ടീച്ചറായി ജോലി ചെയ്യുന്ന എന്റെ നിയമനം സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള അപ്പോയിന്റ്മെന്റ് ഓര്‍ഡര്‍ നാളുകളായി ലഭിച്ചിരുന്നില്ല. അതിനാല്‍ ഒരു ദിവസം ബന്ധപ്പെട്ട ഓഫീസില്‍ പോയി അന്വേഷിക്കാന്‍ തീരുമാനിച്ചു. ഇതേക്കുറിച്ച് അറിവുള്ളവരോട് പറഞ്ഞപ്പോള്‍ ലഭിച്ച മറുപടി ശുപാര്‍ശ ചെയ്യാന്‍ ആളില്ലെങ്കില്‍ പോയിട്ട് കാര്യമില്ല എന്നാണ്.
ഇതറിയാമെങ്കിലും ഞാന്‍ പോയി. തനിയെയാണ് പോയത്. യാത്രയുടെ സമയത്തെല്ലാം ഈശോ എന്റെ കൂടെയുള്ളതായി ചിന്തിച്ചുകൊണ്ട് ”ഈശോയേ എനിക്കായി ശുപാര്‍ശ ചെയ്യാന്‍ ആരുമില്ല. അങ്ങുതന്നെ അത് ചെയ്യണേ” എന്നൊക്കെ പറഞ്ഞുകൊണ്ടിരുന്നു. ഓഫീസില്‍ എത്തി അന്വേഷിച്ചപ്പോള്‍ അടുക്കിവച്ചിരിക്കുന്ന ഫയലുകളില്‍ വളരെ താഴെയാണ് എന്റേത് ഇരിക്കുന്നത് എന്ന് മനസിലായി. അത് ശരിയാകാന്‍ കുറേ നാള് എടുക്കും എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് പറയുകയും ചെയ്തു. ഞാന്‍ വിഷമത്തോടെ മടങ്ങാന്‍ ഒരുങ്ങി.
ആ സമയത്ത് അവിടെത്തന്നെയുള്ള ഒരു ഉദ്യോഗസ്ഥന് പുറത്തിറങ്ങി എന്റെയടുത്ത് വന്നു. കാര്യം ചോദിച്ചറിഞ്ഞ് എന്റെ ഫോണ്‍നമ്പര്‍ വാങ്ങിച്ചിട്ട് അദ്ദേഹം ഓഫീസിലേക്ക് കയറിപ്പോയി. പിന്നെ ഞാന്‍ മടങ്ങിപ്പോന്നു. എന്നാല്‍ പിറ്റേന്നുതന്നെ അദ്ദേഹം എന്നെ ഫോണ്‍ ചെയ്ത് പറഞ്ഞു, ”നിങ്ങളുടെ അപ്പോയിന്റ്മെന്റ് ഓര്‍ഡര്‍ ശരിയായിട്ടുണ്ട്!”
ആദ്യം കണ്ടപ്പോള്‍മുതല്‍ എന്നെ സഹായിക്കണമെന്ന് ആരോ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നതുപോലെ അനുഭവപ്പെട്ടു. അതിനാലാണ് അപ്രകാരം ചെയ്തത് എന്ന് അക്രൈസ്തവനായിരുന്ന അദ്ദേഹം സാക്ഷ്യപ്പെടുത്തുകയും ചെയ്തു.
സംഗീത സാബു, കാറ്റുള്ളമല, കോഴിക്കോട്