അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം. ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം.” സ്വര്‍ഗത്തിലെ മാലാഖമാര്‍ ആര്‍ത്തുപാടിയ ആ സമാധാനഗീതം ഭൂമിയില്‍ അതുവരെ ഉണ്ടായിരുന്നതും പിന്നീട് പിറന്നു വീഴാനിരിക്കുന്നതുമായ ഏറ്റവും അവസാനത്തെ മനുഷ്യശിശുവിനുംവേണ്ടിയുള്ള ആശംസ നേരലായിരുന്നു. മാലാഖമാര്‍ അറിയിച്ച ജനന അറിയിപ്പില്‍ ഇക്കാര്യം വ്യക്തമാകുന്നുണ്ട്. ”ഇതാ സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍ കര്‍ത്താവായ ക്രിസ്തു ഇന്ന് ജനിച്ചിരിക്കുന്നു. ഇതായിരിക്കും നിങ്ങള്‍ക്ക് അടയാളം. പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും” (ലൂക്കാ 2:10-12).
ശിശുവായ യേശുവിനെ ദൈവാലയത്തില്‍ കാഴ്ചവയ്ക്കാനായി യൗസേപ്പും മറിയവും ചെന്നപ്പോള്‍ ദിവ്യശിശുവിനെ കരങ്ങളിലെടുത്ത് പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് ശിമയോന്‍ ദൈവത്തെ സ്തുതിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: ”കര്‍ത്താവേ, അവിടുത്തെ വാഗ്ദാനമനുസരിച്ച് ഇപ്പോള്‍ ഈ ദാസനെ സമാധാനത്തില്‍ വിട്ടയയ്ക്കണമേ! എന്തെന്നാല്‍ സകല ജനതകള്‍ക്കുംവേണ്ടി അവിടുന്ന് ഒരുക്കിയിരിക്കുന്ന രക്ഷ എന്റെ കണ്ണുകള്‍ കണ്ടുകഴിഞ്ഞു. അത് വിജാതീയര്‍ക്ക് വെളിപാടിന്റെ പ്രകാശവും അവിടുത്തെ ജനമായ ഇസ്രായേലിന്റെ മഹിമയും ആണ്” (ലൂക്കാ 2:29-32).
വെളിപാടിന്റെ പുസ്തകത്തിലെ ദിവ്യശിശു
ഈ ദിവ്യശിശുതന്നെയാണ് വെളിപാടിന്റെ പുസ്തകം പന്ത്രണ്ടാം അധ്യായത്തില്‍ വിവരിച്ചിരിക്കുന്ന സൂര്യനെ ഉടയാടയാക്കിയ സ്ത്രീ പ്രസവിച്ച ആണ്‍കുട്ടി. ”അവള്‍ ഒരാണ്‍കുട്ടിയെ പ്രസവിച്ചു. സകല ജനപദങ്ങളെയും ഇരുമ്പുദണ്ഡുകൊണ്ട് ഭരിക്കാനുള്ളവനാണ് അവന്‍. അവളുടെ ശിശു ദൈവത്തിന്റെയും അവിടുത്തെ സിംഹാസനത്തിന്റെയും അടുത്തേക്ക് സംവഹിക്കപ്പെട്ടു” (വെളിപാട് 12:5).
ഏശയ്യാ പ്രവചനത്തിലും സകല ജനപദങ്ങളെയും ഭരിക്കാനും നയിക്കാനുമിരിക്കുന്ന ഈ അത്ഭുതശിശുവിനെക്കുറിച്ച് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. ”നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രന്‍ നല്കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും. വിസ്മയനീയനായ ഉപദേഷ്ടാവ്, ശക്തനായ ദൈവം, നിത്യനായ പിതാവ്, സമാധാനത്തിന്റെ രാജാവ് എന്ന് അവന്‍ വിളിക്കപ്പെടും” (ഏശയ്യാ 9:6).
