ജ്ഞാനികള്‍ വെളിപ്പെടുത്തുന്ന രക്ഷാരഹസ്യങ്ങള്‍

ക്രിസ്മസ് കഴിഞ്ഞുള്ള ഒരു പ്രധാന തിരുനാളാണ് എപ്പിഫെനി. പ്രത്യക്ഷീകരണം എന്നാണ് ഈ വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്. പിതാവായ ദൈവം ലോകത്തിലേക്ക് രക്ഷകനായി അയച്ച ഉണ്ണിയേശുവിനെ ലോകത്തിന് വെളിപ്പെടുത്തുകയാണ്. ഈ പ്രത്യക്ഷീകരണം രണ്ട് തലങ്ങളില്‍ നടക്കുന്നുണ്ട്. ആദ്യം ആ വെളിപ്പെടുത്തല്‍ ലഭിച്ചത് തെരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രായേല്‍ ജനത്തിനാണ്. ഇസ്രായേല്‍ ജനങ്ങളുടെ പ്രതിനിധികളായി ആ വെളിപാട് സ്വീകരിക്കുവാന്‍ ഭാഗ്യം സിദ്ധിച്ചത് ആട്ടിടയന്മാര്‍ക്കാണ്. രക്ഷകന്‍ പിറന്ന ആ രാത്രിയില്‍ത്തന്നെ കര്‍ത്താവിന്റെ ദൂതന്‍ അവര്‍ക്ക് പ്രത്യക്ഷപ്പെട്ട് ഇപ്രകാരം പറഞ്ഞു: ”ഭയപ്പെടേണ്ട. ഇതാ സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്‌വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു, ഇന്ന് ജനിച്ചിരിക്കുന്നു” (ലൂക്കാ 2:10).
എന്നാല്‍ യേശു ഇസ്രായേല്‍ ജനത്തിന്റെമാത്രം രക്ഷകനല്ല, ലോകം മുഴുവന്റെയും രക്ഷകനാണ്. ലോകജനതയുടെ പ്രതിനിധികളായി യേശുവിനെ ആരാധിക്കുവാന്‍ വരുന്നത് ജ്ഞാനികളാണ്. അവര്‍ ഉണ്ണിയേശുവിനെ സന്ദര്‍ശിച്ച് ആരാധിക്കുന്നതാണ് എപ്പിഫെനിയില്‍ പ്രത്യേകമായി അനുസ്മരിക്കുന്നത്. അഥവാ ബേത്‌ലെഹെമില്‍ ഒരു സാധാരണ ഭവനത്തില്‍ കിടക്കുന്ന ശിശു രക്ഷകനാണെന്ന് ജ്ഞാനികള്‍ക്ക് വെളിപ്പെട്ടതാണിത്. ആകാശഗോളങ്ങളെയും നക്ഷത്രങ്ങളെയും നിരീക്ഷിച്ച് പഠനം നടത്തിക്കൊണ്ടിരുന്ന വലിയ പണ്ഡിതന്മാരായിരുന്നു അവര്‍. എന്നാല്‍ പരിശുദ്ധാത്മാവിന്റെ പ്രചോദനങ്ങള്‍ സ്വീകരിക്കുന്ന രീതിയില്‍ തുറവിയുള്ളവരായിരുന്നു അവരെന്നതാണ് ശ്രദ്ധേയമായ കാര്യം. മനുഷ്യന്റെ ബുദ്ധിയെ പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിന് സമര്‍പ്പിച്ചുകൊണ്ടുള്ള ഒരു ദൈവാന്വേഷണം നിശ്ചയമായും ഫലം ചൂടും എന്നാണ് അവരുടെ ജീവിതം നമ്മെ ഓര്‍മിപ്പിക്കുന്നത്. ജ്ഞാനികള്‍ മൂന്നുപേരായിരുന്നു എന്നാണ് പാരമ്പര്യമെങ്കിലും അവരുടെ എണ്ണത്തെക്കുറിച്ച് സുവിശേഷം ഒന്നും പറയുന്നില്ല. പൗരസ്ത്യ ദേശത്തുനിന്ന് ജ്ഞാനികള്‍ ജറുസലെമില്‍ എത്തി എന്നേ നാം വിശുദ്ധ മത്തായി എഴുതിയ സുവിശേഷത്തില്‍ കാണുന്നുള്ളൂ.
