ഞായറാഴ്ചകളില്‍ ഞാന്‍ പി.എസ്.സി. പരീക്ഷാപരിശീലനത്തിന് പോയിക്കൊണ്ടിരുന്ന സമയം. ഞാന്‍ പോകുമ്പോള്‍ എന്റെ രണ്ടാമത്തെ കുഞ്ഞിനെ മമ്മിയാണ് നോക്കിക്കൊണ്ടിരുന്നത്. മമ്മിയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നെങ്കിലും മകള്‍ പരീക്ഷയില്‍ വിജയിച്ച് ഒരു ജോലി നേടുന്നത് കാണാനുള്ള ആഗ്രഹംകൊണ്ട് മമ്മി ആ ഉത്തരവാദിത്വം ഏറ്റെടുത്തതാണ്. ഈയൊരു സാഹചര്യത്തിലാണെങ്കിലും മമ്മി അറിയാതെ ഞാന്‍ ക്ലാസില്‍നിന്ന് അല്പം നേരത്തേയിറങ്ങി അടുത്തുള്ള പള്ളിയില്‍പ്പോയി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ തുടങ്ങി.
അതുനിമിത്തം ഞാന്‍ വീട്ടിലെത്താന്‍ അല്പം വൈകുമെന്നും അത് മമ്മിക്ക് അസ്വസ്ഥതയാണെന്നും അറിയാം. എങ്കിലും മൂന്നാം പ്രമാണം പൂര്‍ണമായി ലംഘിച്ച് ഞായറാഴ്ചയിലെ വിശുദ്ധ ബലി മുടക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. മാത്രവുമല്ല എന്റെ ഹൃദയവും മമ്മിയുടെ അവസ്ഥയും ഈശോയുടെ മുന്നില്‍ ചൊരിയാതെയും വയ്യായിരുന്നു. മമ്മിയുടെ അപ്പോഴത്തെ രോഗാവസ്ഥ എന്നെ കൂടുതല്‍ വിഷമിപ്പിച്ചതിനും ഒരു കാരണമുണ്ട്. എന്റെ ഡാഡി പെട്ടെന്നുണ്ടായ സ്‌ട്രോക്ക് നിമിത്തമാണ് മരിച്ചത്. എങ്കിലും ഡാഡി മരണത്തിനായി ഒരുങ്ങിയിരുന്നു എന്ന് പിന്നീട് ഞങ്ങള്‍ക്ക് മനസിലായി.
പക്ഷേ മമ്മിക്ക് ഡാഡിയുടെ മരണശേഷം വളരെയധികം സങ്കടമായിരുന്നു. ഡാഡിയുടെ വിയോഗംമാത്രമല്ല അദ്ദേഹത്തോടുള്ള കടമകള്‍ വേണ്ടവിധം നിറവേറ്റിയില്ല എന്ന കുറ്റബോധവുംകൂടിയായിരുന്നു സങ്കടത്തിന് കാരണം. അതിന്റെ പരിണതഫലമായിട്ടെന്നോണം അധികം വൈകാതെ മമ്മി രോഗാവസ്ഥയിലുമായി. ഈയൊരു പശ്ചാത്തലത്തിലാണ് ഞാന്‍ മമ്മിയറിയാതെ ബലിയര്‍പ്പണം നടത്തിക്കൊണ്ടിരുന്നത്.അങ്ങനെയൊരു ഞായറാഴ്ച വിശുദ്ധ ബലിയില്‍ പങ്കെടുക്കുന്ന സമയം. മമ്മിയുടെ അപ്പോഴത്തെ സ്ഥിതി ഓര്‍ത്ത് ഹൃദയം നുറുങ്ങി ഞാന്‍ ഈശോയോട് പറഞ്ഞു, ”കര്‍ത്താവേ, അങ്ങയുടെ ഈ ബലി മമ്മിയുടെ കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനുമായി കാഴ്ചവയ്ക്കുന്നു.” നിറകണ്ണുകളോടെ ആ ബലി പൂര്‍ത്തിയാക്കി വീട്ടിലേക്ക് യാത്രയായി.
എന്നാല്‍ വീട്ടില്‍ ഒരു വലിയ സന്തോഷം എന്നെ കാത്തിരുന്നിരുന്നു. അന്ന് മമ്മി എന്നെ സ്വാഗതം ചെയ്തത് ഈ വാക്കുകളോടെയാണ്, ”മോളേ, ഇന്ന് എന്റെ മനസിന് വലിയ സമാധാനം. എന്റെ കടങ്ങളും പാപങ്ങളും ദൈവം ക്ഷമിച്ചു എന്നൊരു ബോധ്യം കിട്ടി!”
വിശുദ്ധ ബലിയുടെ മഹനീയത മനസിലാക്കാന്‍ ഇതിവിടെ കുറിക്കുകയാണ്.
അന്ന വര്‍ഗീസ്