വചനം പ്രഘോഷിക്കണമെന്ന ആഗ്രഹവുമായാണ് ആ യുവാവ് ധ്യാനഗുരുവിനെ സമീപിച്ചത്. തന്റെ കഴിവുകളും പ്രസംഗ പാടവവും മോട്ടിവേഷണല്‍ ക്ലാസുകളെടുക്കുന്നതിലെ മുന്‍ പരിചയവുമെല്ലാം അയാള്‍ ധ്യാനകേന്ദ്രത്തിലെ ഡയറക്ടറച്ചനുമായി പങ്കുവച്ചു. എല്ലാം കേട്ടശേഷം, വികാരിയച്ചന്റെ കത്തുമായി വരാന്‍ ധ്യാനഗുരു നിര്‍ദേശിച്ചു. ഒരു അറിയപ്പെടുന്ന പ്രാസംഗികനായ തന്നോട് ഇതു വേണ്ടായിരുന്നുവെന്ന് യുവാവ് ഓര്‍ത്തു. എങ്കിലും വികാരിയച്ചന്റെ ശുപാര്‍ശക്കത്തുമായി വീണ്ടും ധ്യാനകേന്ദ്രത്തിലെത്തി. ഡയറക്ടറച്ചന് അതുവായിച്ച ശേഷം സസന്തോഷം പറഞ്ഞു- ‘ധ്യാനദിവസങ്ങളില്‍ നടക്കുന്ന മധ്യസ്ഥ പ്രാര്‍ത്ഥനയില്‍ വന്ന് പങ്കെടുക്കുക.’
യുവാവിന് അടികിട്ടിയതുപോലായി. തന്റെ കഴിവും എക്സ്പീരിയന്‍സുമെല്ലാം മനസിലാക്കി, ധ്യാനങ്ങള്‍ക്ക് ക്ലാസെടുക്കാന്‍ ഡയറക്ടറച്ചന് ആവശ്യപ്പെടുമെന്നു പ്രതീക്ഷിച്ചു നിന്ന അയാള്‍ കലങ്ങിയ മനസോടെയാണ് വീട്ടിലെത്തിയത്. ‘എന്തുകൊണ്ട്?’ ‘എനിക്കെന്താണ് കുറവ്?’ എന്നെല്ലാമുള്ള ചിന്ത അയാളെ വലച്ചു. എങ്കിലും, വൈകാതെ അവസരം ലഭിക്കുമെന്ന പ്രതീക്ഷയോടെ മധ്യസ്ഥപ്രാര്‍ത്ഥനയില്‍ പങ്കെടുത്തുതുടങ്ങി. മനസപ്പോഴും വചനം പ്രസംഗിക്കുന്നതില്‍ കുടുങ്ങിക്കിടന്നു. മാസങ്ങള്‍ കടന്നുപോയി. പ്രസംഗത്തിനുള്ള അവസരത്തിനായി ഇതിനിടെ പലതവണ അച്ചനോട് ചോദിക്കുകയും ചെയ്തു. ശല്യം സഹിക്കാതെ അച്ചന് ചെറിയൊരു പ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്ക് അവസരം നല്കി. എന്നാല്‍ ഒന്നും പറഞ്ഞുപൂര്‍ത്തിയാക്കാന്‍ കഴിയാതെ യുവാവിന് സ്റ്റേജില്‍നിന്നും തിരികെയിറങ്ങേണ്ടി വന്നു.
പക്ഷേ, അച്ചന് ശകാരിക്കുകയോ തിരുത്തുകയോ ചെയ്തില്ല, ആശ്വസിപ്പിക്കുകമാത്രം ചെയ്തു. ലജ്ജിതനായ യുവാവ് തന്റെ കുറവ് തിരിച്ചറിഞ്ഞു. മുന്‍കാല പ്രാവീണ്യവും പ്രസംഗ പാടവവുമൊന്നും ദൈവവചനം പ്രഘോഷിക്കാന്‍ സഹായിക്കില്ലെന്ന് ബോധ്യമായി. അന്നുമുതല്‍ അച്ചന് വിധേയപ്പെട്ട് ആത്മാര്‍ത്ഥമായി മധ്യസ്ഥ പ്രാര്‍ത്ഥന നടത്താന്‍ ആരംഭിച്ചു.
