‘അവളെ തിളച്ച ടാറിലിട്ട് വധിക്കുക!’ ക്രൈസ്തവവിശ്വാസം സ്വീകരിച്ചതിന് ന്യായാധിപന്‍ ആ പെണ്‍കുട്ടിക്ക് വിധിച്ച ശിക്ഷയായിരുന്നു അത്. ശിക്ഷാവിധി നടപ്പാക്കാന്‍ നിയുക്തനായത് ബസിലിഡസ് എന്ന ഉദ്യോഗസ്ഥനായിരുന്നു.
ശിക്ഷ ഏറ്റുവാങ്ങാന്‍ തയാറായി നിന്ന അവള്‍ക്ക് അപാരമായ ധൈര്യവും അചഞ്ചലമായ ദൈവവിശ്വാസവും! ബാസിലിഡസിന്റെ ഹൃദയത്തില്‍ അവളോട് ആദരമാണ് തോന്നിയത്. തന്നെ വിവസ്ത്രയാക്കരുതെന്ന അവളുടെ അപേക്ഷ സ്വീകരിച്ച് മാന്യമായി രക്തസാക്ഷിത്വം വരിക്കാന്‍ അദ്ദേഹം അവളെ സഹായിച്ചു. അവള്‍ തിരികെ നല്കിയത് തന്റെ പ്രാര്‍ത്ഥനയാണ്.
വൈകാതെ ബാസിലിഡസ് ക്രൈസ്തവ വിശ്വാസത്തില്‍ ആകൃഷ്ടനായി. ആ കുറ്റത്തിന് ജയിലില്‍ അടയ്ക്കപ്പെട്ട അദ്ദേഹം ജ്ഞാനസ്‌നാനം സ്വീകരിച്ചു, പിന്നാലെ രക്തസാക്ഷിയായിത്തീര്‍ന്നു.
തന്റെ ശിക്ഷ നടപ്പാക്കാന്‍ സഹായിച്ച ബാസിലിഡസിലേക്ക് ക്രിസ്തുവിശ്വാസത്തിന്റെ തീനാളം പകര്‍ന്ന ആ പെണ്‍കുട്ടി ഇന്ന് തിരുസഭയില്‍ അറിയപ്പെടുന്നത് വിശുദ്ധ പൊട്ടാമിയേന എന്നാണ്.