ആ പ്രാര്‍ത്ഥനക്ക് ലഭിച്ചത് ഉന്നതമായ ഉത്തരം

പ്രാര്‍ത്ഥനയ്ക്കുള്ള ഉത്തരം അനുകൂലമാകുമ്പോള്‍ നമ്മള്‍ ഹൃദയപൂര്‍വം നന്ദി പറയും. കടബാധ്യത മാറുമ്പോള്‍, രോഗം സുഖമാകുമ്പോള്‍, അപ്രാപ്യമെന്ന് കരുതുന്നവ ലഭിക്കുമ്പോള്‍ ഉള്ളില്‍ കൃതജ്ഞത നിറയും. എന്നാല്‍ പ്രാര്‍ത്ഥനയ്ക്ക് ഉത്തരമായി ചോദിച്ചത് ലഭിക്കാതെ വരുമ്പോള്‍ അതിനെ നമ്മള്‍ എങ്ങനെ അഭിമുഖീകരിക്കുന്നു എന്നതാണ് പ്രധാനപ്പെട്ടത്. അവിടെയാണ് പ്രാര്‍ത്ഥന പുഷ്പിക്കുന്നത്, ഫലം ചൂടി നില്ക്കുന്നത്.

പ്രാര്‍ത്ഥനയുടെ കാതല്‍
പ്രാര്‍ത്ഥനയുടെ ലക്ഷ്യം ദൈവഹിതം അറിഞ്ഞ് അത് സ്വീകരിക്കുക എന്നതാണ്. ഈശോ പറയുന്നു, ‘പിതാവിന്റെ ഹിതം നിറവേറ്റുക എന്നതാണ് എന്റെ ഭക്ഷണം.’ ഈശോ പഠിപ്പിച്ച പ്രാര്‍ത്ഥനയിലും ഇത് വ്യക്തമാണ്. അങ്ങയുടെ തിരുമനസ് സ്വര്‍ഗത്തിലേതുപോലെ ഭൂമിയിലും ആകണമേ. ഗത്‌സമെനിയില്‍ ചോര ചിന്തി പ്രാര്‍ത്ഥിക്കുന്ന ക്രിസ്തു ജീവിതംകൊണ്ട് പങ്കുവച്ചതും ഈ സന്ദേശം തന്നെ. പിതാവേ എന്റെ ഇഷ്ടമല്ല, അങ്ങയുടെ തിരുഹിതം നിറവേറട്ടെ. പ്രാര്‍ത്ഥനയെന്നാല്‍ ഹൃദയം ദൈവത്തിങ്കലേക്ക് ഉയര്‍ത്തുക എന്നത് മനസിലാക്കിത്തന്നത് വിശുദ്ധ അമ്മത്രേസ്യയാണ്. ദൈവത്തിന്റെ മനസറിഞ്ഞ് എന്റെ ഹൃദയത്തില്‍ ദൈവഹിതം ഏറ്റെടുക്കുക. ദൈവത്തോട് സംസാരിക്കുകയും എന്റെ ജീവിതവഴികള്‍ വേണ്ടവിധം തിരിച്ചറിയുകയും അതിലൂടെ സഞ്ചരിക്കുകയും ചെയ്യുന്നതാണ് പ്രാര്‍ത്ഥന. ഇതാണ് പ്രാര്‍ത്ഥനയുടെ ഉള്‍പ്പൊരുള്‍.

നാം നമുക്കിഷ്ടപ്പെട്ടത് ചോദിക്കുന്നു എന്നതാണ് പ്രാര്‍ത്ഥനയുടെ കാതലായ പ്രതിസന്ധി. നമ്മളെടുക്കുന്ന തീരുമാനങ്ങള്‍; അത് ദൈവഹിതമായിരിക്കണമെന്നില്ല. ചിലപ്പോഴത് തിന്മയിലേക്ക് വഴിതെളിക്കുന്നതുമായിരിക്കാം. അതുമല്ലെങ്കില്‍ സംഭവിക്കാന്‍ ഇടയില്ലാത്തതായിരിക്കാം നാം ചോദിക്കുന്നത്. ചിലപ്പോള്‍ നമ്മുടെ ഹൃദയത്തില്‍ വിശ്വാസവും സ്‌നേഹവും നമുക്കുണ്ടാകണമെന്നില്ല. ഇങ്ങനെ ഏതുതരത്തില്‍ ആയിരുന്നാലും പ്രാര്‍ത്ഥന യ്ക്ക് ചോദിക്കുന്ന ഉത്തരം കിട്ടാത്തപ്പോള്‍ ദൈവം പ്രാര്‍ത്ഥന തിരസ്‌കരിച്ചു എന്ന തെറ്റായ നിഗമനത്തിലേക്ക് നമ്മള്‍ എത്തിച്ചേരുന്നു. ഒരുപക്ഷേ നമ്മുടെ പ്രാര്‍ത്ഥന തിരസ്‌കരിക്കപ്പെടുന്നത് നമ്മുടെ ഹൃദയങ്ങള്‍ ദൈവസന്നിധിയില്‍നിന്ന് അകന്നിരിക്കുന്നതുകൊണ്ടാകാം. അവിടെ ദൈവത്തിന്റെ കരുണയ്ക്കുവേണ്ടിയുള്ള കരച്ചിലായി മാറണം പ്രാര്‍ത്ഥന. അവിടെ അനുതാപത്തിനുവേണ്ടിയുള്ള സ്വരം മുഴങ്ങുന്നത് കേള്‍ക്കണം. ഹൃദയത്തില്‍ അപരനോട് വിരോധവും വെറുപ്പുമുള്ളപ്പോള്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ ദൈവസന്നിധിയില്‍ സ്വീകരിക്കപ്പെടുകയില്ലെന്ന് വചനംതന്നെ വെളിപ്പെടുത്തുന്നു.