ആകാശത്ത് പ്രത്യക്ഷപ്പെട്ട നക്ഷത്രം രക്ഷകന്റെ ജനനത്തെ സൂചിപ്പിക്കുന്നതാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. അവരുടെ വാക്കുകളില്‍നിന്നുതന്നെ നാം അക്കാര്യം മനസിലാക്കുന്നു. ”ഞങ്ങള്‍ കിഴക്ക് അവന്റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കുവാന്‍ വന്നിരിക്കുകയാണ്” (മത്തായി 2:2). അവരുടെ ദൈവാന്വേഷണത്തെ സഹായിച്ചത് നക്ഷത്രമാണ്. ആ നക്ഷത്രത്തെ അനുഗമിച്ചാണ് അവര്‍ രക്ഷകന്റെ സമീപത്ത് എത്തിയത്.
രക്ഷകനെ അന്വേഷിക്കുന്നവര്‍ക്ക് ദൈവം ഇന്നും നക്ഷത്രം ഒരുക്കുന്നുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പ ഇതിനെക്കുറിച്ച് മനോഹരമായ ഒരു വ്യാഖ്യാനം നല്കുന്നുണ്ട്. ദൈവം ഇന്ന് നമുക്ക് നല്കിയിരിക്കുന്ന നക്ഷത്രം ദൈവവചനമാണ്. ദൈവവചനം എല്ലാ ദിവസവും വായിക്കുകയും ധ്യാനിക്കുകയും ചെയ്യുമ്പോള്‍ രക്ഷകനായ യേശുവിന്റെ സാന്നിധ്യം അനുഭവിച്ചറിയുവാന്‍ നമുക്ക് സാധിക്കും. അത് നാം ഭൗതികഭക്ഷണം കഴിക്കുന്നതുപോലെ കൂടെക്കൂടെ ചെയ്യേണ്ട ഒന്നാണെന്ന് അദ്ദേഹം ഓര്‍മിപ്പിക്കുന്നു. അതിനായി ഒരു ചെറിയ പോക്കറ്റ് ബൈബിള്‍ കൈയില്‍ സൂക്ഷിക്കുന്നത് നല്ലതാണ്. പിതാവ് തന്നെ ഇക്കാര്യം ദിവസവും പല പ്രാവശ്യം ചെയ്യാറുണ്ടെന്ന് പറയുന്നു. ബൈബിള്‍ പ്രാര്‍ത്ഥനാപൂര്‍വം തുറന്ന് ഒരു വചനം വായിക്കുകയും അതിന്റെ വ്യാഖ്യാനത്തിനായി പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. അത് എപ്പോഴും യേശുവിനെ കണ്ട് ആരാധിക്കുവാന്‍ നമ്മെ സഹായിക്കും (ഒസ്സര്‍വത്തോരെ റൊമാനോ, ഫെബ്രുവരി 9, 2005). ക്രിസ്തുവിന്റെ പ്രതിപുരുഷന്റെ ഈ ഉപദേശത്തെ വലിയ ഗൗരവത്തോടെ നമുക്കും സ്വീകരിക്കാം.
ജ്ഞാനികള്‍ വ്യത്യസ്ത രാജ്യങ്ങളില്‍നിന്ന് വന്നവരായിരിക്കാം. എന്നാലും അവര്‍ക്ക് ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരെ നയിച്ചിരുന്നത് പരിശുദ്ധാത്മാവാണ്. അതിനാല്‍ അവര്‍ ഒരുമിച്ചുചേര്‍ന്നപ്പോള്‍ പരിശുദ്ധാത്മാവ് അവരുടെ ഭാഷയെ ഏകീകരിച്ചു എന്നുവേണം നാം മനസിലാക്കുവാന്‍. രക്ഷകനായ യേശുവിനെ അറിയുവാന്‍ ഹൃദയത്തില്‍ തീവ്രമായി ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് ആവശ്യമായതെല്ലാം ദൈവത്തിന്റെ പരിശുദ്ധാത്മാവ് ഇന്നും എന്നും ഒരുക്കിക്കൊണ്ടിരിക്കുന്നു.
