സൈനിക കമാന്‍ഡര്‍ വൈദികനായി, പിന്നെ…

ചങ്ങലകളാല്‍ ബന്ധിതമായ കാരാഗൃഹവാസമാണ് ജെറോം എമിലിയാനി എന്ന വിശുദ്ധനെ സ്ഫുടം ചെയ്ത് രൂപപ്പെടുത്തിയത്. സ്വന്തം ശക്തിയില്‍ ആശ്രയിച്ചും ശത്രുക്കളെ കീഴ്‌പ്പെടുത്തിയും മുന്നേറിയ സൈനിക കമാന്‍ഡറായിരുന്ന എമിലിയാനി അതുവരെ ദൈവത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. അല്ലെങ്കില്‍ ദൈവത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കാനുള്ള സമയം ആ സൈനിക ഉദ്യോഗസ്ഥനില്ലായിരുന്നു. എന്നാല്‍ ശത്രുക്കളുടെ തടവറയില്‍ ചങ്ങലകളാല്‍ ബന്ധിതമായി കഴിഞ്ഞ കാലഘട്ടം ലോകമോഹങ്ങളുടെ ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ ജെറോമിനെ സഹായിച്ചു.
പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥ്യം തേടി പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി ജയില്‍ മോചിതനായ ജെറോം ആദ്യം പോയത് ട്രെവിസോ നാഥയുടെ തീര്‍ത്ഥാടന കേന്ദ്രത്തിലേക്കാണ്. കാരാഗൃഹത്തില്‍ തന്നെ ബന്ധിച്ചിരുന്ന ചങ്ങല മാതാവിന് കാണിക്കയായി സമര്‍പ്പിച്ച ജെറോം മുന്‍കാലജീവിതത്തില്‍ തന്നെ വരിഞ്ഞുമുറുക്കിയിരുന്ന സ്വാര്‍ത്ഥതയുടെ എല്ലാ ചങ്ങലകളും ആ ദൈവാലയത്തില്‍ ഉപേക്ഷിച്ചാണ് മടങ്ങിയത്.
1486-ല്‍ വെനീസിലെ കുലീനമായ എമിലിയാനി കുടുംബത്തിലാണ് ജെറോമിന്റെ ജനനം. കൗമാരപ്രായത്തില്‍ പിതാവിനെ നഷ്ടമായ ജെറോം 15-ാം വയസില്‍ സൈന്യത്തില്‍ ചേര്‍ന്നു. കാംബ്രെ സൈന്യത്തിന്റെ ആക്രമണത്തില്‍ നിന്ന് ട്രെവിസോ മലനിരകളിലെ കോട്ട സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ജെറോമിനാണ് ലഭിച്ചത്. എന്നാല്‍ ജെറോമിന്റെ കീഴിലുള്ള സൈന്യത്തെ പരാജയപ്പെടുത്തിയ ശത്രുക്കള്‍ അദ്ദേഹത്തെ തടവിലാക്കി. അദ്ദേഹത്തെ പാര്‍പ്പിച്ച അഴുക്ക് നിറഞ്ഞ കിടങ്ങിലെ തടവറയിലാണ് ജെറോം എമിലിയാനി എന്ന വിശുദ്ധന്‍ ജനിക്കുന്നത്. തന്റെ ജീവിതത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചും വിചിന്തനം ചെയ്യാനും പ്രാര്‍ത്ഥിക്കുവാനും ഏറെ സമയം ലഭിച്ച ജെറോമിനുണ്ടായ മാനസാന്തരത്തിന്റെ ഫലങ്ങള്‍ തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ ജീവിതത്തില്‍ പ്രകടമായിരുന്നു.
മാതാവിന്റെ മാധ്യസ്ഥ്യത്തിലൂടെ ജയില്‍ മോചിതനായ ജെറോം കാസ്റ്റല്‍നോവോ ഡി ക്വറോയിലെ മജിസ്‌ട്രേറ്റായി നിയമിതനായി. എന്നാല്‍ അധികം താമസിയാതെ തന്നെ തന്റെ മരുമക്കളുടെ വിദ്യാഭ്യാസത്തിന് മേല്‍നോട്ടം വഹിക്കുന്നതിനായി അദ്ദേഹം വെനീസിലേക്ക് മടങ്ങി. ഏകദേശം ഈ കാലഘട്ടത്തിലാണ് അദ്ദേഹം തന്റെ വൈദികപഠനം ആരംഭിച്ചത്. 1518-ല്‍ ജെറോം എമിലിയാനി വൈദികനായി അഭിഷിക്തനായി. യുദ്ധത്തെ തുടര്‍ന്ന് ദാരിദ്ര്യവും പ്ലേഗ് പോലുള്ള പകര്‍ച്ചവ്യാധികളും നാട്ടിലെങ്ങും പടര്‍ന്ന സമയമായിരുന്നു അത്. ദുരിതങ്ങളുടെ കാലഘട്ടത്തില്‍ ആരും നോക്കാനില്ലാത്ത അനാഥരിലേക്കാണ് ജെറോമിന്റെ ശ്രദ്ധ പതിഞ്ഞത്. പ്രിയപ്പെട്ടവരും ബന്ധുക്കളും രോഗം മൂലമോ പട്ടിണി മൂലമോ വേര്‍പെട്ടതുമൂലം അനാഥരായ ധാരാളം ആളുകള്‍ അന്ന് വെനീസിലുണ്ടായിരുന്നു. അങ്ങനെ ആരുമില്ലാത്തവരുടെ കുടുംബാംഗവും പിതാവുമൊക്കെയായി ജെറോം മാറി.