ഈ സമാധാന രാജാവിന്റെ വിശുദ്ധ ഗിരിയില്‍ നടക്കാന്‍ പോകുന്ന സമാധാനഭരണത്തെക്കുറിച്ച് ഇപ്രകാരം വിവരിച്ചിരിക്കുന്നു. ”നീതിയും വിശ്വസ്തതയുംകൊണ്ട് അവന്‍ അര മുറുക്കും. ചെന്നായും ആട്ടിന്‍കുട്ടിയും ഒന്നിച്ച് വസിക്കും. പുള്ളിപ്പുലി കോലാട്ടിന്‍ കുട്ടിയോടുകൂടെ കിടക്കും. പശുക്കിടാവും സിംഹക്കുട്ടിയും ഒന്നിച്ചുമേയും. ഒരു ശിശു അവയെ നയിക്കും” (ഏശയ്യാ 11:5-7). ഹിംസ്രജന്തുക്കളെപ്പോലെ ചീറിക്കടിക്കുന്ന സകല മനുഷ്യരെയും സമാധാനത്തിന്റെ കൊടിക്കീഴില്‍ ഒരുമിപ്പിച്ച് നയിക്കുന്ന ഈ അത്ഭുതശിശു ഉണ്ണിയായി പിറന്നു വീണ ദൈവപുത്രനായ യേശുതന്നെയാണ്. അതുകൊണ്ട് ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ കൊണ്ടാടല്‍ ക്രിസ്ത്യാനികള്‍ക്കുമാത്രമല്ല, ലോകം മുഴുവനിലുമുള്ള സകല ജനപദങ്ങള്‍ക്കും അവകാശപ്പെട്ടതും സന്തോഷമേകുന്നതുമാണ്.
വിജാതീയരേ ആര്‍ത്തുവിളിക്കുവിന്‍
കര്‍ത്താവ് ജനതകളോട് അതായത് വിജാതീയരോട് തന്റെ പുത്രന്റെ മനുഷ്യാവതാരത്തിലൂടെ വലിയ കരുണയും പരിഗണനയും കാണിക്കുന്നതായി തിരുലിഖിതങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ”ജനതകളേ, നിങ്ങള്‍ അവിടുത്തെ ജനത്തോടൊത്ത് ആര്‍ത്തുവിളിക്കുവിന്‍” (നിയമാവര്‍ത്തനം 32:43) ”ഹൃദയങ്ങളെ അറിയുന്ന ദൈവം നമുക്കെന്നതുപോലെ അവര്‍ക്കും പരിശുദ്ധാത്മാവിനെ നല്കിക്കൊണ്ട് അവരെ അംഗീകരിച്ചു. നമ്മളും അവരും തമ്മില്‍ അവിടുന്ന് വ്യത്യാസം കല്പിച്ചില്ല; അവരുടെ ഹൃദയങ്ങളെയും വിശ്വാസംകൊണ്ട് പവിത്രീകരിച്ചു” (അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ 15:8-9).
ക്രിസ്തുവിന്റെ വചനം പാലിച്ചു ജീവിക്കുന്ന വിജാതീയര്‍ക്ക് ദൈവം കൊടുത്തിരിക്കുന്ന അവകാശം ക്രിസ്ത്യാനികള്‍ക്ക് ഒപ്പമുള്ള അവകാശംതന്നെയാണ്. തിരുലിഖിതങ്ങള്‍ ഇത് വ്യക്തമാക്കുന്നു. അത് ഇപ്രകാരമാണ്: ”ഈ വെളിപാടനുസരിച്ച് വിജാതീയര്‍ കൂട്ടവകാശികളും ഒരേ ശരീരത്തിന്റെ അംഗങ്ങളും സുവിശേഷത്തിലൂടെ യേശുക്രിസ്തുവില്‍ വാഗ്ദാനത്തിന്റെ ഭാഗഭാക്കുകളുമാണ്” (എഫേസോസ് 3:6).
എല്ലാ ജനതകള്‍ക്കും അര്‍ഹതപ്പെട്ടത്
യേശുക്രിസ്തു മാമോദീസ സ്വീകരിച്ചവരുടെ മാത്രം ദൈവമല്ല. അവിടുത്തെ വചനമനുസരിച്ച് ജീവിക്കുന്ന ഏതൊരുവന്റെയും ദൈവമാണ്. എന്തെന്നാല്‍ തിരുവചനത്തില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു. ”ദൈവം യഹൂദരുടേതുമാത്രമാണോ? വിജാതീയരുടേതുമല്ലേ? അതേ അവിടുന്ന് വിജാതീയരുടെയും ദൈവമാണ്” (റോമാ 3:29). അപ്പസ്‌തോല പ്രവര്‍ത്തനങ്ങളില്‍ സഭയുടെ ആദ്യത്തെ മാര്‍പാപ്പയായ പത്രോസ് തന്റെ വാക്കുകളിലൂടെ ഇത് വ്യക്തമാക്കുന്നുണ്ട്. ”സത്യമായും ദൈവത്തിന് പക്ഷപാതമില്ലെന്നും അവിടുത്തെ ഭയപ്പെടുകയും നീതി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആരും ഏതു ജനതയില്‍പ്പെട്ടവനായാലും അവിടുത്തേക്ക് സ്വീകാര്യനാണെന്നും ഞാന്‍ സത്യമായി അറിയുന്നു” (അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ 10:34-35).