പ്രാര്‍ത്ഥനയില്‍ അത്ഭുതങ്ങള്‍ സംഭവിക്കാറുണ്ട്. അത്ഭുതകരമായ ദൈവിക ഇടപെടലുകള്‍, യോഹന്നാന്റെ സുവിശേഷത്തില്‍ അടയാളങ്ങള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. അടയാളങ്ങള്‍ അതില്‍ത്തന്നെ ലക്ഷ്യമല്ല. അവ മറ്റൊന്നിലേക്ക് വിരല്‍ ചൂണ്ടി നില്‍ക്കുന്നു. ഡോക്ടര്‍മാര്‍ ഇടപെട്ടും നമ്മള്‍ വിശ്വാസത്തോടെ പ്രാര്‍ത്ഥിച്ചും അത്ഭുതകരമായി രോഗസൗഖ്യം ലഭിച്ചു. ആ അത്ഭുതത്തില്‍ നമ്മള്‍ മതിമറന്നാല്‍ തെറ്റി, മറിച്ച് അതൊരു അടയാളമാണെന്ന കാര്യം ഓര്‍ത്തെടുക്കണം. നമ്മെയും മറ്റുള്ളവരെയും വിശ്വാസത്തില്‍ കൂടുതല്‍ വളര്‍ത്താനും ഹൃദയത്തെ വിശുദ്ധീകരിക്കാനും ഒരുപക്ഷേ ഇനിയും അനുതാപത്തിലേക്ക് നയിക്കാനും സാധിക്കുന്ന വിരല്‍ചൂണ്ടി. നമ്മുടെ തീര്‍ത്ഥാടന വഴികളില്‍ കാണുന്ന അത്ഭുതങ്ങളില്‍ നാം അകപ്പെട്ടാല്‍….
ദാതാവിനെ മറന്ന് ദാനങ്ങളില്‍ ആശ്രയിക്കുന്നതാണ് ഇന്നിന്റെ പ്രതിസന്ധി. ഈശോ സ്വര്‍ഗരാജ്യത്തിന്റെ ആഗമനം അടയാളപ്പെടുത്താനാണ് അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതെന്ന് നമ്മള്‍ മറന്നുകൂടാ.

ഒരു ജീവിതാനുഭവം കുറിക്കുന്നു. 2015-ലാണ് ഇത് സംഭവിച്ചത്. കുടുംബത്തിലെ ഏകമകനായ എനിക്ക് അമ്മയോട് വലിയ ആത്മബന്ധമാണുണ്ടായിരുന്നത്; അമ്മയ്ക്ക് എന്നോടും. അമ്മയ്ക്ക് പ്രായം കൂടിവന്നിരുന്നു, ഒപ്പം രോഗവും. ഒരിക്കല്‍ അമ്മ ഗൗരവമായ രോഗാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. ഞാന്‍ അമ്മയുടെ സൗഖ്യത്തിനായി ഉള്ളുരുകി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. നല്ല വിശ്വാസത്തോടെ, സ്‌നേഹം തുടിക്കുംവിധമായിരുന്നു ആ പ്രാര്‍ത്ഥനയെല്ലാം. ലഭിക്കാന്‍ പോകുന്ന സൗഖ്യമോര്‍ത്ത് നന്ദി പറഞ്ഞ് വിശ്വാസത്തോടെ ഞാന്‍ പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനയുടെ ശക്തിയും സൗഖ്യവും നേരിട്ടനുഭവിക്കാന്‍ ധാരാളം അവസരം ലഭിച്ച എനിക്കുറപ്പായിരുന്നു അമ്മ രോഗക്കിടക്ക വിട്ട് എഴുന്നേല്‍ക്കുമെന്ന്. പക്ഷേ അമ്മയുടെ രോഗം ഗുരുതരാവസ്ഥയിലേക്ക് നീങ്ങി. വെന്റിലേറ്ററിലേക്ക് നീക്കണമെന്ന് ഡോക്ടര്‍ പറഞ്ഞപ്പോഴും ഞാന്‍ നിരാശനായില്ല. അബ്രാഹത്തിന്റെ പ്രാര്‍ത്ഥനയ്ക്ക് അവസാനനിമിഷം ഉത്തരം നല്കി അത്ഭുതകരമായി മകന്‍ ഇസഹാക്കിനെ തിരിച്ചു നല്കിയ ദൈവം, എനിക്കും മറുപടി തരുമെന്ന് ഞാന്‍ വിശ്വസിച്ചു.

