എബിയും പീറ്ററും സുഹൃത്തുക്കളായിരുന്നു. ഒരിക്കല്‍ അവര്‍ രണ്ടുപേരും ചേര്‍ന്ന് ഒരു കരാറുണ്ടാക്കി. ഒരാള്‍ മറ്റേയാള്‍ക്കായി പ്രാര്‍ത്ഥിക്കണം. ഈ ധാരണയനുസരിച്ച് പീറ്റര്‍ എബിക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. എന്നാല്‍ എബിയുടെ ചിന്ത മറ്റൊരു വഴിക്കാണ് പോയത്. ഞാന്‍ അവനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നില്ല. ഞാന്‍ എനിക്കായിത്തന്നെ പ്രാര്‍ത്ഥിക്കും. അപ്പോള്‍ രണ്ട് പ്രാര്‍ത്ഥനയും എനിക്കുതന്നെ ലഭിക്കുമല്ലോ.
സ്വര്‍ഗത്തില്‍ മാലാഖമാര്‍ ഈ പ്രാര്‍ത്ഥനകള്‍ക്ക് പോയിന്റ് ഇട്ടുകൊണ്ടിരുന്നു. ഓരോ പ്രാര്‍ത്ഥനയ്ക്കും രണ്ട് പോയിന്റ് വച്ച് നല്‍കും. മറ്റുള്ളവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ഇരട്ടി പോയിന്റാണ് ലഭിക്കുക. പ്രാര്‍ത്ഥിക്കാനുള്ള കരാര്‍ ലംഘിക്കുന്നവര്ക്കാകട്ടെ രണ്ട് പോയിന്റ് കുറഞ്ഞുകൊണ്ടിരിക്കും. ഇപ്രകാരം പോയിന്റ് നല്കിയപ്പോള് എബിക്കായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന പീറ്ററിന് ഓരോ പ്രാര്‍ത്ഥനയ്ക്കും നാല് പോയിന്റ് വീതം ലഭിച്ചു. എബിക്കാകട്ടെ ഓരോ പ്രാര്‍ത്ഥനയുടെയും പോയിന്റ് കരാര്‍ലംഘനത്തിന്റെ പേരില്‍ നഷ്ടമായിക്കൊണ്ടിരുന്നു. അങ്ങനെ പീറ്ററിന് കൂടുതല്‍ അനുഗ്രഹങ്ങള്‍ ലഭിച്ചു.
കഥ അവസാനിപ്പിച്ചുകൊണ്ട് ഗുരു പറഞ്ഞു, ”ദൈവത്തെ കബളിപ്പിക്കാനാവില്ല. അപരനുവേണ്ടി പ്രാര്‍ത്ഥിക്കുവാനും അവന്റെ പ്രയാസങ്ങളില്‍ സഹായിക്കാനും നമുക്ക് ഉത്തരവാദിത്വമുണ്ട്. മധ്യസ്ഥപ്രാര്‍ത്ഥനയിലൂടെ നാം കൂടുതല്‍ അനുഗ്രഹിക്കപ്പെടുകയാണ് ചെയ്യുന്നത്.”