ആത്മീയ പങ്കുവയ്ക്കലിനും വളര്‍ച്ചയ്ക്കും സഹായിക്കുന്ന ഒരു ഫേസ്ബുക്ക് ഗ്രൂപ്പില്‍ ഞാന്‍ അംഗമായി. ഞങ്ങള്‍ക്ക് ഇടയ്ക്കിടെ ഓരോ ചലഞ്ചുകള്‍ നല്കപ്പെടും. ഒരു ദിവസം കിട്ടിയ ചലഞ്ച് ‘പരിശുദ്ധാത്മാവേ എന്നില്‍ നിറയണമേ’ എന്ന് ആവര്‍ത്തിച്ച് പ്രാര്‍ത്ഥിക്കുക എന്നതായിരുന്നു. ഏറ്റവും കുറഞ്ഞത് പത്ത് തവണ. കൂടുതല്‍ എത്ര വേണമെങ്കിലും പ്രാര്‍ത്ഥിക്കാം.
സിസ്റ്റേഴ്‌സിന്റെ കൂടെയായിരുന്നു അന്നത്തെ ദിവസം ഞാന്‍ ചെലവഴിച്ചത്. അവരോടൊപ്പം ജപമാല കോര്‍ത്തുകെട്ടുന്ന സമയത്ത് ഈ ചലഞ്ചിനെക്കുറിച്ച് അവരോടും പറഞ്ഞു. ഞങ്ങള്‍ എല്ലാവരും ‘പരിശുദ്ധാത്മാവേ എന്നില്‍ നിറയണമേ’ എന്ന് പ്രാര്‍ത്ഥിക്കാനും തുടങ്ങി. ഏതാണ്ട് 25,000 തവണ ഞങ്ങള്‍ ഇത് ചൊല്ലി.
അന്നത്തെ ദിവസം ഉള്ളില്‍ ഒരു ആനന്ദം നിറയുന്നതുപോലെ ഒരു അനുഭവമാണ് എനിക്കുണ്ടായത്. കൂട്ടത്തില്‍ ഏറ്റവും പ്രായമുള്ള സിസ്റ്റര്‍ തന്റെ ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് സന്തോഷത്തോടെ പറയുന്നതും കണ്ടു. എന്നാല്‍ മറ്റൊരു യുവസിസ്റ്ററിന്റെ അനുഭവമായിരുന്നു ഏറ്റവും ശ്രദ്ധേയം.
സിസ്റ്റര്‍ മിഷന്‍ സേവനത്തിനായി പോയെങ്കിലും മടുത്തിട്ട് തിരികെ പോരാന്‍ തീരുമാനിച്ച് വന്നതാണ്. എന്നാല്‍ ഈ ചലഞ്ച് ഏറ്റെടുത്ത് പ്രാര്‍ത്ഥിച്ചതിനുശേഷം സിസ്റ്ററിന് മിഷന് പോവാന്‍ വലിയ തീക്ഷ്ണത. ഇതുവരെ സ്‌നേഹിച്ചതിലും ഇരട്ടിയായി ഈശോയെ സ്‌നേഹിച്ച് മിഷന് പോകും എന്ന ശക്തമായ തീരുമാനം സിസ്റ്റര്‍ എടുത്തു. ഈ മാറ്റം സിസ്റ്ററിനെയും ഞങ്ങളെയും സന്തോഷഭരിതരാക്കി. പരിശുദ്ധാത്മാവേ, നന്ദി!
റോസ്‌മേരി ബിനോയ്, പഴയന്നൂര്‍, തൃശൂര്‍