കള്ളന്‍മാരെക്കുറിച്ചുള്ള സത്യം എന്താണ്?

 

യേശുവിന്റെ ഇരുവശത്തുമായി രണ്ടുപേര്‍ ക്രൂശിക്കപ്പെട്ടതായി നാല് സുവിശേഷങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ മത്തായി, വിശുദ്ധ മര്‍ക്കോസ് എന്നീ സുവിശേഷകര്‍ ഇരുവശത്തും ക്രൂശിക്കപ്പെട്ട രണ്ടുപേരും യേശുവിനെ പരിഹസിച്ചു എന്ന് സൂചിപ്പിക്കുന്നു. എന്നാല്‍ വിശുദ്ധ ലൂക്കാ അതില്‍ ഒരാള്‍മാത്രം യേശുവിനെ ദുഷിച്ചു എന്നും അവിടുത്തെ കരുണ യാചിച്ചു എന്നും എഴുതുന്നു. ഈ വിവരണത്തില്‍ വസ്തുതാപരമായി മാറ്റം വരുന്നത് തെറ്റല്ലേ?

പി.ജെ. പയസ്, പൂക്കാട്ട്, മൂവാറ്റുപുഴ

വിശുദ്ധ മത്തായി 27:38, വിശുദ്ധ മര്‍ക്കോസ് 15:27-28, വിശുദ്ധ ലൂക്കാ 23:32-33, വിശുദ്ധ യോഹന്നാന്‍ 19:18 എന്നിവയാണ് യേശുവിന്റെ ഇടത്തും വലത്തുമായി രണ്ട് മനുഷ്യരെ കുരിശില്‍ തറച്ചു എന്ന് പറയുന്ന വചനഭാഗങ്ങള്‍. ഈ വചനങ്ങളില്‍നിന്നും ചില കാര്യങ്ങള്‍ വ്യക്തമാണ്. യേശുവിന് ഇരുവശത്തുമായി രണ്ടുപേരെക്കൂടി കുരിശില്‍ തറച്ചു. വിശുദ്ധ മത്തായി, വിശുദ്ധ മര്‍ക്കോസ് എന്നിവര്‍ എഴുതിയിരിക്കുന്നത് അവര്‍ രണ്ടുപേരും കവര്‍ച്ചക്കാര്‍ ആയിരുന്നു എന്നാണ്. വിശുദ്ധ ലൂക്കാ എഴുതിയിരിക്കുന്നത് രണ്ട് കുറ്റവാളികള്‍ എന്നാണ്.

വിശുദ്ധ യോഹന്നാന്‍ എഴുതിയിരിക്കുന്നത് രണ്ടുപേരെ എന്നുമാത്രമാണ്. കവര്‍ച്ചക്കാര്‍ കുറ്റവാളികള്‍ ആണല്ലോ. അതിനാല്‍ ആദ്യ മൂന്ന് സുവിശേഷകന്മാര്‍ എഴുതിയിരിക്കുന്നതില്‍ വൈരുദ്ധ്യം ഒന്നും ഇല്ല. എന്നാല്‍, ആ കുറ്റവാളികളുടെ കുറ്റം എന്തായിരുന്നു (കവര്‍ച്ച) എന്ന് ആദ്യ രണ്ട് സുവിശേഷകരും വ്യക്തമാക്കുന്നുണ്ട്. വിശുദ്ധ യോഹന്നാന്‍ ആകട്ടെ അവര്‍ കവര്‍ച്ചക്കാര്‍ ആണെന്നോ കുറ്റവാളികള്‍ ആണെന്നോ ഒന്നും പറയുന്നില്ല.