ദൈവത്തിനു മുമ്പില്‍ വിശ്വസ്തതയോടെ പ്രാര്ത്ഥിക്കാനാരംഭിച്ചപ്പോള് അവിടുന്ന് അയാളുടെ കുറവുകളിലേക്ക് വെളിച്ചം വീശി. കഴിവുകളും എക്സ്പീരിയന്‍സും അമിത ആത്മവിശ്വാസവും എന്തൊക്കെയോ ആണെന്ന ഭാവവുമാണ് പ്രധാന പ്രശ്നമെന്ന തിരിച്ചറിവിലേക്ക് വന്നു. അവയോരോന്നും ദിവ്യകാരുണ്യത്തിനു മുമ്പില്‍ സമര്‍പ്പിച്ചു. നാളുകള്‍ കടന്നുപോയി. തന്റെ ഒന്നുമില്ലായ്മയും ശൂന്യതയും മനസിലാക്കുകയായിരുന്നു അയാള്‍. അതിന് ആനുപാതികമായി എളിമയും വിനയവും ആഴത്തിലേക്ക് വേരൂന്നിത്തുടങ്ങി. സ്വന്തം കഴിവല്ല, പരിശുദ്ധാത്മാവിന്റെ അഭിഷേകമാണ് ദൈവശുശ്രൂഷ നിര്‍വഹിക്കാന്‍ അത്യാവശ്യമെന്ന് അയാള്‍ക്ക് മനസിലായി.
മധ്യസ്ഥപ്രാര്‍ത്ഥനയില്‍ രണ്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. അപ്പോഴേക്കും തന്റെ മിടുക്കിലും പ്രാഗത്ഭ്യത്തിലുമുള്ള ‘പിടുത്തം’ വിട്ട് ദൈവാശ്രയത്തില്‍ വളര്‍ന്നു തുടങ്ങിയിരുന്നു. അയാളിലെ ‘ഞാന്‍’ഭാവം ക്ഷയിക്കുകയും പകരം ദൈവാരൂപി നിറഞ്ഞുകൊണ്ടിരിക്കുകയും ചെയ്തു. ക്രമേണ പരിശുദ്ധാത്മാവിന്റെ ഫലങ്ങളും വരങ്ങളും പ്രകടമാകാന്‍ ആരംഭിച്ചു. ചെറിയ ചെറിയ പൊതു ശുശ്രൂഷകള്‍ ചെയ്യാന്‍ അവസരം ലഭിച്ചു. അവയെല്ലാം നല്ല ഫലങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു.
യോഹന്നാന് 12:24-ല്‍ ഈശോ പറഞ്ഞു: ”ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍ അത് വെറുതെ ഇരിക്കും; അഴിയുന്നെങ്കിലോ അത് വളരെ ഫലം പുറപ്പെടുവിക്കും.”
മണ്ണിനടിയില്‍ കുഴിച്ചിട്ട വിത്താണ് മുളച്ചുപൊങ്ങുന്നത്. അതുപോലെ ദൈവസാന്നിധ്യമാകുന്ന മണ്ണിലേക്കിറങ്ങാന്‍ നാം തയ്യാറാകണം. അപ്പോള്‍ ആരും കാണില്ല, അറിയില്ല. അപ്രകാരം നമ്മിലെ ‘അഹ’ത്തെ ഇല്ലാതാക്കി ദൈവത്തില്‍ ശരണപ്പെട്ടാല്‍ മാത്രമേ ആത്മീയ ജീവിതത്തില്‍ ഫലംപുറപ്പെടുവിക്കാന്‍ സാധിക്കുകയുള്ളൂ. അപ്പോള്‍ ദൈവത്തിന്റെയും മനുഷ്യരുടെയും ആദരവ് ലഭിക്കും. മണ്ണിനു മുകളില്‍ ഇരുന്നാല്‍ എല്ലാവരും കാണുമെങ്കിലും ഫലമില്ലാതെ പെട്ടെന്ന് അപ്രത്യക്ഷമാകും. അതുപോലെ, മണ്ണിനടിയിലേക്ക് എത്ര ആഴത്തില്‍ വേരുന്നുന്നുവോ അത്രയും ശക്തവും ഫലപ്രദവുമായിരിക്കും അതിന്റെ വളര്‍ച്ച. അതിനാല്‍ ഈ പുതുവര്‍ഷത്തില്‍ സ്വയം മറയപ്പെടാനും ആദ്ധ്യാത്മികതയുടെ ആഴത്തിലേക്കിറങ്ങി ഫലങ്ങള്‍ പുറപ്പെടുവിക്കുന്നവരാകാനും പ്രാര്‍ത്ഥിക്കാം.
കര്‍ത്താവേ, ഈ പുതുവര്‍ഷത്തില്‍ സ്വയം അഴിയാനും അങ്ങില്‍ ആശ്രയിച്ച് ഫലം പുറപ്പെടുവിക്കാനും ഞങ്ങളെ സഹായിക്കണമേ, ആമ്മേന്‍. ഹാപ്പി ന്യൂ ഇയര്‍!