ദൈവാന്വേഷണത്തില്‍ സംഭവിക്കാവുന്ന ചില പാളിച്ചകളെക്കുറിച്ചും ജ്ഞാനികളുടെ യാത്ര നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്. അവര്‍ നക്ഷത്രത്തിന്റെ പിന്നാലെ നടന്ന് ജറുസലെമിലെത്തി. പിന്നെ നാം അവരെ കാണുന്നത് ഹേറോദേസ് രാജാവിന്റെ കൊട്ടാരത്തിലാണ്. എങ്ങനെ അവര്‍ അവിടെ എത്തി. ഏതായാലും നക്ഷത്രം അവരെ അങ്ങോട്ട് നയിച്ചിരിക്കുവാന്‍ ഇടയില്ല. ജറുസലെമില്‍ എത്തിയപ്പോള്‍ അവര്‍ അവരുടെ ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചിരിക്കണം. നക്ഷത്രത്തെ നോക്കുവാന്‍ മറന്നുപോയിക്കാണും. ദൈവം രക്ഷകനായി പിറക്കും എന്നല്ലേ സന്ദേശം. ദൈവം പിറക്കുന്നത് രാജകൊട്ടാരത്തില്‍ അല്ലെങ്കില്‍പ്പിന്നെ എവിടെയാണ്? ഇങ്ങനെ ബുദ്ധികൊണ്ട് വിശകലനം ചെയ്ത അവര്‍ നക്ഷത്രം എങ്ങോട്ടാണ് പോയതെന്ന് നോക്കിക്കാണുകയില്ല. അല്ലെങ്കില്‍ നക്ഷത്രത്തിന്റെ കാഴ്ച അവര്‍ക്ക് താല്ക്കാലികമായി നഷ്ടപ്പെട്ടു. ഇന്ന് പലര്‍ക്കും സംഭവിക്കാവുന്ന ഒരു അബദ്ധമാണിത്. എല്ലാക്കാര്യങ്ങളും പരിശുദ്ധാത്മാവിനോട് ആലോചിച്ചും സന്ദേശങ്ങള്‍ സ്വീകരിച്ചും ചെയ്യും. എന്നാല്‍ ചിലപ്പോള്‍ പരിശുദ്ധാത്മാവിന്റെ പ്രചോദനങ്ങളെ മറന്ന് സ്വന്തം ബുദ്ധിയില്‍ ആശ്രയിച്ച് തീരുമാനങ്ങള്‍ എടുക്കും. ഫലമോ അപകടത്തില്‍ ചെന്ന് ചാടുന്നു. എത്തിപ്പെടുന്നത് ഹേറോദേസിന്റെ കൊട്ടാരത്തില്‍. എന്നാല്‍ ഇവിടെയും ഒരു ആശ്വാസമുണ്ട്. ആത്മാര്‍ത്ഥമായി യേശുവിനെ അന്വേഷിക്കുന്നവരുടെ ജീവിതത്തില്‍ ഒരു തെറ്റ് വന്നാലും തിരുത്തുവാന്‍ ദൈവം അവസരമൊരുക്കും.