സുവിശേഷങ്ങള്‍ വായിക്കുമ്പോള്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്ന വചനങ്ങള്‍ ഇനിയാണ് വരുന്നത്. മത്തായി, മര്‍ക്കോസ് എന്നിവര്‍ എഴുതിയതില്‍നിന്നും വ്യത്യസ്തമായ ഒരു കാര്യമാണ് ലൂക്കാ എഴുതിയിരിക്കുന്നത്. യോഹന്നാന്‍ അതിനെപ്പറ്റി ഒന്നും എഴുതിയിട്ടുമില്ല. ഇനി മത്തായി, മര്‍ക്കോസ്, ലൂക്കാ എന്നിവര്‍ എഴുതിയിരിക്കുന്ന ഭാഗങ്ങള്‍ വായിക്കുക:
വിശുദ്ധ മത്തായി 27:44 – യേശുവിനോടൊപ്പം ക്രൂശിക്കപ്പെട്ട കവര്‍ച്ചക്കാരും യേശുവിനെ പരിഹസിച്ചു. വിശുദ്ധ മര്‍ക്കോസ് 15:32 – യേശുവിനോടൊപ്പം ക്രൂശിക്കപ്പെട്ടവരും യേശുവിനെ പരിഹസിച്ചു. വിശുദ്ധ ലൂക്കാ 23:39-43 – ”കുരിശില്‍ തൂക്കപ്പെട്ടിരുന്ന കുറ്റവാളികളില്‍ ഒരുവന്‍ അവനെ ദുഷിച്ചു പറഞ്ഞു: നീ ക്രിസ്തുവല്ലേ? നിന്നെയും ഞങ്ങളെയും രക്ഷിക്കുക.

അപരന്‍ അവനെ ശകാരിച്ച് പറഞ്ഞു: നീ ദൈവത്തെ ഭയപ്പെടുന്നില്ലേ? നീയും അതേ ശിക്ഷാവിധിയില്‍ത്തന്നെയാണല്ലോ. നമ്മുടെ ശിക്ഷാവിധി ന്യായമാണ്. നമ്മുടെ പ്രവൃത്തികള്‍ക്ക് തക്ക പ്രതിഫലം നമുക്ക് ലഭിച്ചിരിക്കുന്നു. ഇവന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. അവന്‍ തുടര്‍ന്നു: യേശുവേ, നീ നിന്റെ രാജ്യത്ത് പ്രവേശിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണമേ. യേശു അവനോട് അരുളിചെയ്തു: സത്യമായി ഞാന്‍ നിന്നോട് പറയുന്നു, നീ ഇന്ന് എന്നോടുകൂടി പറുദീസയില്‍ ആയിരിക്കും.” നല്ല കള്ളന്റെ പേര് ദീസ്മാസ് എന്നും മറ്റേ കള്ളന്റെ പേര് ജെസ്റ്റാസ് എന്നും കരുതപ്പെടുന്നു.

കുരിശില്‍ തറയ്ക്കപ്പെട്ട രണ്ടുപേരുടെ പ്രതികരണങ്ങളെപ്പറ്റി വിശുദ്ധ യോഹന്നാന്‍ ഒന്നും എഴുതിയിട്ടില്ല. ഗാഗുല്‍ത്തായില്‍ മറിയത്തോടൊപ്പം അവിടെ സന്നിഹിതനായിരുന്ന വ്യക്തിയാണ് യോഹന്നാന്‍. അവിടെ എന്താണ് സംഭവിച്ചത് എന്ന് യോഹന്നാന്‍ നേരിട്ട് കണ്ടതാണ്. പക്ഷേ, അദ്ദേഹം അതേപ്പറ്റി ഒന്നും എഴുതിയില്ല. മറ്റ് മൂന്ന് സുവിശേഷകരും അവിടെ ഈ മനുഷ്യര്‍ ചെയ്ത കാര്യം എഴുതിയിട്ടുണ്ട്. എന്നാല്‍ അതിന്റെ വിശദാംശങ്ങള്‍ എഴുതിയിരിക്കുന്നത് വിശുദ്ധ ലൂക്കായാണ്.

ഇനി പ്രസക്തമായ ചോദ്യത്തിലേക്ക് വരാം. മത്തായി, മര്‍ക്കോസ് എന്നിവരുടെ സുവിശേഷങ്ങള്‍ അനുസരിച്ച് രണ്ടുപേരും യേശുവിനെ ദുഷിച്ചു. എന്നാല്‍ ലൂക്കായുടെ സുവിശേഷം അനുസരിച്ച് ഒരാള്‍ മാത്രമേ യേശുവിനെ ദുഷിച്ചുള്ളൂ; അപരന്‍ ദുഷിച്ചവനെ ശാസിക്കുകയും തിരുത്തുകയും യേശുവിന്റെ കരുണയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുകയാണ്. എന്താണ് ഈ വൈരുദ്ധ്യത്തിന് കാരണം?

