മദര്‍ തെരേസ മരിച്ച ദിവസം. ഇളയ നാല് സഹോദരിമാരും ഞാനുമെല്ലാം അന്ന് കല്‍ക്കട്ടയിലുണ്ട്. മുമ്പ് മദറിനെ കണ്ട് സംസാരിക്കുകവരെ ചെയ്തിട്ടുള്ളതാണെങ്കിലും അനുജത്തിമാരുടെ നിര്‍ബന്ധത്താല്‍ അന്ന് അവസാനമായി പോയി കാണാമെന്ന് തീരുമാനിച്ചു. എന്റെ ഒമ്പതും നാലും വയസുള്ള രണ്ട് ആണ്‍മക്കളെയും കൂട്ടി തിരക്കിലൂടെയുള്ള യാത്ര കഷ്ടപ്പാടാണ്, ടാക്‌സിയും ലഭിക്കില്ല. എങ്കിലും പോകാനായി ഇറങ്ങി. പക്ഷേ കുറേനേരം നിന്നിട്ടും ഒരു വാഹനവും കിട്ടിയില്ല.
പെട്ടെന്നതാ ഇടവക വൈദികര്‍ മദറിനെ കാണാന്‍ ഒരു വാനില്‍ പോകുന്നു. അവര്‍ ഞങ്ങളോടും വാനില്‍ കയറിക്കോളാന്‍ പറഞ്ഞു. ആ സമയം ഒരു ബലൂണ്‍വില്പനക്കാരന്‍ അവിടെയെത്തി. അയാളുടെ കൈയിലുള്ള ഒരു പ്രത്യേക ബലൂണ്‍ കണ്ടതേ എന്റെ ഇളയ മകന്‍ വിനീത് ആ ബലൂണിനായി കരച്ചില്‍ തുടങ്ങി. എന്നാല്‍ അത് വാങ്ങാനുള്ള സാവകാശമില്ലാത്തതിനാല്‍ കരഞ്ഞുകൊണ്ടിരുന്ന അവനെ എടുത്ത് വേഗം ഞങ്ങള്‍ വാനില്‍ കയറി.
മദറിന്റെ ഭൗതികശരീരം കണ്ട് വണങ്ങി ലൊറേറ്റോ ഹൗസില്‍നിന്നും തിരികെ പോരാനിറങ്ങുകയാണ്. പെട്ടെന്നതാ മുന്നില്‍ ഒരു ബലൂണ്‍ പറന്നുവീഴുന്നു! ഏതു ബലൂണിനു വേണ്ടിയാണോ മകന്‍ കരഞ്ഞത് അതേ ബലൂണ്‍!! അവന് വളരെ സന്തോഷമായി.
വര്‍ഷങ്ങളേറെ കഴിഞ്ഞിട്ടും വിനീത് അതിപ്പോഴും അത്ഭുതത്തോടെ ഓര്‍ക്കുന്നു. വിശുദ്ധരുടെ മാധ്യസ്ഥ്യശക്തിയില്‍ ഞങ്ങളുടെ കുടുംബത്തിന് വിശ്വാസം വര്‍ധിച്ചു. ഒരു വിശുദ്ധന്റെയോ വിശുദ്ധയുടെയോ ചിത്രമോ രൂപമോ കാശുരൂപമോ നമ്മുടെ വീട്ടിലുണ്ടെങ്കില്‍ അവരുടെ പ്രത്യേകപ്രാര്‍ത്ഥന നമുക്കൊപ്പമുണ്ടാകുമെന്നത് എന്റെ അനുഭവമാണ്.
എല്‍സമ്മ ജെയിംസ്, ഒമാന്‍