ഒരു അസാധാരണ ക്രിസ്മസ്

ഹംഗറിയിലെ രാജ്ഞിയായിരുന്ന എലിസബത്ത് ദരിദ്രരുടെയും അനാഥരുടെയും സ്‌നേഹിതയായിരുന്നു. രാജ്ഞിയുടെ സാധുജന സേവനം കൊട്ടാരവാസികളെ അസ്വസ്ഥരാക്കി. ഒരിക്കല്‍, ഒരു അനാഥ ശിശുവിനെ രാജ്ഞി അവരുടെ കിടക്കയില്‍ കിടത്തി ശുശ്രൂഷിക്കുന്നതായി ജോലിക്കാര്‍ രാജാവിനോട് പരാതിപ്പെട്ടു. ലൂയി നാലാമന്‍ രാജാവ് തിടുക്കത്തില്‍ തന്റെ മുറിയിലെത്തിയപ്പോള്‍ അവിടമാകെ ശക്തമായ പ്രകാശത്താല്‍ പൂരിതമായിരിക്കുന്നു… അതികോമളനായ ഉണ്ണിയീശോ കിടക്കയില്‍ കിടന്ന് പുഞ്ചിരിതൂകുന്നു… രാജാവ് ഉടന്‍ നിലത്തുവീണ് ഉണ്ണിയീശോയെ ആരാധിച്ചു.
”ഹൃദയ ശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍, അവര്‍ ദൈവത്തെ കാണും” (മത്തായി 5:8) എന്നാണല്ലോ ഈശോ അരുളിയത്. അതുകൊണ്ടാണ് ആട്ടിടയര്‍ക്കും പൂജാ രാജാക്കന്മാര്‍ക്കും കാഴ്ചയില്‍ ഒരു സാധാരണ മനുഷ്യശിശുവായി ജനിച്ച യേശുവില്‍ ദൈവത്തെ കണ്ട് ആരാധിക്കാന്‍ സാധിച്ചത്. ”പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും” (ലൂക്കാ 2:12) എന്നതിലുപരി അസാധാരണമായ അടയാളമൊന്നും മാലാഖമാര്‍ ആട്ടിടയര്‍ക്ക് നല്കിയില്ല. എന്നിട്ടും അവര്‍ വിശ്വസിച്ചു, ഉണ്ണിയേശുവിനെ രക്ഷകനായി സ്വീകരിച്ചു. അതുവരെ സാധാരണക്കാരായിരുന്ന ഇടയര്‍ അന്നുമുതല്‍ ലോകാന്ത്യംവരെ പ്രഘോഷിക്കപ്പെടുന്ന അസാധാരണക്കാരായ ഇടയന്മാരായി.
ഓരോ ക്രിസ്മസിലും നമ്മുടെ രക്ഷയ്ക്കുവേണ്ടി രക്ഷകനായ ക്രിസ്തു ഭൂജാതനാകുന്നുണ്ട്. നാം ഓരോരുത്തരും സ്വന്തം രക്ഷകനായി അവിടുത്തെ സ്വീകരിക്കുമ്പോള്‍ ആട്ടിടയരെയും രാജാക്കന്മാരെയുംപോലെ നാമും അസാധാരണക്കാരായിത്തീരും. പുല്‍ക്കൂടിന്റെയും നക്ഷത്രങ്ങളുടെയും മനോഹാരിത ആസ്വദിച്ച്, കാഴ്ചക്കാരായി കടന്നുപോകാന്‍ ആര്‍ക്കും സാധിക്കും. അവര്‍ എന്നും സാധാരണക്കാരായിരിക്കുകയേ ഉള്ളൂ. എന്നാല്‍ മനുഷ്യനായി അവതരിച്ച ദൈവപുത്രനെ ദൈവമായി സ്വീകരിച്ച് ആരാധിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നവര്‍ ആരായിരുന്നാലും അവര്‍ അസാധാരണക്കാരായിത്തീരും. പിറക്കാന്‍ ഒരിടംപോലും കിട്ടാത്തവനെ ദൈവമായി സ്വീകരിച്ച മറിയവും യൗസേപ്പും മഹത്വപൂര്‍ണരായില്ലേ?