വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിക്കുറിപ്പുകളില്‍ രണ്ട് വ്യത്യസ്ത വഴികളെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. ഒരിക്കല്‍ ഫൗസ്റ്റീന രണ്ട് വഴികള്‍ കണ്ടു. ഒന്ന് വീതികൂടിയതും മണലും പൂക്കളും വിരിച്ചതും സന്തോഷവും സംഗീതവും എല്ലാത്തരത്തിലുള്ള സന്തോഷങ്ങളും നിറഞ്ഞതുമായ വഴി. സ്വയം ആനന്ദിച്ചും നൃത്തം ചെയ്തും അനേകര്‍ അതിലൂടെ സഞ്ചരിച്ചു. അവര്‍ അറിയാതെതന്നെ വഴിയുടെ അവസാനത്തിലെത്തി. അവിടെ വലിയൊരു ഗര്‍ത്തം ഉണ്ടായിരുന്നു, നരകത്തിന്റെ ഗര്‍ത്തം. അന്ധമായി നടന്ന് പലരുടെയും ആത്മാവ് അതില്‍ പതിക്കുന്നത് ഫൗസ്റ്റീന കണ്ടു, എണ്ണാന്‍ പറ്റാത്തവിധം അത്രയേറെ പേര്‍.
അതോടൊപ്പം മറ്റൊരു വഴിയും ഫൗസ്റ്റീന കണ്ടു. ഇടുങ്ങിയതും കല്ലും മുള്ളും നിറഞ്ഞതുമായ ഒരു പാത. അതിലെ സഞ്ചാരികളുടെ കണ്ണുകള്‍ ഈറനണിഞ്ഞിരിക്കുന്നു. അവര്‍ക്ക് അനേകം സഹനങ്ങളുണ്ട് എന്നും ഫൗസ്റ്റീനക്ക് മനസിലായി. ഇടയ്ക്ക് അവര്‍ കല്ലില്‍ തട്ടി വീഴുന്നുണ്ട്. എന്നാല്‍ പെട്ടെന്ന് എഴുന്നേറ്റ് വീണ്ടും നടക്കുന്നു. അവര്‍ ആ പാതയുടെ അവസാനത്തിലെത്തുന്നത് വിശുദ്ധ ശ്രദ്ധിച്ചു. അവിടെയതാ അതിമഹത്തായതും സര്‍വപ്രകാരത്തിലുള്ള ആനന്ദം നിറഞ്ഞതുമായ അതിമനോഹരമായ ഒരു പൂന്തോട്ടം! ദുര്‍ഘടമായ വഴിയിലൂടെ നടന്നുകൊണ്ടിരുന്ന ആത്മാക്കളെല്ലാം അതില്‍ പ്രവേശിച്ചു. ആ നിമിഷംതന്നെ അവര്‍ തങ്ങളുടെ വേദനകളെല്ലാം മറന്നുപോയതായും വിശുദ്ധയ്ക്ക് മനസിലായി.
മത്തായി 7:14-ല്‍ നാം വായിക്കുന്നു, ‘ജീവനിലേക്ക് നയിക്കുന്ന വാതില്‍ ഇടുങ്ങിയതും വഴി വീതികുറഞ്ഞതുമാണ്.’ വിശുദ്ധ ഫൗസ്റ്റീന പറയുന്ന സ്വകാര്യവും അതുതന്നെ. സഹനങ്ങളുള്ള വഴിയിലൂടെ നടക്കുന്നതില്‍ സന്തോഷിക്കാം, സ്വര്‍ഗമെന്ന പൂന്തോട്ടത്തിലേക്കാണ് അത് നമ്മെ നയിക്കുന്നത്.