ഇത് സകലര്‍ക്കുമുള്ള രക്ഷ
ദൈവം യഹൂദരെ തന്റെ സ്വന്തം ജനമായി തിരഞ്ഞെടുത്തത് അവരെമാത്രം രക്ഷിക്കാനായിരുന്നില്ല. അവരിലൂടെ രക്ഷകനായ യേശുവിനെ ഈ ഭൂമിയിലേക്കയച്ച് സകല ജനതകളെയും രക്ഷിക്കാനാണ്. ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: ”അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന് തന്റെ ഏകജാതനെ നല്കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രയധികമായി സ്‌നേഹിച്ചു” (യോഹന്നാന്‍ 3:16). ദൈവത്തിന്റെ ഈ സ്‌നേഹപദ്ധതി പ്രവാചകന്മാരുടെ കാലത്തേ വെളിവാക്കപ്പെട്ടിട്ടുണ്ട്. അത് ഇപ്രകാരമാണ് ”ജസ്സെയില്‍നിന്ന് ഒരു മുള പൊട്ടിപ്പുറപ്പെടും. വിജാതീയരെ ഭരിക്കാനുള്ളവന്‍ ഉദയം ചെയ്യും. വിജാതീയര്‍ അവനില്‍ പ്രത്യാശ വയ്ക്കും” (റോമാ 15:12). ജസ്സെയില്‍നിന്നുള്ള ഈ മുള ദാവീദിന്റെ വംശജനായ ഭൂമിയില്‍ പിറന്നുവീണ യേശുതന്നെയാണ്. ജനതകള്‍ക്കുള്ള വിമോചന പാത്രമായി ഈ ഭൂമിയിലേക്ക് കടന്നുവന്ന യേശുവിനെക്കുറിച്ച് ഇപ്രകാരം ഏശയ്യാ പ്രവചിച്ചിരിക്കുന്നു. ”ഇതാ ഞാന്‍ താങ്ങുന്ന എന്റെ ദാസന്‍. ഞാന്‍ തിരഞ്ഞെടുത്ത എന്റെ പ്രീതിപാത്രം. ഞാന്‍ എന്റെ ആത്മാവിനെ അവന് നല്കി. അവന്‍ ജനതകള്‍ക്ക് നീതി പ്രദാനം ചെയ്യും” (ഏശയ്യാ 42:1-2). തന്റെ സ്വന്തജനമായി തിരഞ്ഞെടുത്ത ഇസ്രായേലിന് അബ്രാഹമിനോട് ചെയ്ത തന്റെ ഉടമ്പടിപ്രകാരവും മറ്റു ജനതകള്‍ക്ക് (വിജാതീയര്‍ക്ക്) വെളിപാടിന്റെ പ്രകാശത്തിലൂടെയുമാണ് യേശുവിനെ ദൈവം നല്കിയത്. തിരുവചനങ്ങള്‍ ഇത് വ്യക്തമാക്കുന്നു. ”ഞാന്‍ നിന്നെ കൈയ്ക്ക് പിടിച്ച് നടത്തി സംരക്ഷിച്ചു. അന്ധര്‍ക്ക് കാഴ്ച നല്കുന്നതിനും തടവുകാരെ കാരാഗൃഹത്തില്‍നിന്നും അന്ധകാരത്തിലിരിക്കുന്നവരെ ഇരുട്ടറയില്‍നിന്നും മോചിപ്പിക്കുന്നതിനുംവേണ്ടി ഞാന്‍ നിന്നെ ജനത്തിന് ഉടമ്പടിയും ജനതകള്‍ക്ക് പ്രകാശവുമായി നല്കിയിരിക്കുന്നു” (ഏശയ്യാ 42:6-7). ജനം എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് യഹൂദജനത്തെ ആണ്, ഇന്നത്തെ ക്രൈസ്തവരെയും. ജനതകള്‍ എന്ന് ഉദ്ദേശിക്കുന്നത് വിജാതീയരെയും. അതുകൊണ്ട് ജനത്തിന് ഉടമ്പടിയും ജനതകള്‍ക്ക് പ്രകാശവുമായി ഭൂമിയില്‍ ഉദയം ചെയ്ത യേശുവിന്റെ ജന്മദിനം ക്രിസ്തുവില്‍ വിശ്വസിക്കുന്ന ക്രിസ്ത്യാനികളുടെ മാത്രമല്ല, ദൈവത്തെ ഭയപ്പെട്ടുകൊണ്ട് നീതിനിഷ്ഠയോടെ ജീവിക്കുന്ന ഏതൊരു വിജാതീയന്റെയും ഉത്സവദിനമാണ്, അവന്‍ ഏതൊരു മതത്തില്‍പ്പെട്ടവനാകട്ടെ.
