ലിസ്യൂവിലെ തെരേസ എന്ന വിശുദ്ധ കൊച്ചുത്രേസ്യ തന്റെ റോമായാത്രയെക്കുറിച്ച് ആത്മകഥയായ നവമാലികയില്‍ എഴുതുന്നുണ്ട്. ആ യാത്രയ്ക്കിടയിലെ മനോഹരമായ രംഗമാണ് കൊച്ചുത്രേസ്യ റോമന്‍ കൊളോസിയം സന്ദര്‍ശിക്കുന്നത്. യേശുവിനുവേണ്ടി അനേകം വേദസാക്ഷികള്‍ രക്തം ചിന്തിയ അവിടത്തെ മണ്ണ് ചുംബിക്കാന്‍ അവള്‍ ആഗ്രഹിച്ചു. പക്ഷേ അവിടേക്ക് ഇറങ്ങിച്ചെല്ലുക ദുഷ്‌കരമായിരുന്നു.
എന്നാല്‍ തിരുക്കല്ലറയുടെ ഉള്ളിലേക്ക് കുനിഞ്ഞുനോക്കിയ മറിയം മഗ്ദലേനയെപ്പോലെ കൊച്ചുത്രേസ്യയും അവിടെ കുനിഞ്ഞ് നോക്കിനിന്നു.
ഒടുവില്‍ അവിടേക്ക് ഇറങ്ങാന്‍ ഒരു വഴി കണ്ടെത്തി. തന്റെ ചേച്ചി സെലിനെയും കൂട്ടി അവള്‍ ദുഷ്‌കരമായ ആ വഴിയിലൂടെ ഊര്‍ന്നിറങ്ങി. കുരിശടയാളമുള്ള ചെറിയ തളക്കല്ല് കാണുന്ന സ്ഥലത്താണ് വേദസാക്ഷികള്‍ പീഡിതരായതെന്ന് അവരുടെ ഗൈഡ് പറഞ്ഞിരുന്നു. അതനുസരിച്ച് സെലിന്‍ചേച്ചി അത് തേടി കണ്ടെത്തി. പരിപാവനമായ ആ സ്ഥലത്ത് അവര്‍ ഇരുവരും മുട്ടുകുത്തി.
തുടര്‍ന്ന് കൊച്ചുത്രേസ്യ ഇപ്രകാരം കുറിക്കുന്നു, ”ഞങ്ങളുടെ ആത്മാക്കള്‍ ഒരേ പ്രാര്‍ത്ഥനയില്‍ ലയിച്ചു. ആദിമക്രൈസ്തവരുടെ ചോര വീണ് ചുവന്ന ആ പൂഴിയിലേക്ക് ചുണ്ടുകള്‍ അടുക്കവേ എന്റെ ഹൃദയം ശക്തിയായി തുടിച്ചു. അപ്പോള്‍ യേശുവിനായി വേദസാക്ഷിണിയാകാനുള്ള വരം ഞാന്‍ അപേക്ഷിച്ചു. എന്റെ അപേക്ഷ കേട്ടു എന്നൊരുറപ്പ് ഹൃദയത്തിന്റെ അഗാധത്തില്‍ എനിക്ക് അനുഭവപ്പെട്ടു. സ്മാരകമായി കുറച്ച് കല്ലുകഷ്ണങ്ങള്‍ എടുത്ത് അവിടെനിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്ന ഞങ്ങളുടെ ഉന്‍മേഷം കണ്ടതിനാല്‍ അപ്പന്‍ ഞങ്ങളെ ശകാരിച്ചില്ല. നല്ല ദൈവം ഞങ്ങളെ സംരക്ഷിക്കുന്നുണ്ടായിരുന്നു.”
മറ്റ് തീര്‍ത്ഥകര്‍ ഇവരുടെ അസാന്നിധ്യം അറിഞ്ഞതുപോലുമില്ല. അവര്‍ കൗതുകകരമായ കാഴ്ചകള്‍ കണ്ട് നീങ്ങുകയായിരുന്നുവെന്നും അതിനാല്‍ തങ്ങളുടെ ഹൃദയത്തില്‍ നിറഞ്ഞ ആനന്ദം ഗ്രഹിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല എന്നും വിശുദ്ധ കുറിക്കുന്നു. തീര്‍ത്ഥാടനങ്ങളില്‍ നമുക്ക് വിശുദ്ധ കൊച്ചുത്രേസ്യയെ മാതൃകയാക്കാം.