ഒരു വൈകിയ രാത്രിയില്‍ മെഡിക്കല്‍ ഐ.സി.യുവില്‍ എത്തി അമ്മയെ കണ്ട് ഒന്നുകൂടി പ്രാര്‍ത്ഥിച്ച് മുറിയിലേക്ക് നീങ്ങിയ ഓര്‍മകള്‍ മനസിലുണ്ട്. അന്ന് പ്രഭാതത്തിനുമുമ്പേ അമ്മ യാത്രയായി, നിത്യതയുടെ ലോകത്തിലേക്ക്.അതറിഞ്ഞ നിമിഷങ്ങള്‍ എനിക്ക് ഇരുണ്ട രാത്രിയായിരുന്നു, ആത്മാവിന്റെ ഇരുണ്ട രാത്രി. വിശ്വാസം നഷ്ടപ്പെടുന്ന ഇരുട്ട് എന്നെ മൂടിനിന്നു. ദൈവമെന്തിന് എന്റെ പ്രാര്‍ത്ഥന നിരസിച്ചുവെന്ന ചോദ്യം എന്നെ മഥിച്ചു. ദൈവം ഉണ്ടോ എന്നുപോലും മനസില്‍ ചോദിച്ചു. അങ്ങനെ വിതുമ്പിനിന്ന നിമിഷങ്ങളില്‍ മനസിലൊരു പ്രകാശകിരണം പതിച്ചു. അവിടെയൊരു ഉത്തരവും തെളിഞ്ഞുവന്നു. അത് ഇങ്ങനെയായിരുന്നു: ‘മകനേ, നീ അര്‍പ്പിക്കുന്ന കുര്‍ബാന അബ്രാഹത്തിന്റെ ബലിയര്‍പ്പണമല്ല. അത് കാല്‍വരിയിലെ ബലിയര്‍പ്പണമാണ്. കാല്‍വരിയില്‍നിന്നും മറിയമെന്ന അമ്മ മലയിറങ്ങിയത് ഉത്ഥിതന്റെ മരണത്തിന് സാക്ഷിയായതിനുശേഷമാണ്. ഉത്ഥിതന്റെ മുഖം ആന്തരികമായി ദര്‍ശിച്ചുകൊണ്ട് അവള്‍ മലയിറങ്ങിവന്നു.’

ഒരിക്കലും പിരിയാത്ത ഉത്ഥിതന്റെ സാന്നിധ്യമാണ് പരിശുദ്ധ അമ്മയ്ക്ക് ശക്തി പകര്‍ന്നത് എന്ന ചിന്ത എന്നെ ബലപ്പെടുത്തി. വിശ്വാസത്തിന്റെ വെളിച്ചത്തില്‍ ഞാന്‍ തിരിച്ചറിഞ്ഞു, എന്റെ പ്രാര്‍ത്ഥനയ്ക്ക് ദൈവം ഉന്നതമായ ഒരു ഉത്തരം നല്കിയിരിക്കുന്നുവെന്ന്. എന്റെ പ്രിയപ്പെട്ട അമ്മയെ എനിക്ക് നഷ്ടപ്പെട്ടിട്ടില്ല. മറിച്ച് ആ അമ്മസാന്നിധ്യം എനിക്ക് കൂടുതല്‍ സംലഭ്യമായിത്തീര്‍ന്നിരിക്കുന്നു. അവള്‍ മിശിഹായുടെ ഉത്ഥാനത്തിന്റെ മഹത്വത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ദൈവമെന്നോട് നേരിട്ട് സംസാരിച്ചിരിക്കുന്നു… എന്റെ പ്രാര്‍ത്ഥനാവേളകളില്‍… പ്രാര്‍ത്ഥന സ്‌നേഹം തുടിക്കുന്ന ഹൃദയഭാഷണമാണ്. ദൈവവും മനുഷ്യനും തമ്മില്‍ ഹൃദയപൂര്‍വം പങ്കുവയ്ക്കുന്ന വിശുദ്ധമായ നിമിഷങ്ങള്‍.


മാര്‍ ജോസ് പുളിക്കല്‍
സഹായമെത്രാന്‍, കാഞ്ഞിരപ്പള്ളി രൂപത

Leave a Reply

Your email address will not be published. Required fields are marked *