കുഴക്കിയ ചോദ്യത്തിന് ഉത്തരം

പോള്‍ എന്നു പേരുള്ള ദൈവഭക്തനും അതി സമര്‍ത്ഥനുമായ ക്രൈസ്തവ യുവാവിനെക്കുറിച്ച് ഒരു കഥ വായിച്ചതോര്‍ക്കുന്നു. പോളിന് ഹിന്ദുമതത്തെക്കുറിച്ച് പഠിക്കാന്‍ വലിയ താല്‍പര്യം. യൂണിവേഴ്‌സിറ്റിയില്‍ പോയി പഠിക്കുന്നതിനെക്കാള്‍ ഏതെങ്കിലുമൊരു ഹൈന്ദവ ഗുരുവില്‍നിന്ന് പഠിക്കാനാണ് പോള്‍ ആഗ്രഹിച്ചത്. മാതാപിതാക്കളോട് സംസാരിച്ച് ഒരു ഹൈന്ദവ ഗുരുവിന്റെ കൂടെ താമസിച്ച് പഠിക്കാനുള്ള അനുവാദം വാങ്ങി. ഗുരുവിനെ കണ്ടെത്തി, പരിചയപ്പെട്ടു, അല്പനേരം സംസാരിച്ചു. ഗുരുവിന് പോളിനെ ഇഷ്ടമായി. നല്ല ആധ്യാത്മികതയും ഉത്സാഹവും സമര്‍പ്പണചൈതന്യവുമുള്ള ആ യുവാവിനെ തന്റെ വീട്ടില്‍ താമസിച്ച് പഠിക്കാന്‍ ഗുരു അനുവദിച്ചു. പഠനത്തോടൊപ്പം അനുഷ്ഠാനങ്ങളും പരിചയപ്പെട്ടുകൊണ്ടിരുന്നു. നാളുകള്‍ മുന്നോട്ടുപോയി.
എല്ലാക്കാര്യങ്ങളിലും മികവ് പുലര്‍ത്തിയിരുന്നതിനാല്‍ ഗുരുവിന് പോളിനെ വളരെ കാര്യമായിരുന്നു. ഗുരുവിന്റെ കോളജ് വിദ്യാര്‍ത്ഥിനി യായ മകള്‍ രുഗ്മിണിയും പോളിനെ സഹോദരതുല്യം സ്‌നേഹിച്ചു. പക്ഷേ കുറെ കഴിഞ്ഞപ്പോള്‍ പോളിനൊരു ഭാവഭേദം- സഹോദരസ്‌നേഹം മാറി രുഗ്മിണിയോട് പ്രണയമായി. അത് വളര്‍ന്നു. പോള്‍ അവളോട് പറഞ്ഞു: ”എനിക്ക് നിന്നോട് ഒരു പ്രത്യേക സ്‌നേഹം തോന്നുന്നു. നിന്നെ വിവാഹം കഴിച്ചാല്‍ കൊള്ളാം.” അവള്‍ പറഞ്ഞു, ഞാന്‍ എന്റെ അച്ഛനോട് ഒന്ന് ചോദിക്കട്ടെ.
രുഗ്മിണി അച്ഛനോടു പറഞ്ഞു-‘അച്ഛന്റെ ശിഷ്യന് എന്നെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന്. ഞാന്‍ എന്താണ് ചെയ്യേണ്ടത്?’ ഗുരു ഇപ്രകാരമാണ് മറുപടി നല്കിയത്- ”പോള്‍ നല്ലൊരു മനുഷ്യനാണ്. എനിക്ക് അദ്ദേഹത്തെ ഇഷ്ടവുമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് എനിക്ക് വീണ്ടും ആലോചിക്കണം.”
തുടര്‍ന്ന് ഗുരു പോളിനെ സമീപിച്ചു, ”നിനക്ക് രുഗ്മിണിയോട് സ്‌നേഹമാണ്. അവള്‍ക്ക് നിന്നോടും. പക്ഷേ വിവാഹം കഴിക്കണമെങ്കില്‍ ചില കാര്യങ്ങള്‍ ചെയ്‌തേ പറ്റൂ. ഒന്ന്, എന്റെ മോളെ നിനക്ക് വേണമെങ്കില്‍ നീ ഹിന്ദുമതം സ്വീകരിക്കണം. പറ്റുമോ നിനക്കത്?”
പോള്‍ പറഞ്ഞു, ”വളരെ പ്രയാസമുള്ള കാര്യമാണെങ്കില്‍പ്പോലും രുഗ്മിണിയോടുള്ള സ്‌നേഹം നിമിത്തം ഞാനതിന് തയാറാണ്.”
രണ്ടാമതൊരു ചോദ്യംകൂടി- ”നീയൊരു ക്രൈസ്തവനാണ്, എന്റെ മകള്‍ രുഗ്മിണി ഒരു പോളിനെ വിവാഹം കഴിച്ചാല്‍ പേരുകൊണ്ട് ചേരില്ല. നിന്റെ പേര് മാറ്റി ഒരു ഹൈന്ദവ നാമം സ്വീകരിക്കാന്‍ നീ സന്നദ്ധനാണോ?”
”ഓ, സാരമില്ല. എനിക്കത് പറ്റും.” പോള്‍ പറഞ്ഞു.
