‍ഷിച്ച യേശുവിനായി സഹിച്ച കഷ്ടതകളെല്ലാം ഇന്ന് രോഗശാന്തിവരമുള്‍പ്പെടെയുള്ള കൃപകളായി മാറിയിരിക്കുന്നു. അനേകര്‍ക്ക് അത് പകര്‍ന്നുകൊടുക്കാനും സാധിക്കുന്നതില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്.
സിസ്റ്റര്‍ ക്രിസ്റ്റോ ഡി.എം, പുന്നാവൂര്‍, തിരുവനന്തപുരം