മധുരപ്രതികാരം

വീട്ടിലേക്ക് കയറിവരുന്ന മകന്റെ കണ്ണുകള്‍ കരഞ്ഞാലെന്നവണ്ണം കലങ്ങിയിട്ടുണ്ട്. പതിയെ അവനരികിലെത്തി അമ്മ ചോദിച്ചു, ”എന്തുപറ്റി മോനേ?”
”ഞാന്‍… അവിടെ കയറിച്ചെല്ലുമ്പോള്‍ അവര്‍ എന്നെക്കുറിച്ച് തീര്‍ത്തും മോശമായി അപവാദം പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. എന്നെ കണ്ടതേ ഞാനെല്ലാം കേട്ടുവെന്ന് അവര്‍ക്ക് മനസിലാവുകയും ചെയ്തു. ഞാനവിടെനിന്ന് ഓടിയിറങ്ങിയതാണ്. ഇനിയൊരിക്കലും ഞാനവിടെ കാലുകുത്തില്ല!”
ഏത് വീട്ടില്‍ പോയതിനെക്കുറിച്ചാണ് മകന്‍ പറയുന്നതെന്ന് അമ്മയ്ക്ക് മനസിലായി. ഒട്ടും പ്രതീക്ഷിക്കാത്തിടത്തുനിന്ന് ലഭിച്ച ദുരനുഭവത്തിന്റെ സങ്കടമാണ് അവന്റെ യുവഹൃദയത്തില്‍. അത് വളര്‍ന്ന് പകയായി മാറുകയാണ്…
അമ്മ പതുക്കെ അവന്റെ തോളില്‍ പിടിച്ചുകൊണ്ട് പറഞ്ഞു, ”മോനേ, നമ്മള്‍ ക്രിസ്ത്യാനികളാണ്, പക വച്ചുകൊണ്ടിരിക്കാനുള്ളവരല്ല. അതിനാല്‍ നീയിനിയും അവിടെപ്പോകണം. പതിവുള്ളതുപോലെ അവരെ വീട്ടിലേക്ക് ക്ഷണിക്കണം. സ്‌നേഹത്തോടെ അവരോട് പെരുമാറുകയും വേണം. നീ ആഗ്രഹിക്കുന്നെങ്കില്‍ അതിനുള്ള കൃപ കര്‍ത്താവ് തരും.”
അമ്മയുടെ വാക്കുകള്‍ കേട്ട് മകന്‍ മനസില്ലാമനസോടെ സമ്മതം മൂളി. അമ്മ പറഞ്ഞതുപോലെ ചെയ്തു. ദിവസങ്ങള്‍ക്കകം മകനെ വേദനിപ്പിച്ച കുടുംബം ക്ഷണം സ്വീകരിച്ച് അതിഥികളായെത്തി. ആശങ്കയോടെ വന്ന അവര്‍ക്ക് സ്‌നേഹാതിഥ്യമരുളിയ അമ്മയും മകനും അവരെ പശ്ചാത്താപത്തിലേക്കാണ് നയിച്ചത്. തങ്ങള്‍ ചെയ്ത തെറ്റിന് മാപ്പുചോദിച്ച് മടങ്ങുമ്പോള്‍ ഇനി തങ്ങളുടെ വീട്ടില്‍ ആരുടെയും കുറ്റം പറയില്ല എന്ന തീരുമാനവുമെടുത്തിരുന്നു അവര്‍.
”മനുഷ്യര്‍ നിങ്ങളുടെ സത്പ്രവൃത്തികള്‍ കണ്ട് നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ.” (മത്തായി 5:16)


ബിനു മാത്യു

Leave a Reply

Your email address will not be published. Required fields are marked *