ഗുരു പറഞ്ഞു, ”ഇനിയും ചില കാര്യങ്ങള്‍കൂടി നിന്നോട് ചോദിക്കാനുണ്ട്. ഞാനൊന്ന് പ്രാര്‍ത്ഥിച്ചിട്ടു വരട്ടെ.” പ്രാര്‍ത്ഥന കഴിഞ്ഞ് തിരിച്ചുവന്ന ഗുരു പോളിനോട് ചോദിച്ചു: ”പോള്‍, നീ ക്രിസ്തുമതത്തെക്കുറിച്ച് പഠിച്ച ഒരാളാണ്. നിനക്ക് ഏറ്റവും പ്രിയപ്പെട്ട ആള്‍ യേശുവായിരുന്നു. ആ യേശുവിനെ തിരസ്‌കരിക്കാന്‍ നിനക്ക് സന്നദ്ധതയുണ്ടോ?”
”വളരെ പ്രയാസമാണത്, എങ്കിലും രുഗ്മിണിയെപ്രതി അതിനും ഞാന്‍ തയാറാണ്”- പോളിന്റെ മറുപടി.
”ശരി, ഈ പരീക്ഷകളെല്ലാം നീ വിജയിച്ചു. ഇനിയും ഒരു ചോദ്യംകൂടിയേ അവശേഷിക്കുന്നുള്ളൂ. ആ ചോദ്യത്തിന് നീ വ്യക്തമായും സത്യസന്ധമായും ഉത്തരം പറഞ്ഞാല്‍ രുഗ്മിണി നിന്റേതാകും.”
പോള്‍ ഗുരുവിന്റെ ചോദ്യത്തിനായി കാത്തുനിന്നു. ഗുരു ചോദിച്ചു: ”പോള്‍, യേശുവും നീയുമായി ഏറെക്കാലമായി നല്ല ബന്ധത്തിലായിരുന്നു. നീ യേശുവിനെ സ്‌നേഹിച്ചു, യേശു നിന്നെയും സ്‌നേഹിച്ചു. ഇപ്പോള്‍ നീ പറയുന്നു യേശുവിനെ തിരസ്‌കരിക്കാന്‍ നീ സന്നദ്ധനാണെന്ന്. എന്നാല്‍ എന്റെ അവസാനത്തെ ചോദ്യമിതാണ്: യേശു നിന്നെ തിരസ്‌കരിക്കാന്‍ സന്നദ്ധനാകുമോ?” പോള്‍ കുഴങ്ങി. സത്യസന്ധമായി മറുപടി പറയണമല്ലോ. കുറച്ചുനേരം ആലോചിച്ചിട്ട് അവനൊന്നും പറയാന്‍ കഴിഞ്ഞില്ല.
ഒടുവില്‍ പോള്‍ കരയാന്‍ തുടങ്ങി. പിന്നെ തേങ്ങലോടെതന്നെ അവന്‍ പറഞ്ഞു, ”എന്തുമാത്രം വീഴ്ചകള്‍ എന്റെ ഭാഗത്തുനിന്ന് വന്നാലും യേശുവിന് എന്നെ തിരസ്‌കരിക്കാന്‍ ആവില്ല.” അവന്റെ മറുപടി തികച്ചും സത്യസന്ധമായിരുന്നു…. ‘ഇല്ല, യേശുവിന് എന്നെ ഉപേക്ഷിക്കാന്‍ കഴിയില്ല!’ പോള്‍ അതേക്കുറിച്ച് ചിന്തിച്ചു, ധ്യാനിച്ചു, പ്രാര്‍ത്ഥിച്ചു. അതോടെ, യേശുവിന്റെ സ്‌നേഹത്തില്‍നിന്ന് ഇനിയൊരിക്കലും പിന്മാറുകയില്ലെന്ന തീരുമാനത്തിലെത്തി.
അതെ, നമ്മള്‍ എന്തുമാത്രം അവിശ്വസ്തത കാണിച്ചാലും യേശു തന്റെ വിശ്വസ്തതയില്‍നിന്ന് ഒരിക്കലും മാറിപ്പോകുന്നില്ല. യേശുവിന് അത് ഒരിക്കലും സാധ്യവുമല്ല. ഇതാണ് യേശുവിന്റെ സ്‌നേഹം. നമ്മുടെ ഏതെങ്കിലും പാപമോ അവിശ്വസ്തതയോ നമ്മെ അസ്വസ്ഥതപ്പെടുത്തുന്നുണ്ടെങ്കില്‍ സങ്കീര്‍ത്തന വചനം പറയുന്നു, അവിടുന്ന് നല്ലവനും കാരുണ്യവാനുമാകുന്നു. അവിടുത്തെ വിശ്വസ്തത എന്നും നിലനില്ക്കും.
”മലകള്‍ അകന്നുപോയേക്കാം, കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എങ്കിലും എന്റെ അചഞ്ചലമായ സ്‌നേഹം നിന്നെ പിരിയുകയില്ല” ഏശയ്യാ 54:10.
കഴിഞ്ഞകാല അവിശ്വസ്തതകളെല്ലാം പൊറുത്ത് നമ്മെ വീണ്ടും സ്വീകരിക്കുന്ന യേശുവിനായി ജീവിതം പുനര്‍സമര്‍പ്പിച്ച് നമുക്ക് പുതിയ തുടക്കമിടാം, മുന്നോട്ടുപോകാം.


മാര്‍ ജേക്കബ് തൂങ്കുഴി

Leave a Reply

Your email address will not be published. Required fields are marked *