അതാണ് ജ്ഞാനികളുടെ യാത്രയിലും സംഭവിക്കുന്നത്. അവര്‍ കൊട്ടാരത്തിന്റെ പുറത്ത് കടന്നു. അപ്പോള്‍ വീണ്ടും അവരുടെ മുമ്പില്‍ നക്ഷത്രം പ്രത്യക്ഷപ്പെട്ടു. ‘നക്ഷത്രം കണ്ടപ്പോള്‍ അവര്‍ അത്യധികം സന്തോഷിച്ചു’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നഷ്ടപ്പെട്ട ദൈവാനുഭവം തിരിച്ചു കിട്ടിയതിന്റെ സന്തോഷം. ആ ആനന്ദം ദൈവം നമുക്കുവേണ്ടിയും ഒരുക്കിയിട്ടുണ്ട്. അതിനാല്‍ കഴിഞ്ഞ നാളുകളില്‍ ചെയ്ത മണ്ടത്തരങ്ങളെയോര്‍ത്ത് ദുഃഖിക്കേണ്ടാ. വീണ്ടും യേശുവിന്റെ പാതയിലേക്ക് വരുമ്പോള്‍ അവിടുന്ന് നമ്മെ നയിക്കും.
അവര്‍ നക്ഷത്രത്തെ പിന്‍ചെന്ന് ഒരു ഭവനത്തിലെത്തി. ഇവിടെ ജ്ഞാനികളുടെ മുന്നില്‍ രണ്ടാമത്തെ ബൗദ്ധികപ്രശ്‌നമുണ്ടാകുന്നു. ഒരു സാധാരണ ഭവനത്തില്‍ കിടക്കുന്ന ഒരു സാധാരണ ശിശുവിനെയാണ് അവര്‍ കണ്ടത്. ‘ഇതാണോ രക്ഷകന്‍’ ബുദ്ധി ചോദിച്ചേക്കാം. പക്ഷേ അവര്‍ അനുഭവത്തില്‍നിന്ന് പാഠം പഠിച്ചിരുന്നു. അതിനാല്‍ ഇപ്രാവശ്യം അവര്‍ ബുദ്ധിയില്‍ ആശ്രയിച്ചില്ല. മറിച്ച് പരിശുദ്ധാത്മാവ് നല്കിയ ശക്തമായ പ്രചോദനത്തെ അവര്‍ ഹൃദയത്തില്‍ സ്വീകരിച്ചു. അതിനാലാണ് വലിയ ബുദ്ധിമാന്മാരും വലിയ പദവിയിലുള്ളവരുമായ അവര്‍ക്ക് ആ ശിശുവിന്റെ മുമ്പില്‍ കുമ്പിട്ട് ആരാധിക്കുവാനുള്ള എളിമ ലഭിച്ചത്. ബുദ്ധിയുടെ പരിമിതി മനസിലാക്കുന്നവനാണ് യഥാര്‍ത്ഥ ജ്ഞാനി എന്ന് ആ ജ്ഞാനികള്‍ ഇന്ന് നമ്മോട് പറയുന്നില്ലേ? എന്റെ ബുദ്ധികൊണ്ട് മനസിലാക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ ഞാന്‍ വിശ്വസിക്കുകയില്ല എന്ന് നാം നിര്‍ബന്ധം പിടിക്കേണ്ട ആവശ്യമില്ലല്ലോ.
അവര്‍ ഭവനത്തില്‍ പ്രവേശിച്ച് ശിശുവിനെ അമ്മയായ മറിയത്തോടുകൂടി കണ്ടു എന്ന വാക്യവും ശ്രദ്ധേയമത്രേ. ഇത് ഇന്ന് അനേകര്‍ക്കുള്ള ഒരു സന്ദേശമാണ്. യേശുവിനെ കണ്ടെത്തുവാനുള്ള, യേശുവിനെ ദൈവമായി സ്വീകരിക്കുവാനുള്ള, ഏറ്റവും എളുപ്പവഴി പരിശുദ്ധ മാതാവ് തന്നെയാണ്. പരിശുദ്ധ അമ്മ മകന്റെ അടുത്തേക്കാണ് നമ്മെ നയിക്കുന്നത്. പരിശുദ്ധ മാതാവിനെ തള്ളിപ്പറയുന്നവരുടെ മുമ്പില്‍ ഈ വാക്യം ഒരു ചോദ്യചിഹ്നമായി നിലകൊള്ളുന്നു. തിരുസഭാ മാതാവിനോട് ചേര്‍ന്നും നമുക്ക് ഇതിനെ മനസിലാക്കാം. നമ്മുടെ യേശു അന്വേഷണങ്ങള്‍ സഭയോട് ചേര്‍ന്നാകുമ്പോള്‍ അത് സുരക്ഷിതവും ഫലപ്രദവും ലക്ഷ്യപ്രാപ്തിയില്‍ എത്തുന്നതുമായിരിക്കും. തിരുസഭയെ ഉപേക്ഷിച്ച് വ്യക്തിപരമായ സന്ദേശങ്ങള്‍ സ്വീകരിച്ച് പോകുന്നത് തികച്ചും അപകടകരംതന്നെ.