സമ്പത്തും സമയവുമൊക്കെ അനാഥരെ ശുശ്രൂഷിക്കുന്നതിനായി മാറ്റിവച്ച ജെറോം അനാഥര്‍ക്ക് വേണ്ടി ഒരു ഭവനം വാടകയ്ക്ക് എടുത്തു. അവിടെ താമസിക്കുന്നവര്‍ക്ക് ഭക്ഷണവും വസ്ത്രവും വിദ്യാഭ്യാസവും നല്‍കി. ദൈവത്തെക്കുറിച്ചുളള അറിവായിരുന്നു ആദ്യമായി ജെറോം തന്റെ ഭവനത്തിലുള്ളവര്‍ക്ക് നല്‍കിയത്. ചോദ്യോത്തര രീതിയില്‍ കുട്ടികളെ മതബോധനം അഭ്യസിപ്പിക്കുന്ന രീതി ആരംഭിച്ചത് ജെറോമാണ്. അനാഥരായവരോടുള്ള സ്‌നേഹാധിക്യത്താല്‍ കുടുംബാംഗത്തെപ്പോലെയാണ് ജെറോം അവരെ പരിചരിച്ചത്. ഈ ശുശ്രൂഷയുടെ ഫലമായി ജെറോമിനും പ്ലേഗ് ബാധിച്ചു. ജെറോമിലൂടെ ഒരു പിതാവിന്റെ സ്‌നേഹം അനുഭവിച്ചറിഞ്ഞ നിരവധി കുഞ്ഞുങ്ങളുടെയും മുതിര്‍ന്നവരുടെയും പ്രാര്‍ത്ഥനയുടെ ഫലമായിരിക്കണം – ജെറോം വേഗം സുഖം പ്രാപിച്ചു. വെനീസിലെ അനാഥര്‍ക്ക് അവരുടെ അപ്പനെ തിരിച്ചുകിട്ടി.
മരണവുമായുള്ള ആ കണ്ടുമുട്ടല്‍ അദ്ദേഹത്തിന്റെ ആത്മാവില്‍ അവശേഷിച്ചിരുന്ന ഏതെങ്കിലും കെട്ടുകളുണ്ടെങ്കില്‍ അതുകൂടി പൊട്ടിച്ചു എന്ന് അദ്ദേഹത്തിന്റെ ശിഷ്ടകാലജീവിതം സാക്ഷ്യപ്പെടുത്തുന്നു. തന്റെ സമ്പത്തും സമയവും പൂര്‍ണമായി അനാഥരുടെയും ദരിദ്രരുടെയും ശുശ്രൂഷയ്ക്കായി മാറ്റിവച്ച അദ്ദേഹം മറ്റ് നഗരങ്ങളിലും അനാഥാലയങ്ങള്‍ സ്ഥാപിച്ചു. കൂടാതെ ഒരാശുപത്രിയും മാനസാന്തരപ്പെട്ട വ്യഭിചാരിണികള്‍ക്കായി ഒരു സ്ഥാപനവും ആരംഭിച്ചു.
മറ്റ് രണ്ട് വൈദികരുമായി ചേര്‍ന്ന് സൊമാഷി എന്ന നഗരം കേന്ദ്രീകരിച്ച് അനാഥരുടെ സംരക്ഷണത്തിനായി ക്ലെര്‍ക്ക്‌സ് റെഗുലര്‍ ഓഫ് സൊമാഷി (സിആര്‍എസ്) എന്ന പേരില്‍ ഒരു സന്യാസ സഭ ആരംഭിച്ചു. രോഗികളായവരെ പരിചരിച്ചതിനെ തുടര്‍ന്ന് വീണ്ടും പ്ലേഗ് ബാധിതനായ ജെറോം 1537 ഫെബ്രുവരി 8-ാം തിയതി നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. എങ്കിലും അദ്ദേഹം സ്ഥാപിച്ച സൊമാഷി സന്യാസ സമൂഹത്തിലൂടെ ഇന്നും നിരവധി അനാഥര്‍ക്ക് ദൈവപിതാവിന്റെ സ്‌നേഹം അനുഭവവേദ്യമാകുന്നു. 1767-ല്‍ ക്ലെമന്റ് 13-ാമന്‍ മാര്‍പാപ്പ ജെറോം എമിലിയാനിയെ വിശുദ്ധനായി പ്രഖ്യാപിച്ചു. 1928-ല്‍ പയസ് 11-ാമന്‍ മാര്‍പാപ്പ ജെറോം എമിലിയാനിയെ അനാഥരുടെയും ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളുടെയും പ്രത്യേക മധ്യസ്ഥനായി പ്രഖ്യാപിച്ചു.


രഞ്ജിത് ലോറന്‍സ്‌


Notice: compact(): Undefined variable: limits in /home/timesorg/public_html/wp-includes/class-wp-comment-query.php on line 853

Notice: compact(): Undefined variable: groupby in /home/timesorg/public_html/wp-includes/class-wp-comment-query.php on line 853

Leave a Reply

Your email address will not be published. Required fields are marked *