ഒരു വചനഭാഗം വായിച്ചപ്പോള്‍ തോന്നിയ സംശയം ചോദിക്കട്ടെ. 1 കോറിന്തോസ് 14: 22-24: ”ഭാഷാവരം വിശ്വാസികള്‍ക്കുള്ളതല്ല, അവിശ്വാസികള്‍ക്കുള്ള അടയാളമാണ്. പ്രവചനമാകട്ടെ, അവിശ്വാസികള്‍ക്കല്ല, വിശ്വാസികള്‍ക്കുവേണ്ടിയുള്ളതും. ആകയാല്‍, സഭ മുഴുവന്‍ സമ്മേളിച്ചിരിക്കേ ഓരോരുത്തരും ഭാഷാവരത്തോടെ സംസാരിക്കുന്നതായി അജ്ഞരോ അവിശ്വാസികളോ വന്നുകണ്ടാല്‍ നിങ്ങള്‍ക്കു ഭ്രാന്താണെന്ന് അവര്‍ പറയുകയില്ലേ? എല്ലാവരും പ്രവചിച്ചുകൊണ്ടിരിക്കുന്ന അവസരത്തിലാണ് ഒരു അവിശ്വാസിയോ അജ്ഞനോ അവിടെ വരുന്നതെങ്കില്‍ തന്നെത്തന്നെ വിധിക്കാനും പരിശോധിക്കാനും ഹൃദയരഹസ്യങ്ങള്‍ വെളിപ്പെടുത്താനും നിങ്ങള്‍ അവന് കാരണമാകും” 22-ാം വചനത്തില്‍ പറയുന്നതിന് വിരുദ്ധമായ കാര്യമല്ലേ 23-ാം വചനത്തില്‍ പറയുന്നത്? എന്താണ് ഇതിന്റെ അര്‍ത്ഥം?
ജോര്‍ജ് നെല്ലാങ്കുഴിയില്‍, വണ്ടമറ്റം
ഈ വചനങ്ങള്‍ വായിക്കുമ്പോഴെല്ലാം മേല്‍പറഞ്ഞ സംശയങ്ങള്‍ ഉണ്ടാകുന്നതാണ് എന്ന് ആദ്യമേ എഴുതട്ടെ. എന്നാല്‍ ചില കാര്യങ്ങള്‍കൂടി മനസിലാക്കിയാല്‍ ഈ സംശയങ്ങള്‍ തീരാവുന്നതുമാണ്.
ഇസ്രായേലിന് പുറത്ത് ഗ്രീസിലുള്ള ഒരു സ്ഥലമാണ് കൊറീന്ത്. തന്റെ സുവിശേഷ ശുശ്രൂഷകള്‍വഴി വിശുദ്ധ പൗലോസ് അവിടെ സഭയ്ക്ക് തുടക്കമിട്ടു. അവിടത്തെ ആളുകള്‍ക്ക് പ്രവചനം എന്താണെന്ന് ഏറെക്കുറെ അറിയാമായിരുന്നു. എന്നാല്‍ ഭാഷാവരം അവര്‍ക്ക് അപരിചിതമായ ഒന്നായിരുന്നു. മനുഷ്യര്‍ ഭാഷാവരം ഉപയോഗിക്കുന്നതായി ആദ്യമായി നാം കാണുന്നത് അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ 2:4-ല്‍ ആണ്. ഇത് കണ്ട വിജാതീയര്‍ക്ക് അതിന്റെ അര്‍ത്ഥം മനസിലായില്ല. 15 ഭാഷകള്‍ സംസാരിക്കുന്നവര്‍ അവിടെ ഉണ്ടായിരുന്നു. അപ്പസ്‌തോലന്മാര്‍ ഭാഷാവരത്തില്‍ സംസാരിക്കുന്നതുകേട്ട്, അവരില്‍ ചിലര്‍ പരിഹസിച്ച് പറഞ്ഞു: പുതുവീഞ്ഞ് കുടിച്ച് അവര്‍ക്ക് ലഹരി പിടിച്ചിരിക്കുകയാണ്. അതായത് ഭാഷാവരം ആളുകള്‍ക്ക് അപരിചിതമായ കാര്യം ആയിരുന്നു എന്ന് അര്‍ത്ഥം.