നോക്കൂ, ദൈവം എത്ര മനോഹരമായാണ് അവരുടെ യാത്രയെ ക്രമീകരിച്ചത്. ഉണ്ണിയേശുവിന് സമര്‍പ്പിക്കുവാനുള്ള സമ്മാനങ്ങള്‍ മൂന്നുപേരും എടുത്തത് ഏറ്റവും ഉചിതമായ രീതിയില്‍ത്തന്നെ. കാരണം അവരുടെ ചിന്തകളെയും തീരുമാനങ്ങളെയും നയിച്ചത് പരിശുദ്ധാത്മാവ് ആയിരുന്നല്ലോ. പരിശുദ്ധാത്മാവ് നമ്മെ ഇന്നും നയിക്കുമ്പോള്‍ എല്ലാം വളരെ ഉചിതവും മനോഹരവും ദൈവത്തിന് പ്രീതികരവും ആയിരിക്കും. യേശുവിന്റെ രാജത്വത്തെ കാണിക്കുന്ന പൊന്ന്, പുരോഹിതന്മാരുടെ പുരോഹിതനായ അവിടുത്തെ ദൗത്യത്തെ സൂചിപ്പിക്കുന്ന കുന്തിരിക്കം, കുരിശിലുള്ള അവിടുത്തെ മരണത്തെയും രക്ഷാകരദൗത്യത്തെയും സൂചിപ്പിക്കുന്ന മീറ ഇവയാണ് അവരുടെ കാഴ്ചവസ്തുക്കള്‍.
അവരുടെ അന്വേഷണം സാര്‍ത്ഥകമായി, ലക്ഷ്യപ്രാപ്തിയിലെത്തി. അവര്‍ പിന്നീട് ചെയ്ത കാര്യവും അനുകരണീയംതന്നെ. യേശുവിനെ ആരാധിച്ചവര്‍ ഒരു പുതിയ വഴി സ്വീകരിക്കുവാന്‍ ബാധ്യസ്ഥരാണ്. അവര്‍ വീണ്ടും പോകേണ്ടത് ലോകത്തിന്റെ സുഖങ്ങള്‍ ഉറങ്ങുന്ന ഹേറോദേസിന്റെ കൊട്ടാരത്തിലേക്കല്ല, തീര്‍ച്ച. ലോകത്തിന്റെ സുഖങ്ങള്‍ നമ്മെ നിരന്തരം ഇന്ന് മാടി വിളിക്കുമ്പോഴും അവയോട് ‘ഇല്ല’ എന്ന് പറയുവാന്‍ സാധിക്കുന്ന ഒരു വ്യക്തിക്കേ ആത്മീയജീവിതത്തില്‍ നിലനില്ക്കുവാനും മുന്നോട്ട് പോകുവാനും സാധിക്കുകയുള്ളൂ. ഇവിടെയും നമ്മെ ശക്തിപ്പെടുത്തുന്ന പരിശുദ്ധാത്മാവിന്റെ കൃപ അത്യാവശ്യമാണ്. ഏത് തെരഞ്ഞെടുക്കണമെന്ന് പരിശുദ്ധാത്മാവ് നമ്മെ നിരന്തരം പഠിപ്പിക്കും. വിശുദ്ധ പൗലോസ് ശ്ലീഹ കൊളോസോസിലെ സഭയ്ക്ക് എഴുതിയ ലേഖനത്തിലെ വാക്യങ്ങള്‍ ഇവിടെ സ്മരണീയമാണ്. ”നിങ്ങള്‍ പൂര്‍ണമായ ജ്ഞാനവും ആത്മീയ അറിവുംവഴി