ഇതിനെപ്പറ്റി പഠിച്ച പണ്ഡിതന്മാര്‍ രണ്ട് വിശദീകരണങ്ങളാണ് നല്‍കുന്നത്. ഒന്നാമത്തെ വിശദീകരണം ഇതാണ്: കുരിശില്‍ തറയ്ക്കപ്പെട്ട രണ്ടുപേരും ആദ്യം യേശുവിനെ ദുഷിച്ചിരിക്കാം. എന്നാല്‍ കുരിശില്‍ കിടന്നുകൊണ്ട് യേശു, തന്നെ കുരിശില്‍ തറച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ട്: പിതാവേ, അവരോട് ക്ഷമിക്കണമേ; അവര്‍ ചെയ്യുന്നത് എന്തെന്ന് അവര്‍ അറിയുന്നില്ല. യേശുവിന്റെ ശാന്തതയും ക്ഷമയും കുരിശില്‍ തറയ്ക്കപ്പെട്ടവരില്‍ ഒരാളെ മാനസാന്തരത്തിലേക്കും വിശ്വാസത്തിലേക്കും നയിച്ചിട്ടുണ്ടാകും.

അതിനാല്‍ അദ്ദേഹം സ്വയം തിരുത്തി പശ്ചാത്തപിച്ചു. യേശുവില്‍ രക്ഷകനെ കണ്ടു. രക്ഷയ്ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. മത്തായി, മര്‍ക്കോസ് എന്നിവര്‍ ഈ സംഭവങ്ങളുടെ ഒന്നാം ഭാഗം മാത്രം (ദുഷിച്ച കാര്യം) എഴുതി. ലൂക്കാ ഇതിന്റെ രണ്ടാം ഭാഗവും (പശ്ചാത്തപിച്ച് കരുണയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത്) എഴുതി. സുവിശേഷകന്മാരുടെ ലക്ഷ്യം ഈ കവര്‍ച്ചക്കാരുടെ വിവരങ്ങള്‍ എഴുതുകയല്ലായിരുന്നു. അതിനാല്‍ ലൂക്കാ ഒഴികെയുള്ളവര്‍ അതിന്റെ വിശദാംശങ്ങളിലേക്ക് കടന്നില്ല.

രണ്ടാമത്തെ ഉത്തരം ഇതാണ്: വ്യാകരണത്തില്‍ പറയുന്ന Synecdoche എന്ന രീതി ഉപയോഗിച്ചിരിക്കാം. ഒരു കാര്യത്തെ മൊത്തത്തില്‍ പറയാന്‍ അതിന്റെ ഏതെങ്കിലും ഭാഗത്തെക്കുറിച്ച് പറയുക; അല്ലെങ്കില്‍ ഒരു ഭാഗത്തെക്കുറിച്ച് പറയാന്‍ മൊത്തത്തില്‍ പറയുക. ഉദാഹരണത്തിന്, ഇന്ത്യ ക്രിക്കറ്റില്‍ ജയിച്ചു. ഇവിടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം എന്നതിനുപകരം ഇന്ത്യ ജയിച്ചു എന്ന് പറയുന്നു. ഇതുപോലെ, ഒരാളെ ഉദ്ദേശിച്ച്, രണ്ടുപേരും എന്ന് എഴുതിയതാകാം. ഈ രണ്ട് ഉത്തരങ്ങളില്‍ ഒന്നാമത്തേതാണ് നമുക്ക് കൂടുതല്‍ സ്വീകാര്യമായി തോന്നുന്നത്.


ഫാ. ജോസഫ് വയലില്‍ സി.എം.ഐ

Leave a Reply

Your email address will not be published. Required fields are marked *