പ്രിയമാലാഖേ, കരയല്ലേ…

ഒരു ക്രിസ്മസ്‌കാലം. ഡിസംബര്‍ ഒന്നുമുതല്‍ ക്രിസ്മസ് ഒരുക്കമായി ഒരു ചെറിയ ത്യാഗമെടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. ടെലിവിഷന്‍ കാണുന്നില്ല എന്നായിരുന്നു ആ തീരുമാനം. ആ ദിവസങ്ങളില്‍ ഒരു ഗാനം ചിട്ടപ്പെടുത്തുന്നതിനായി പ്രിയസുഹൃത്ത് പീറ്റര്‍ ചേരാനെല്ലൂരിന്റെ വീട്ടില്‍ പോകണമായിരുന്നു. ചെന്നപ്പോള്‍ അദ്ദേഹം അവിടെയില്ല; പുറത്ത് പോയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഭാര്യയും ഇളയ മകളുമാണ് വീട്ടിലുള്ളത്. ഭാര്യ എന്നെ സ്വീകരണമുറിയിലേക്ക് ക്ഷണിച്ചിരുത്തി.
”കുറച്ച് നേരം വാര്‍ത്ത കാണൂ, അപ്പോഴേക്കും ഞാന്‍ ചായയെടുക്കാം.” ഇങ്ങനെ പറഞ്ഞ് വാര്‍ത്താചാനല്‍ ഓണാക്കിവച്ചിട്ട് അവര്‍ അടുക്കളയിലേക്ക് പോയി. ക്രിസ്മസ് ഒരുക്കത്തിനായുള്ള തീരുമാനമൊക്കെ അപ്പോള്‍ ഞാന്‍ മറന്നേ പോയിരുന്നു. അതിനാല്‍ അവിടെയിരുന്ന് വളരെ സ്വാഭാവികമായി വാര്‍ത്ത കാണുകയാണ്. പെട്ടെന്ന് സുഹൃത്തിന്റെ കുഞ്ഞുമകള്‍ ഓടിവന്ന് ടി.വി ഓഫാക്കി. ഞാനത് കാര്യമാക്കാതെ വീണ്ടും ടി.വി ഓണാക്കി. ഉടനെതന്നെ കുഞ്ഞ് വീണ്ടും ടി.വി ഓഫാക്കി.
പെട്ടെന്ന് അവളുടെ അമ്മ ഓടിവന്ന് അവളെ ശാസിച്ചു. ‘അങ്കിള്‍ ടി.വി കാണുന്നത് കണ്ടില്ലേ. എന്തിനാ അത് ഓഫാക്കിയത്?’ എന്ന് ചോദിച്ചുകൊണ്ട് വീണ്ടും ടി.വി. ഓണാക്കിയിട്ട് അവര്‍ പോയി. അപ്പോഴുണ്ട് കുഞ്ഞ് വന്ന് വീണ്ടും റിമോട്ട് കണ്‍ട്രോള്‍ എടുക്കുന്നു, ടി.വി ഓഫാക്കുന്നു. അമ്മ ഓടിവന്ന് അവള്‍ക്ക് ഒരു ചെറിയ അടി കൊടുത്തുകൊണ്ട് ‘അങ്കിള്‍ ടി.വി. കാണുന്നത് കണ്ടില്ലേ’ എന്ന് ശകാരിച്ചിട്ട് പോയി.
തെല്ലുനേരം നിശ്ശബ്ദയായി നിന്ന കുഞ്ഞ് പെട്ടെന്ന് കരയാന്‍ തുടങ്ങി. എന്നിട്ട് എന്നോട് ഒരു ചോദ്യം, ”അങ്കിള്‍ എന്തിനാ ടി.വി. കാണുന്നത്?”
വീണ്ടും അവളുടെ ശാഠ്യം, ”അങ്കിള്‍ അങ്ങനെ ടി.വി. കാണണ്ടാ.”
പെട്ടെന്നാണ് എന്റെ തീരുമാനത്തെക്കുറിച്ച് ഓര്‍മവന്നത്. എന്റെ സമര്‍പ്പണത്തില്‍ വന്ന കുറവ് ഓര്‍മ്മപ്പെടുത്താന്‍ വന്ന കാവല്‍മാലാഖയെപ്പോലെ, ഒരു കുഞ്ഞുമാലാഖയെപ്പോലെ, ആ കുഞ്ഞിന്റെ സാമീപ്യം എനിക്ക് അനുഭവപ്പെട്ടു. ”എന്റെ ദൂതന്‍ നിങ്ങളുടെ കൂടെയുണ്ട്” (ബാറൂക്ക് 6:7). ഉള്‍ക്കണ്ണ് തുറക്കുന്നതുപോലെ ഒരനുഭവം.
തിരുത്തലിനപ്പുറം ഞാന്‍ പോകുമ്പോള്‍ നിസ്സഹായതയോടെ നില്‍ക്കുന്ന കാവല്‍മാലാഖയുടെ മുഖം ആ കുഞ്ഞുമകളുടെ കരച്ചിലില്‍ ഞാന്‍ കാണുകയായിരുന്നു. പതിയെ അവളെ തലോടി ആശ്വസിപ്പിച്ചിട്ട് ഞാന്‍തന്നെ ടി.വി ഓഫാക്കി. ആ സംഭവത്തെപ്രതിയും കുഞ്ഞിനെപ്രതിയും ഈശോയ്ക്ക് നന്ദി പറഞ്ഞു.
കൗതുകകരമായിരുന്നെങ്കിലും എന്നെ ആഴത്തില്‍ സ്പര്‍ശിച്ച ഒരു സംഭവമായിരുന്നു അന്നത്തേത്. ജീവിതത്തില്‍ തെറ്റായ വഴിത്താരകളിലേക്ക് ചുവടുകള്‍ വയ്ക്കുമ്പോള്‍ അതിലേ പോകരുത് എന്ന് ഓര്‍മ്മപ്പെടുത്തുന്ന ഈശോയേ, നന്ദി! കാവല്‍മാലാഖയെ നിസ്സഹായതയിലാഴ്ത്തുന്നതൊന്നും ചെയ്യാതിരിക്കാനുള്ള കൃപയ്ക്കായി നമുക്ക് ആഗ്രഹിക്കാം, പ്രാര്‍ത്ഥിക്കാം. പ്രിയമാലാഖേ, കരയല്ലേ….


ബേബി ജോണ്‍ കലയന്താനി

Leave a Reply

Your email address will not be published. Required fields are marked *