ദൈവഹിതത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകൊണ്ട് നിറയാന്‍വേണ്ടിയാണ് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത്. കര്‍ത്താവിന് യോജിച്ചതും അവിടുത്തേക്ക് തികച്ചും പ്രീതിജനകവുമായ ജീവിതം നയിക്കുവാന്‍ നിങ്ങള്‍ക്ക് ഇടയാകട്ടെ. അതുവഴി നിങ്ങളുടെ എല്ലാ നല്ല പ്രവൃത്തികളും ഫലദായകമാകുകയും ദൈവത്തെക്കുറിച്ചുള്ള ജ്ഞാനത്തില്‍ നിങ്ങള്‍ അഭിവൃദ്ധിപ്പെടുകയും ചെയ്യും” (കൊളോസോസ് 1:9-10). ഇതായിരിക്കട്ടെ നമ്മുടെയും പ്രാര്‍ത്ഥന. പൂര്‍ണമായ ജ്ഞാനവും ആത്മീയ അറിവും ലഭിച്ച് ദൈവഹിതം അനുസരിച്ച് ജീവിക്കുവാന്‍ ആഗ്രഹിക്കുകയും ഇപ്പോള്‍ത്തന്നെ പ്രാര്‍ത്ഥിക്കുകയും ചെയ്യാം.
ജ്ഞാനികളെ നയിച്ച പരിശുദ്ധാത്മാവായ ദൈവമേ, അങ്ങയെ ഞാന്‍ ആരാധിക്കുന്നു. രക്ഷകനായ യേശുവിന്റെ അടുത്തേക്ക് അവിടുന്ന് എല്ലായ്‌പ്പോഴും എന്നെ നയിക്കണമേ. എന്റെ ബുദ്ധിയുടെ പ്രചോദനങ്ങളെക്കാളുപരിയായി, അങ്ങയുടെ ദിവ്യമായ പ്രചോദനങ്ങള്‍ സ്വീകരിക്കുവാന്‍ പറ്റുന്ന വിധത്തില്‍ എനിക്ക് പൂര്‍ണമായ ജ്ഞാനവും ആത്മീയ അറിവും നല്കി അനുഗ്രഹിച്ചാലും. എന്നെ എന്നും വഴിനടത്തണമേ. തെറ്റു പറ്റിയാല്‍ തിരിച്ചറിയാനും തിരിച്ചുവരുവാനും എന്നെ സഹായിച്ചാലും. പിതാവായ ദൈവമേ, അങ്ങയുടെ സ്‌നേഹത്താല്‍ എന്നെ നിറയ്ക്കണമേ. രക്ഷകനായ ഈശോയേ, അങ്ങയുടെ സാന്നിധ്യം എപ്പോഴും ഞാന്‍ അറിയുവാന്‍ ഇടയാക്കണമേ. ദൈവമേ ഞാന്‍ അങ്ങയെ ആരാധിക്കുന്നു, വണങ്ങുന്നു, അങ്ങയുടെ മുമ്പില്‍ കുമ്പിടുന്നു. പരിശുദ്ധ അമ്മേ, അമ്മയോട് ചേര്‍ന്ന് യേശുവിനെ ആരാധിക്കുവാന്‍ എന്നെ പരിശീലിപ്പിക്കണമേ. വിശുദ്ധ യൗസേപ്പിതാവേ, എനിക്കായി ഇപ്പോള്‍ത്തന്നെ പ്രാര്‍ത്ഥിക്കണമേ – ആമ്മേന്‍.


കെ.ജെ. മാത്യു

Leave a Reply

Your email address will not be published. Required fields are marked *