വിജാതീയനെ ആദരിക്കുന്ന യേശുക്രിസ്തു
ദൈവത്തെയും സഹോദരനെയും സ്‌നേഹിച്ചുകൊണ്ട് നീതിനിഷ്ഠയോടെ ജീവിക്കുന്ന ഏതൊരു വിജാതീയനെയും മാനിക്കുന്നവനും ഉയര്‍ത്തിക്കാട്ടുന്നവനുമാണ് യേശുക്രിസ്തു. താഴെ പറയുന്ന ഉദാഹരണങ്ങള്‍ അതിനുള്ള ഏതാനും ചില തെളിവുകളാണ്.
1. യേശു തന്റെ ലോകത്തിന്റെ രക്ഷയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതുതന്നെ വിജാതീയരുടെ അടുത്തുനിന്നുമാണ്. (മത്തായി 4:15).
2. യേശുവിന്റെ ദൈവരാജ്യപ്രവര്‍ത്തനത്തിലെ ആദ്യത്തെ പ്രഘോഷക ഒരു സമരിയാക്കാരി സ്ത്രീ ആയിരുന്നു. (യോഹന്നാന്‍ നാലാം അധ്യായം).
3. യേശു തന്റെ പരസ്യജീവിതകാലത്ത് ഉയര്‍ത്തിക്കാട്ടിയ ഉന്നതമായ വിശ്വാസത്തിന്റെ ഉടമ കാനാന്‍കാരിയായ ഒരു വിജാതീയ സ്ത്രീ ആയിരുന്നു. (മത്തായി 15:21-28).
4. ”ഇസ്രായേലില്‍പ്പോലും ഒരിക്കലും കണ്ടെത്തിയിട്ടില്ല ഉന്നതമായ വിശ്വാസം” എന്ന് യേശു തന്റെ ചുറ്റിലുമുള്ളവരോട് പ്രശംസിച്ചു പറഞ്ഞത് വിജാതീയനായ ഒരു ശതാധിപന്റേതായിരുന്നു (ലൂക്കാ ഏഴാം അധ്യായം).
5. യേശു തന്റെ പരസ്യജീവിതകാലത്ത് നല്ല സമറായനെ ചൂണ്ടി യഹൂദനിയമജ്ഞനോട് പറഞ്ഞു ”നീയും പോയി അതുപോലെ ചെയ്യുക” (ലൂക്കാ 10:25-37).
6. യഥാര്‍ത്ഥ നന്ദിയുടെ പ്രതീകമായി യേശു ഉയര്‍ത്തിക്കാട്ടിയത് തന്നില്‍നിന്നും സൗഖ്യം നേടിയ വിജാതീയനായ ഒരു കുഷ്ഠരോഗിയെ ആണ്. (ലൂക്കാ 17:11-19)
7. വിജാതീയനായ ശതാധിപന്‍ കൊര്‍ണേലിയൂസിന് സുവിശേഷമെത്തിച്ചുകൊടുക്കുവാന്‍വേണ്ടി പത്രോസിനെ പറഞ്ഞുവിടുന്നു (അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ പത്താം അധ്യായം).
