തന്റെ കുമ്പസാരകന്റെ സഹായത്തോടെ വിശുദ്ധ ജെമ്മ ഗല്‍ഗാനി ജിയാന്നിനി കുടുംബത്തോടൊപ്പം താമസമാരംഭിച്ചു. അവിടത്തെ ജോലികള്‍ ചെയ്യുക, കുട്ടികളുടെ വിദ്യാഭാസത്തിലും പരിശീലനത്തിലും സഹായിക്കുക എന്നീ ഉത്തരവാദിത്വങ്ങള്‍ അവള് സന്തോഷത്തോടെ നിറവേറ്റി. ആ വീട്ടില്‍ അവള്‍ക്ക് സ്വാതന്ത്ര്യവും ലഭ്യമായിരുന്നു.
അവിടെവച്ച് അനേകതവണ അവള്‍ക്കുണ്ടായ സവിശേഷ ദൈവിക അവസ്ഥയെക്കുറിച്ച് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആത്മാവ് ദൈവത്തിലേക്ക് പൂര്‍ണമായും ലയിച്ചുചേരുകയും സ്വാഭാവിക ഇന്ദ്രിയങ്ങള്‍ നിഷ്ക്രിയമാവുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്. ഹര്ഷോന്മാദം (Ecstasy) എന്ന് ഈ അവസ്ഥ വിളിക്കപ്പെടുന്നു. ഇത്തരം വേളകളിലുള്ള ജെമ്മയുടെ സംസാരം കേട്ടിരുന്ന അവളുടെ കുമ്പസാരകനായ ഫാ. ജെര്മാനോയും ജിയാന്നിനി കുടുംബത്തിന്റെ ബന്ധുവായ സിസിലിയ ആന്റിയും അത് രേഖപ്പെടുത്തി വച്ചിരുന്നു.
ഇങ്ങനെ ഒരു അവസ്ഥയ്ക്ക് ഒരിക്കല്‍ ഫാ. ജെര്‍മാനോ സാക്ഷിയാവുന്ന സമയം. വിശുദ്ധ ജെമ്മ യേശുവിനോട് തര്‍ക്കിക്കുന്നത് അദ്ദേഹം കേള്‍ക്കുകയാണ്: ”ഞാന്‍ അങ്ങയുടെ നീതിക്കായല്ല, കരുണയ്ക്കായാണ് ചോദിക്കുന്നത്. എനിക്കറിയാം, അവന് അങ്ങയുടെ കണ്ണീര് വീഴ്ത്തിയവനാണ്; പക്ഷേ…. അങ്ങ് അവന്റെ പാപങ്ങളെക്കുറിച്ച് ഓര്‍ക്കരുത്; അങ്ങ് അവനുവേണ്ടി ചൊരിഞ്ഞ തിരുച്ചോരയെപ്പറ്റി ഓര്‍ക്കണം… ഇനി ഈശോയേ, എനിക്ക് ഉത്തരം തരൂ, എന്റെ പാപിയെ രക്ഷിച്ചെന്ന് എന്നോട് പറയൂ…..” ആ പാപിയുടെ പേരും ജെമ്മ പറയുന്നുണ്ടായിരുന്നു. നിമിഷങ്ങള്‍ കഴിഞ്ഞപ്പോഴേക്കും അവള് വലിയ സന്തോഷത്തിലായതായി സ്വരം കേട്ട ഫാ. ജെര്മാനോയ്ക്ക് മനസ്സിലായി. ”അവന് രക്ഷിക്കപ്പെട്ടിരിക്കുന്നു! യേശുവേ, അങ്ങ് വിജയിച്ചിരിക്കുന്നു!! വിജയം എപ്പോഴും അങ്ങയുടേതാണ്!!” പെട്ടെന്നുതന്നെ ജെമ്മ സാധാരണ അവസ്ഥയിലേക്ക് തിരികെവന്നു.
ആ സമയം ഫാ. ജെര്‍മാനോ മുറിയില്‍നിന്ന് പുറത്തിറങ്ങിയതേയുള്ളൂ. അതാ പുറത്ത് ഒരു സ്വരം! ഒരു അപരിചിതന് ഫാ. ജെര്മാനോയെ കാണാന്‍ എത്തിയിരിക്കുകയാണ്. അദ്ദേഹത്തെ കണ്ടയുടനെ അയാള്‍ കണ്ണീരോടെ മുട്ടിന്മേല് വീണു, ”ഫാദര്‍, എനിക്കൊന്ന് കുമ്പസാരിക്കണം!”
ആ വാക്കുകള്‍ക്ക് മുന്നില്‍ ഫാ. ജെര്‍മാനോ അമ്പരപ്പോടെ നിന്നു. കാരണം, അത് ‘ജെമ്മയുടെ സ്വന്തം’ പാപിയായിരുന്നു!
വിശുദ്ധര്‍ പാപികളുടെ രക്ഷയ്ക്കായി എപ്പോഴും സ്നേഹതീക്ഷ്ണതയോടെ പ്രാര്‍ത്ഥിച്ചിരുന്നു.