…. അതുവരെ ആര്‍ക്കും അറിവില്ലാതിരുന്ന ആ ഗുഹയും പുല്‍ക്കൂടും ദൈവപുത്രന് ജനിക്കാനിടമായതിന്റെ പേരില്‍ ലോകോത്തര തീര്‍ത്ഥകേന്ദ്രവും സൗഖ്യസമാധാനങ്ങളുടെ പ്രഭവസ്ഥാനവുമായില്ലേ? സാധാരണ രാജ്ഞിയും രാജാവുമായിരുന്ന ഹംഗറിയിലെ എലിസബത്തും ലൂയിയും യേശുവിനെ രക്ഷകനായ ക്രിസ്തുവായി സ്വീകരിച്ച് ആരാധിച്ചതിനാല്‍ അസാധാരണക്കാരും വിശുദ്ധരുമായി ഉയര്‍ത്തപ്പെട്ടില്ലേ? വിശുദ്ധരെല്ലാം അള്‍ത്താരകളില്‍ വണങ്ങപ്പെടുന്നതും സ്വര്‍ഗത്തിലും ഭൂമിയിലും സമാദരണീയരായിരിക്കുന്നതും ദൈവത്തെ ദൈവമായി സ്വീകരിച്ച്, സ്‌നേഹത്തോടെ ആരാധിച്ചതിനാലാണ്.
നമുക്കും ഇത് സാധ്യവും സമീപസ്ഥവുമാണ്. ദിനവും ദിവ്യബലിമധ്യേ ദൈവം അപ്പമായി പിറക്കുമ്പോള്‍ അള്‍ത്താരയില്‍നിന്ന് സ്‌നേഹത്തോടെ അവിടുത്തെ നമ്മുടെ ഹൃദയത്തിലേക്ക് എടുത്തുവയ്ക്കാമെങ്കില്‍, ദൈവമായി ആരാധിക്കാന്‍ കഴിയുമെങ്കില്‍ നമുക്കും അസാധാരണക്കാരും വിശുദ്ധരുമാകാന്‍ സാധിക്കും. കാഴ്ചക്കാരായി നിന്നാല്‍ സാധാരണക്കാരായി മറഞ്ഞില്ലാതാകും.
ആട്ടിടയര്‍ക്ക് അന്ന് കൊടുത്ത അടയാളം പോലെ ഇന്ന് ക്രിസ്മസില്‍ രക്ഷകനായ ക്രിസ്തുവിനെ തിരിച്ചറിയാന്‍ ലഭിക്കുന്ന അടയാളം ‘ഊതിയാല്‍ പറക്കുന്ന കടലാസു തുണ്ടുപോലുള്ള അപ്പക്കഷണം’ എന്നതായേക്കാം. ആ തിരുവോസ്തിയില്‍ ദൈവപുത്രനെ കാണാനുള്ള കൃപയ്ക്കായി നാം പ്രാര്‍ത്ഥിക്കണം.
ദൈവപിതാവേ, ലോലമായ അപ്പത്തില്‍ വസിക്കുന്ന ദൈവപുത്രനെ സ്‌നേഹത്തോടെ സ്വീകരിച്ച്, അസാധാരണക്കാരും അതിശ്രേഷ്ഠരുമായിത്തീരാന്‍ ഈ ക്രിസ്മസില്‍ ഞങ്ങളെ അനുഗ്രഹിക്കണമേ, ആമ്മേന്‍.

എല്ലാ വായനക്കാര്‍ക്കും അസാധാരണമായ ക്രിസ്മസ് ആശംസകള്‍!

Leave a Reply

Your email address will not be published. Required fields are marked *