പരിശുദ്ധാത്മാവ് പരിഹരിച്ച പ്രശ്‌നം
എന്റെ ചെറുപ്രായത്തില്‍ ‘സഭയ്ക്കുപുറമേ രക്ഷയില്ല.’ എന്നതേപ്പറ്റി ആരില്‍നിന്നും വ്യക്തമായ വിശദീകരണം എനിക്ക് കിട്ടിയില്ല. പിന്നീട് ഞാനത് മറന്നുതന്നെ പോയി. പക്ഷേ 1984-ല്‍ കരിസ്മാറ്റിക് നവീകരണത്തില്‍ വന്നു കഴിഞ്ഞപ്പോള്‍ ഞാന്‍ ദൈവവചനം കൂടുതലായി വായിക്കാന്‍ തുടങ്ങി. അപ്പോള്‍ മാത്രമാണ് വിജാതീയസഹോദരങ്ങളുടെ രക്ഷയെ സംബന്ധിച്ച യേശുവിന്റെ നിലപാട് എനിക്ക് പരിശുദ്ധാത്മാവ് വെളിപ്പെടുത്തിത്തന്നത്. അത് ഇതാണ്. ”എന്തെന്നാല്‍ ദൈവസന്നിധിയില്‍ മുഖംനോട്ടമില്ല. നിയമബദ്ധരല്ലാതിരിക്കേ പാപം ചെയ്തവരെല്ലാം നിയമം കൂടാതെ നശിക്കും; നിയമ ബദ്ധരായിരിക്കേ പാപം ചെയ്തവര്‍ നിയമാനുസൃതം വിധിക്കപ്പെടും. കാരണം, നിയമം ശ്രവിക്കുന്നവരല്ല ദൈവസമക്ഷം നീതിമാന്മാര്‍; നിയമം അനുസരിക്കുന്നവരാണ് നീതീകരിക്കപ്പെടുന്നത്. നിയമം ലഭിച്ചിട്ടില്ലാത്ത വിജാതീയര്‍ നിയമം ആവശ്യപ്പെടുന്ന കാര്യങ്ങള്‍ സ്വാഭാവികമായിത്തന്നെ നിറവേറ്റുമ്പോള്‍, നിയമമില്ലെന്നിരിക്കിലും, അവര്‍ തങ്ങള്‍ക്കുതന്നെ ഒരു നിയമമാവുകയാണ് ചെയ്യുന്നത്. നിയമത്തിന്റെ അനുശാസനം തങ്ങളുടെ ഹൃദയങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്നുവെന്ന് അവര്‍ സ്പഷ്ടമാക്കുന്നു. അവരുടെ മനഃസാക്ഷി അതിനു സാക്ഷ്യം നല്‍കുന്നു. അവരുടെ വൈരുധ്യമാര്‍ന്ന വിചാരങ്ങള്‍ അവരെ കുറ്റപ്പെടുത്തുകയോ ന്യായീകരിക്കുകയോ ചെയ്യും. ഞാന്‍ പ്രസംഗിക്കുന്ന സുവിശേഷമനുസരിച്ച് ദൈവം യേശുക്രിസ്തുവഴി മനുഷ്യരുടെ രഹസ്യങ്ങള്‍ വിധിക്കുന്ന ദിവസം ഇതും വെളിവാകും” (റോമാ 2:11-16). യേശുവിനെ പ്രഘോഷിക്കേണ്ടായെന്നോ സുവിശേഷപ്രഘോഷണം ആവശ്യമില്ല എന്നോ അല്ല ഇതിനര്‍ത്ഥം എന്ന് പ്രത്യേകം ഓര്‍മ്മപ്പെടുത്തട്ടെ.
ഒരൊറ്റ പ്രമാണം
നിയമത്തിലെ അതിപ്രധാന കല്‍പനയായി ഈശോ പറഞ്ഞത് ദൈവസ്‌നേഹത്തെയും പരസ്‌നേഹത്തെയു മാണ്. ”നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണമനസോടുംകൂടെ സ്‌നേഹിക്കുക. ഇതാണ് പ്രധാനവും പ്രഥമവുമായ കല്‍പന. രണ്ടാമത്തെ കല്‍പനയും ഇതിനുതുല്യം തന്നെ. അതായത്, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക. ഈ രണ്ട് കല്‍പനകളില്‍ സമസ്ത നിയമവും പ്രവാചകന്‍മാരും അധിഷ്ഠിതമായിരിക്കുന്നു” (മത്തായി 22:37-40).
ഈ കല്‍പനകള്‍ ഹൃദയത്തില്‍ ആലേഖനം ചെയ്താലെന്നവണ്ണം ജീവിക്കുന്ന അനേകം വിജാതീയര്‍ നമുക്ക് ചുറ്റുമുണ്ട്. നമ്മുടെ ഇത്തവണത്തെ ക്രിസ്മസ് അവരെയും തുല്യതാമനോഭാവത്തോടെ ഹൃദയത്തില്‍ സംവഹിച്ചുകൊണ്ടുള്ളതാകട്ടെ. പുല്‍ക്കൂട്ടിലെ ദിവ്യശിശു നമ്മെ നയിക്കട്ടെ. സകല ജനപദങ്ങളുടെയും മാതാവും രാജ്ഞിയുമായ പരിശുദ്ധ മറിയം നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കും. എല്ലാവര്‍ക്കും ക്രിസ്മസ് മംഗളങ്ങള്‍!
സ്റ്റെല്ല ബെന്നി