ഈ ആശയങ്ങള്‍ വച്ചുകൊണ്ട് പ്രസ്തുത വചനഭാഗത്തിന്റെ ആദ്യത്തെ ഖണ്ഡത്തിലേക്ക് വരാം. അവിടെ ശ്ലീഹ പറയുന്നു: ഭാഷാവരം വിശ്വാസികള്‍ക്കുള്ള അടയാളമല്ല; അവിശ്വാസികള്‍ക്കുള്ള അടയാളമാണ് എന്ന്. ക്രിസ്ത്യാനികള്‍ ആയവര്‍ ഇതിനകം യേശുവിനെയും യേശുവിന്റെ സുവിശേഷത്തെയും വിശ്വസിച്ചവരാണ്. അതിനാല്‍ ഭാഷാവരത്തില്‍ സംസാരിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും കേട്ട് അവര്‍ വിശ്വാസികള്‍ ആകേണ്ടതില്ല. എന്നാല്‍ ക്രിസ്ത്യാനികള്‍ ആയവര്‍ ഭാഷാവരത്തില്‍ സംസാരിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും കേള്‍ക്കുമ്പോള്‍ അവിശ്വാസികള്‍ക്ക് അത് യേശുവില്‍ വിശ്വസിക്കുവാന്‍ ഒരു പ്രചോദനമോ കാരണമോ ആകാം.
ഇനി രണ്ടാമത്തെ ഖണ്ഡത്തിലക്ക് വരാം, ”സഭ മുഴുവനും ഒന്നിച്ചു കൂടുമ്പോള്‍ ഓരോരുത്തരും ഭാഷാവരത്തില്‍ സംസാരിക്കുന്നതായി അജ്ഞരോ അവിശ്വാസികളോ വന്നുകണ്ടാല്‍ അത് ഭ്രാന്താണെന്ന് അവര്‍ പറയുകയില്ലേ?” അവിശ്വാസികള്‍ക്കുള്ള അടയാളംതന്നെ ഭ്രാന്താണെന്ന് തെറ്റിദ്ധരിക്കാന്‍ കാരണമാകുമെന്ന് ഇവിടെ പറയുന്നത് എന്തുകൊണ്ടാണ്? അതിന് ഒരു കാരണമുണ്ട്, സമൂഹത്തിലുള്ള മുഴുവന്‍ പേരും ഒരേ സമയം ഭാഷാവരത്തില്‍ സംസാരിക്കുന്നത് ഒരു അവിശ്വാസി കണ്ടാല്‍, വിശ്വസിക്കുന്നതിനെക്കാള്‍ അവിശ്വസിക്കുന്നതിനാണ് തോന്നുക. ഇത് മുന്നില്‍ കണ്ടുകൊണ്ട് 14:27-28 വചനങ്ങളില്‍ പൗലോസ് പരിഹാരം നിര്‍ദേശിക്കുന്നു: ”ഭാഷാവരത്തോടെ സംസാരിക്കുന്നെങ്കില്‍ രണ്ടോ മൂന്നോ പേര്‍ മാത്രമേ സംസാരിക്കാവൂ. ഓരോരുത്തരും മാറിമാറി സംസാരിക്കുകയും ഒരാള്‍ വ്യാഖ്യാനിക്കുകയും ചെയ്യണം. വ്യാഖ്യാനിക്കാന്‍ ആളില്ലെങ്കില്‍ അവര്‍ സഭയില്‍ മൗനം ദീക്ഷിക്കുകയും ഓരോരുത്തരും തങ്ങളോടുതന്നെയും ദൈവത്തോടും സംസാരിക്കുകയും ചെയ്യട്ടെ. രണ്ടോ മൂന്നോ പേര്‍ പ്രവചിക്കുകയും മറ്റുള്ളവര്‍ അത് വിവേചിക്കുകയും ചെയ്യട്ടെ.” എല്ലാവരും ഒന്നിച്ചുകൂടുന്നിടത്ത് വരങ്ങള്‍ വിവേകത്തോടെ ഉപയോഗിക്കണമെന്ന് ഇവിടെ പൗലോസ് ശ്ലീഹ പറയുകയാണ്. എല്ലാവരുംകൂടി ഒരേ സമയം ഭാഷാവരത്തില്‍ സംസാരിക്കുന്നതിനെക്കാള്‍ ഉപകാരം ഉണ്ടാകുന്നതും വിജാതീയര്‍ക്ക് ബോധ്യങ്ങള്‍ ഉണ്ടാകുന്നതും ആളുകള്‍ മാറിമാറി ഭാഷാവരത്തില്‍ സംസാരിക്കുകയും ഇടയ്ക്ക് പ്രവചനവരമുള്ളവര്‍ പ്രവചിക്കുകയും വ്യാഖ്യാനവരമുള്ളവര്‍ വ്യാഖ്യാനിക്കുകയും ചെയ്യുമ്പോഴാണ്.
ഇനി പ്രവചനവരത്തിന്റെ കാര്യം എടുക്കാം. പ്രവചനവരത്തില്‍ വിശ്വാസം ഉണ്ടാകുന്നത് വിശ്വാസത്തിലേക്ക് വന്നവര്‍ക്കാണ്. വരാനിരിക്കുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി പറയുക എന്നതിനെക്കാള്‍ ദൈവവചനത്തിന്റെ ഉള്‍ക്കാഴ്ചകള്‍ പങ്കുവയ്ക്കുക എന്നതാണ് പ്രവചനവരംകൊണ്ട് ഇവിടെ കൂടുതലായി ഉദ്ദേശിക്കുന്നത്. അത് വിശ്വാസികള്‍ക്കാണല്ലോ കൂടുതല്‍ ഉപകാരപ്പെടുക. എന്നാല്‍ ഇത് കാണുന്ന അവിശ്വാസികള്‍ക്കും അത് ഉപകാരപ്പെടാം. അതാണ് 4:24-ല്‍ പറയുന്നത്. ആളുകള്‍ പ്രവചിച്ചുകൊണ്ടിരിക്കുമ്പോള്‍ അവിടെയുള്ള അവിശ്വാസിക്ക് ആത്മപരിശോധനയ്ക്ക് ഹൃദയരഹസ്യങ്ങള്‍ വെളിപ്പെട്ടു കിട്ടുന്നതിനും ദൈവത്തെ ആരാധിക്കുവാനും ക്രിസ്ത്യാനികള്‍ക്കിടയില്‍ ദൈവം വസിക്കുന്നുണ്ട് എന്ന് ബോധ്യം ഉണ്ടാകാനും കാരണമാകും.
കരിസ്മാറ്റിക് ധ്യാനങ്ങളുടെ സമയത്ത് നടക്കുന്ന സ്തുതിപ്പും സന്ദേശങ്ങളും രോഗശാന്തിവിവരങ്ങളും മറ്റും അവിശ്വാസികള്‍പോലും വിശ്വാസത്തിലേക്ക് വരാന്‍ കാരണമാകുന്നില്ലേ. പ്രവചിക്കുന്നത് വിശ്വാസികള്‍ക്കുവേണ്ടിയാണെങ്കിലും അപ്പോള്‍ അവിടെയുള്ള അവിശ്വാസികള്‍ക്കുംകൂടി അത് ഉപകാരപ്പെടും എന്നര്‍ത്ഥം. ആശയം വ്യക്തമായെന്ന് കരുതട്ടെ. സംശയം ചോദിച്ച സഹോദരന് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ.
ഫാ. ജോസഫ് വയലില്‍ സി.എം.ഐ.